പത്തനംതിട്ട- പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് അടൂരില്‍ നിന്നും കാറില്‍ പെണ്‍ സുഹൃത്തിനേയും കൂട്ടി തട്ടിക്കൊണ്ടുപോയി എറണാകുളത്തുള്ള ഹൈവേ ഇന്‍ ലോഡ്ജില്‍ വെച്ച് ബലാല്‍സംഗത്തിനിരയാക്കിയ കേസിലെ പ്രതികളായ വീയപുരം പണ്ടാരത്തില്‍ വൈശാഖ് എന്ന് വിളിക്കുന്ന അഭിജിത്തിനേയും പെണ്‍സുഹൃത്ത് മാവേലിക്കര ചെറുകോല്‍ കണത്തില്‍ വീട്ടില്‍ സൗമ്യ ഓമനക്കുട്ടനേയും പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ജോണ്‍ കെ.ഇല്ലിക്കാടന്‍ 21 വര്‍ഷം തടവിന് ശിക്ഷിച്ചു.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഒന്നാം പ്രതി അഭിജിത്തിനെ ഇന്ത്യന്‍ ശിക്ഷാ നിയമം 376-ാം വകുപ്പുപ്രകാരം ബലാത്സംഗത്തിന് എട്ടു വര്‍ഷവും പതിനായിരം രൂപ പിഴയും, തട്ടിക്കൊണ്ടു പോയതിന് ആറുവര്‍ഷവും അയ്യായിരം രൂപ പിഴയും പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമ പ്രകാരം ഏഴു വര്‍ഷം തടവു ശിക്ഷയുമാണ് വിധിച്ചത്. രണ്ടാം പ്രതി പെണ്‍സുഹൃത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം 366-ാം വകുപ്പു പ്രകാരം തട്ടിക്കൊണ്ടു പോകുന്നതിന് കൂട്ടുനിന്ന കുറ്റത്തിന് മൂന്നു ര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
2009 ഒക്‌ടോബര്‍ 19 നാണ് കേസിനാസ്പദമായ സംഭവം. പഠിക്കാന്‍ മിടുക്കിയായ പെണ്‍കുട്ടി 12-ാം ക്ലാസില്‍ അടൂരില്‍ പഠിക്കുന്ന അവസരത്തിലാണ് ഒന്നാം പ്രതി അഭിജിത്ത് പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് രണ്ടാം പ്രതിയായ പെണ്‍സുഹൃത്തിനേയും കൂട്ടി ഒരു സ്‌കോര്‍പിയോ കാറില്‍ എറണാകുളത്തേക്ക് തട്ടിക്കൊണ്ടു പോവുകയായിരുന്നു. പോകുന്ന വഴിയില്‍ പോപ്പുലര്‍ ഫൈനാന്‍സിന്റെ തിരുവല്ല മുത്തൂര്‍ ശാഖയില്‍ പെണ്‍കുട്ടിയേയും കൂട്ടി ഒന്നാംപ്രതി പോയി പെണ്‍കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി പതിനായിരം രൂപ കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് എറണാകുളത്ത് ഹൈവേ ഇന്‍ ലോഡ്ജില്‍ മുറിയെടുത്ത് മൂന്നുപേരും കൂടി താമസിക്കുകയും ഒന്നാം പ്രതി അഭിജിത്ത് രാത്രിയില്‍ പെണ്‍സുഹൃത്തിനെ മുറിക്ക് വെളിയില്‍ ഇറക്കിനിര്‍ത്തിയ ശേഷം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും രണ്ടു ദിവസം ലോഡ്ജില്‍ പെണ്‍കുട്ടിയെ താമസിപ്പിച്ചിട്ട് മൂന്നാം ദിവസം പെണ്‍കുട്ടിക്ക് വണ്ടിക്കൂലിയായി അഞ്ഞൂറ് രൂപ കൊടുത്ത് തിരികെ വീട്ടിലേക്ക് അയക്കുകയുമായിരുന്നു.
കോട്ടയം ബസ് സ്റ്റാന്‍ഡില്‍ എത്തിയ കുട്ടി വീട്ടില്‍ വിളിച്ച് വിവരം പറഞ്ഞതിനെത്തടുര്‍ന്ന് പിതാവും അടൂര്‍ പോലീസും കൂടി കോട്ടയത്ത് എത്തി പെണ്‍കുട്ടിയെ അടൂര്‍ സ്‌റ്റേഷനില്‍ എത്തിച്ചു. അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടൂര്‍ ഡിവൈ.എസ്.പിയായിരുന്ന വി.അജിത്താണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ബലാത്സംഗ കേസില്‍ പ്രധാന സാക്ഷിയായ ഇര കൂറുമാറിയിട്ടും പ്രതികള്‍ ശിക്ഷിക്കപ്പെട്ട അപൂര്‍വം കേസുകളില്‍ ഒന്നാണിത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.സി.ഈപ്പന്‍ ഹാജരായി.






