ന്യൂദല്‍ഹി- ദല്‍ഹിയോട് ചേര്‍ന്നു കിടക്കുന്ന ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പോളിംഗ് ബൂത്തിന് സമീപം നമോ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത് വിവാദമായി. നോയിഡയ്ക്കടുത്ത ഗൗതം ബുദ്ധ നഗറിലെ പോളിംഗ് ബൂത്തിലാണ് പോലീസുകാര്‍ക്ക് ഉള്‍പ്പെടെ നമോ എന്നെഴുതിയ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് വിശദീകരണം തേടിയ യു.പി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ പെരുമാറ്റ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ഗൗതം ബുദ്ധ നഗര്‍ എസ്.എസ്.പി വിതരണം ചെയ്യപ്പെട്ട ഭക്ഷണപ്പൊതികള്‍ക്ക് ബി.ജെ.പിയുമായി ബന്ധമില്ലെന്നാണ് പറഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി ഭക്ഷണ വിതരണം നടക്കുന്നു എന്ന തരത്തിലുണ്ടായ പ്രചാരണം തെറ്റാണ്. നമോ ഷോപ്പില്‍നിന്നുള്ള ഭക്ഷണമാണ് വിതരണം ചെയ്തത്. എന്നാല്‍ ചില ആളുകള്‍ ഇക്കാര്യത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു എന്നും എസ്.എസ്.പി വൈഭവ് കൃഷ്ണ പറഞ്ഞു.
നോയിഡ പോലീസ് ഓര്‍ഡര്‍ ചെയ്ത 750 ഭക്ഷണ പാക്കറ്റുകളാണ് സ്ഥലത്തെത്തിച്ചത് എന്നും ഇതിന് പിന്നില്‍ രാഷ്ട്രീയമൊന്നും ഇല്ലെന്നുമാണ് നമോ ഫുഡ്‌സിന്റെ മാനേജര്‍ പറഞ്ഞത്. നോയിഡയില്‍ തങ്ങള്‍ക്ക് നമോ എന്ന പേരില്‍ നിരവധി സ്ഥാപനങ്ങള്‍ ഉണ്ടെന്നും മാനേജര്‍ സുനില്‍ ആനന്ദ് പറഞ്ഞു.