റിയാദ് - ടിക്കറ്റ് ഇഷ്യൂ ചെയ്ത ശേഷം ഭിന്നശേഷിക്കാർക്ക് സീറ്റുകൾ നിഷേധിക്കാൻ വിമാന കമ്പനികൾക്ക് അവകാശമില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. അനുയോജ്യമായ മറ്റൊരു സർവീസിൽ സീറ്റ് ലഭ്യമാക്കാതിരിക്കുകയോ ഉപഭോക്തൃ സംരക്ഷണ നിയമാവലി അനുസരിച്ച സേവനങ്ങൾ ഭിന്നശേഷിക്കാർക്ക് ലഭ്യമാക്കാതിരിക്കുകയോ ചെയ്താൽ ടിക്കറ്റ് നിരക്കിന്റെ ഇരട്ടി തുക നഷ്ടപരിഹാരമായി നൽകുന്നതിന് വിമാന കമ്പനികൾ ബാധ്യസ്ഥമാണ്. ഇതിന് കൺഫേം നടപടികൾ പൂർത്തിയാക്കുന്നതിനു മുമ്പായി തങ്ങൾക്ക് ആവശ്യമായ പ്രത്യേക സൗകര്യങ്ങളെ കുറിച്ച് ഭിന്നശേഷിക്കാർ വെളിപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
പ്രത്യേക ഉപകരണങ്ങളോ സേവനങ്ങളോ ആവശ്യമുള്ള ഭിന്നശേഷിക്കാർ യാത്രയുടെ 48 മണിക്കൂർ മുമ്പ് വിമാന കമ്പനിയെ അക്കാര്യം അറിയിച്ചിരിക്കണം. വീൽചെയറുകൾ അടക്കം ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ലഗേജ് പരിധിയിൽ ഉൾപ്പെടുത്തുന്നതിന് പാടില്ല. ഇത്തരം ഉപകരണങ്ങൾ വിമാനങ്ങളിൽ യാത്രക്കാർക്കൊപ്പം കയറ്റുന്നതിന് സാധിക്കാത്ത പക്ഷം അവ ലഗേജ് ഹോൾഡറിലേക്ക് മാറ്റണം. ഇതിന് അധിക നിരക്കുകളൊന്നും ഈടാക്കാൻ പാടില്ല. സ്വീകരിച്ച അതേ അവസ്ഥയിൽ ഉപകരണങ്ങൾ വിമാന കമ്പനികൾ യാത്ര പൂർത്തിയായ ശേഷം ഭിന്നശേഷിക്കാർക്ക് കൈമാറിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
വീൽചെയർ അടക്കമുള്ള സേവനങ്ങൾ ഭിന്നശേഷിക്കാർക്ക് പ്രത്യേക ഫീസില്ലാതെ ലഭ്യമാക്കുന്നതിന് വിമാന കമ്പനികൾ ശ്രദ്ധിക്കണം. എയർപോർട്ടുകളിൽ ഭിന്നശേഷിക്കാരെ സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടറുകളും സജ്ജീകരിക്കണം. വിമാനങ്ങളിൽ കയറുന്നതിനും ഇറങ്ങുന്നതിനും ഭിന്നശേഷിക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തുകയും വേണം. ഭിന്നശേഷിക്കാരുടെ യാത്രാ നടപടികൾ എളുപ്പമാക്കുന്നതിനും അവർ നേരിടുന്ന പ്രതിബന്ധങ്ങൾ ഇല്ലാതാക്കുന്നതിനും യാത്രക്കിടെ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിനുമാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു.