ന്യുദല്‍ഹി- ദല്‍ഹിയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എഎപി-കോണ്‍ഗ്രസ് സഖ്യം തീരുമാനമായതായിരുന്നെന്നും എന്നാല്‍ അവസാനം ഉടക്കിയത് എഎപി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളാണമെന്നും കോണ്‍ഗ്രസ്. ദല്‍ഹിയിലെ ഏഴു സീറ്റില്‍ നാലിടത്ത് എഎപി, മൂന്നടത്ത് കോണ്‍ഗ്രസ് എന്ന ധാരണയിലെത്തിയതായിരുന്നു. എന്നാല്‍ ദല്‍ഹിക്കു പുറമെ ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്ന് കേജ്‌രിവാള്‍ നിര്‍ബന്ധം പിടിച്ചതാണ് സഖ്യം യാഥാര്‍ത്ഥ്യമാകുന്നതിന് തടസ്സമായതെന്ന് കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. കോണ്‍ഗ്രസിനും എഎപിക്കും കൈകോര്‍ക്കാവുന്ന ഇടം ദല്‍ഹിയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ സഖ്യം വേണമെന്ന് ആവശ്യ പ്രായോഗികമല്ല, നടക്കുകയുമില്ല. വേണമെങ്കില്‍ ഇപ്പോഴും എഎപിയുമായി സഖ്യത്തിന് ഞങ്ങള്‍ തയാറാണ്-ചാക്കോ പറഞ്ഞു. രണ്ടു ദിവസത്തിനകം കോണ്‍ഗ്രസിന്റെ ദല്‍ഹിയിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയില്‍ ജനനായ്ക ജനതാ പാര്‍ട്ടി (ജെ.ജെ.പി)യുമായി സഖ്യമുണ്ടാക്കിയെന്ന് എഎപി നേതാവ് ഗോപാല്‍ റായ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസിന്റ പ്രതികരണം. ഹരിയാനയില്‍ ജെ.ജെ.പി ഏഴു സീറ്റിലും എഎപി മൂന്നു സീറ്റിലും മത്സരിക്കുമെന്ന് റായ് പറഞ്ഞു.
ഹരിയാനയില്‍ സഖ്യമുണ്ടാക്കുകയാണെങ്കില്‍ ദല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഗുഡ്ഗാവ്, ഫരീദാബാദ്, കര്‍ണല്‍ സീറ്റുകള്‍ ലഭിക്കണമെന്ന് എഎപി ആവശ്യപ്പെട്ടിരുന്നു. ദല്‍ഹിയിലെ ജയം ഉറപ്പുള്ള മൂന്ന് സീറ്റുകള്‍ നല്‍കുന്നതിനു പകരമായാണ് എഎപി ഈ സീറ്റുകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പ്രാദേശിക പാര്‍ട്ടിയായ ജെജപിയുമായി എഎപി സഖ്യമുണ്ടാക്കിയത്.