രണ്ട് വിജയത്തിനു ശേഷം എം.കെ.ആർ മൂന്നാം വിജയം പ്രതീക്ഷിച്ചാണ് ഗോദയിലിറങ്ങിയതെങ്കിലും ഇടക്കുണ്ടായ പല സംഭവങ്ങളും മത്സരത്തെ കൂടുതൽ വാശിയേറിയതാക്കി മാറ്റിയിരിക്കുകയാണ്. എങ്കിലും കണ്ണൂരിലെ പയ്യന്നൂരിൽ നിന്ന് സാമൂതിരിയുടെ തട്ടകത്തിലെത്തിയ എം.കെ.ആറിനെ കുലുക്കുവാൻ വിവാദങ്ങൾക്കൊന്നും സാധിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ശക്തമായ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ താൻ നടത്തിയ വികസന പ്രവർത്തനങ്ങളെ മുൻനിർത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഗോദയിലേക്ക് വരുവാനാണ് അദ്ദേഹം ഇടതുമുന്നണിയെ വെല്ലുവിളിക്കുന്നത്. ഇപ്രാവശ്യത്തെ മത്സരത്തെക്കുറിച്ചും മറ്റും അദ്ദേഹം മനസ്സ് തുറക്കുന്നു.
പ്രധാന പ്രചാരണ വിഷയമെന്താണ്?
നിലവിലുള്ള എം.പി എന്ന നിലക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടായി മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമാകുക. ജാതിയുടെയും മതത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ വരെ രാജ്യത്തെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ, രാജ്യത്ത് ഒരു മതേര സർക്കാർ ഉണ്ടാക്കുക എന്ന കോൺഗ്രസിന്റെ മുദ്രാവാക്യവും ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായിരിക്കും.
യു.ഡി.എഫിന്റെ വികസന നേട്ടങ്ങൾ എന്തെല്ലാമാണ്?
മണ്ഡലത്തിലെ വികസനത്തെക്കുറിച്ച് പറയുകയാണെങ്കിൽ അനേകം അനേകം കാര്യങ്ങൾ എണ്ണിപ്പറയാനുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് കൊണ്ടുവരാൻ 1823 കോടിയുടെ പദ്ധതിയാണ് കൊണ്ടുവന്നത്. എല്ലാ പ്ലാറ്റ്‌ഫോമുകളിലും ലിഫ്റ്റുകളുള്ള ദക്ഷിണേന്ത്യയിലെ ഏക റെയിൽവേ സ്റ്റേഷൻ കോഴിക്കോടാണ്. 30 കോടി രൂപ ചെലവിൽ ഇംഹാൻസ് നവീകരണം, സി.ജി.എച്ച്.എസ് വെൽനെസ് കേന്ദ്രം കൊണ്ടുവരൽ, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 44.50 കോടി രൂപ ചെലവിൽ ടെർഷ്യറി കാൻസർ സെന്റർ സ്ഥാപിക്കൽ, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ സി.ആർ.സി (19.84) സ്ഥാപിച്ചത് ഇങ്ങനെ അനേകമനേകം പദ്ധതികൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.
കാര്യമായ വികസനമില്ലാത്ത വൻ കേന്ദ്രീകൃത പദ്ധതികളൊന്നുമില്ലാത്ത പത്തു വർഷമാണ് താങ്കൾ എം.പിയായപ്പോൾ ഉണ്ടായത് എന്നാണ് എൽ.ഡി.എഫിന്റെ ആരോപണം
ഞാൻ ചെയ്ത കാര്യങ്ങൾ കോഴിക്കോട്ടെ ജനങ്ങളുടെ മുന്നിലുണ്ട്. എൽ.ഡി.എഫിന് എന്തും പറയാം. ഞാനതൊന്നും ശ്രദ്ധിക്കാറില്ല. ഇവിടുത്തെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് എല്ലാ മാധ്യമങ്ങളും എഴുതിയതാണ്. അതു തന്നെയാണ് അവരുടെ ആരോപണങ്ങളെക്കുറിച്ചുള്ള മറുപടിയും. ഓരോ പദ്ധതിയുടെയും ഉദ്ഘാടന, സമാപന ചടങ്ങുകളിൽ പങ്കെടുത്തവരാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇല്ലാത്ത ആരോപണങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്.
താങ്കൾക്ക് നേരെ വികസനത്തെക്കുറിച്ചായാലും മറ്റു നിലക്കും ധാരാളം ആരോപണങ്ങൾ കൂടി ഉയർന്നു വന്ന തെരഞ്ഞെടുപ്പു കാലമാണിത്?
ഞാൻ ചെയ്തതും നടപ്പിലാക്കിയതുമായ കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്കറിയാം. അതുകൊണ്ടു തന്നെ ആരോപണങ്ങളോട് പ്രതികരിച്ച് സമയം കളയുവാൻ ഞാൻ നിൽക്കുന്നില്ല
സിറ്റിംഗ് എം.എൽ.എയെ തന്നെയാണ് എൽ.ഡി.എഫ് ഇറക്കിയിരിക്കുന്നത്..
മെയ് 23 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നിങ്ങൾക്കിത് കൂടുതൽ വ്യക്തമാകും. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അദ്ദേഹം എം.എൽ.എയായും ഞാൻ എം.പിയായും തന്നെ തുടരുന്ന സ്ഥിതിയായിരിക്കും ഉണ്ടാവുക.






