തലശ്ശേരി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മധുര, അജ്മീര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയായ അയല്‍വാസിയെ പത്ത് വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് പി.എന്‍ വിനോദ് ശിക്ഷിച്ചു.
പാലക്കാട് കല്ലേക്കോട് പാളയത്തെ സമീര്‍ ഹുസൈനെ(44)യാണ് കോടതി ശിക്ഷിച്ചത്. കേസില്‍ പ്രതിയായിരുന്ന ഇയാളുടെ ഭാര്യ മെഹര്‍ബാനെ കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പ്രതി പിഴയടക്കുകയാണെങ്കില്‍ പിഴ സംഖ്യ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണം.
2008 ഓഗസ്റ്റ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. തലശ്ശേരി കോടിയേരി മൂഴിക്കരയിലെ വീട്ടില്‍ പ്രതികളായിരുന്ന ദമ്പതികള്‍ താമസിച്ച് വരവെ അയല്‍വാസിയായ പെണ്‍കുട്ടിയെ വശീകരിച്ച് കൊണ്ടുപോകുകയായിരുന്നു. മധുര, അജ്മീര്‍, ഏര്‍വാടി എന്നിവിടങ്ങളിലെത്തിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ.ബീന കാളിയത്താണ് ഹാജരായത.്






