Sorry, you need to enable JavaScript to visit this website.

കനയ്യകുമാറും വെമുലയും ഉമർ ഖാലിദും ചോദ്യമാകുന്ന തെരഞ്ഞെടുപ്പ്

കനയ്യ കുമാർ മത്സരിക്കുന്നത് ബിഹാറിലാണെങ്കിലും നവ മാധ്യമ പോര് കൂടുതലായി നടക്കുന്നത്  കേരളത്തിൽ.  ബിഹാറിലെ ബെഗുസാരെയിൽ ജെ.ഡി.യു, ബി.ജെ.പി കക്ഷികളെയാണ് കനയ്യ കുമാർ നേരിടുന്നത്.   ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റായിരുന്ന കനയ്യ കുമാർ സി.പി.ഐ ടിക്കറ്റിലാണ് മത്സരിക്കുന്നത്.  സി.പി.ഐ കുടുംബത്തിൽ നിന്നുള്ള പാർട്ടിക്കാരനാണ് കനയ്യ. മോഡി ഭരണ കാലത്ത് രാജ്യത്തെ സർവകലാശാലകളിൽ നടപ്പിലാക്കിയ തീവ്ര ദേശീയതയുടെ ഇര കൂടിയായിരുന്ന കനയ്യ നയിച്ച പോരാട്ടം അക്കാലത്ത് മാധ്യമങ്ങളിൽ കണ്ട് ആവേശം കൊണ്ടവരിൽ കൂടുതൽ കേരളീയരായിരിക്കും.  ആഡംബരമില്ലാത്ത സംഗീതോപകരണമുപയോഗിച്ച് കനയ്യയും സംഘവും കശ്മീർ പ്രക്ഷോഭകരുടെ മാതൃകയിൽ പാടിയ ആസാദി ഗാനം ഇപ്പോഴും തെരഞ്ഞെടുപ്പ് വേദികളിൽ പോലും ഹിറ്റാണ്. വിപ്ലവ ഗായിക മേദിനിയുടെ പാട്ട് പോലെ ആസാദി ഗാനവും ഇന്ന് ഇടതുപക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചേരുവയാകുന്നുണ്ട്. സി.പി.ഐ നേതാവ് കൂടിയായ സി. ദിവാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെടുത്തി നടക്കുന്ന തെരുവ് നാടക പരിപാടിയിൽ ആസാദി ഗാനം കേൾക്കാം.   ഷെഹ്‌ല റാഷിദ്, ഗുർമോഹർ കൗർ, ഉമർ ഖാലിദ് എന്നിവരടങ്ങുന്ന യുവ സംഘമായിരുന്നു അന്ന് ജെ.എൻ.യുവിനെയും  അതുവഴി ഇന്ത്യയെയും മറ്റൊരു വഴിക്ക് തിരിച്ചുവിട്ടത്. സാധ്യമാണ് എന്ന സന്ദേശം നൽകിയ കുട്ടികൾ.    ജെ.എൻ.യുവും മലയാളികളുടെ വലിയ സാന്നിധ്യമുള്ള ഇടമാണിപ്പോൾ. അവിടെ നടക്കുന്ന ഓരോ ചലനവും മലപ്പുറത്തെയും കോഴിക്കോട്ടെയും വീടകങ്ങളിലെത്താൻ  ചെറിയൊരു നമ്പർ ഡയലിംഗിന്റെ സെക്കന്റുകൾ മതിയിന്ന്.    കനയ്യ കുമാറും തെരഞ്ഞെടുപ്പാവേശമാകുന്ന ഈ  കാലത്ത് ഉമർ ഖാലിദെവിടെ  എന്ന ചോദ്യം വഴി ഒരുപക്ഷം കനയ്യ പോരിന്റെ തിളക്കം കെടുത്തുകയാണിപ്പോൾ.  
'ജെ.എൻ.യുവിൽ തന്നോടൊപ്പം രാജ്യദ്രോഹക്കുറ്റവും പോലീസ് പീഡനവും ഏറ്റുവാങ്ങേണ്ടി വന്ന ഉമർ ഖാലിദ് എന്ന ഇടത് വിദ്യാർഥി നേതാവിനെ നാമനിർദേശ പത്രികാ സമർപ്പണത്തിന് തനിക്കൊപ്പം വരാനുള്ളവരുടെ പട്ടികയിൽ നിന്ന് തള്ളിയ കനയ്യ കുമാർ താൻ കാപട്യത്തിന്റെ മൂർത്തീമദ്ഭാവമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു'  എന്ന എതിർ വാദവുമായണ് നല്ല മൂർച്ചയുള്ള വാക്കും വാചകങ്ങളുമായി ഒരു സംഘം കനയ്യയെ തുറന്നെതിർക്കുന്നത്. രോഹിത് വെമുലയുടെ ആത്മഹത്യയും അതോടനുബന്ധിച്ചു നടന്ന പ്രക്ഷോഭങ്ങളുമെല്ലാം ഈ ഘട്ടത്തിൽ പല രീതിയിൽ ഓർമിപ്പിക്കപ്പെടുന്നുണ്ട്. വെമുല പ്രക്ഷോഭവും കനയ്യയുടെ സമര നായകത്വവെല്ലാം  അപ്രതീക്ഷിതമായി ഓഡിറ്റ് ചെയ്യപ്പെടുകയാണിപ്പോൾ.
എന്തുകൊണ്ട് കനയ്യ   എന്ന ആദർശവൽക്കരണത്തെ എന്തിനീ കനയ്യ എന്ന് നിസ്സാരവൽക്കരിക്കുകയാണ് മറുപക്ഷം.  ബുദ്ധിജീവിതത്വം കുത്തകയല്ലെന്ന് തെളിയിച്ചു കൊടുക്കുന്ന പോരും, പോരാട്ട വിജയവും തന്നെയാണിവിടെ നടക്കുന്നത്.  അക്കാലമല്ല, ഇക്കാലം എന്ന് എല്ലാവരും തിരിച്ചറിയുന്ന തെരഞ്ഞെടുപ്പ് പ്രചാരണ നാളുകൾ.
ബുദ്ധിക്ക് ബുദ്ധി, പോരിന് പോര് എന്ന് പറയാൻ ധൈര്യം കിട്ടിയ സൈബർ യുവതലമുറ കേരളത്തിന്റെ ഇടതുപക്ഷേതര പരിസരത്തും വളർന്നിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തിത്തരുന്ന തെരഞ്ഞെടുപ്പ് കാലം.  നോക്കൂ ഒരു വാചകം 'ദളിതന്റെയും മുസ്‌ലിമിന്റെയും ജീവരക്തം തങ്ങളുടെ കസവു മുണ്ടിൽ പുരട്ടി സവർണ ഇടതുപക്ഷം വിശാല മതേതര സഖ്യത്തിനു എതിരെ, അതും സാക്ഷാൽ ലാലു പ്രസാദ് യാദവിനെതിരെ മത്സരിക്കുമ്പോൾ അവർ പരാജയപ്പെടണം എന്നു മാത്രമേ നമുക്ക് ആഗ്രഹിക്കാൻ സാധിക്കൂ. ഇനി ജയിക്കും എന്നാണ് എങ്കിൽ ഹൈദരാബാദിലും ജെ.എൻ.യുവിലുമൊക്കെ അവരുടെ കണക്കിൽ നമ്മൾ എന്നും പരാജയപ്പെടുന്നവർ ആണല്ലോ. രോഹിത്  പറഞ്ഞതു പോലെ പരാജയപ്പെടാനായി ജനിച്ചവർ. ആരാണ് തോൽപിക്കുന്നത് എന്നു ഞങ്ങൾക്ക് അറിയാം എന്നെങ്കിലും നമുക്ക് തിരിച്ചു പറയാൻ സാധിക്കണം എന്നു മാത്രം....'' 
ഈ പോരിന്റെ പ്രത്യേകത, തൊട്ടു മുമ്പുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം തന്നെ ഇടതുപക്ഷത്തെ മാത്രം മുൻപിൻ നോക്കാതെ അനുകൂലിച്ചവരാണ് അവരെയിപ്പോൾ വാക്കാണെൻ രാണായുധം എന്ന് പോരു നടത്തുന്നത്.  
തെരഞ്ഞെടുപ്പ്  പ്രചാരണ  നാളുകൾ  അവസാനിച്ചുകൊണ്ടിരിക്കെ ആരാണ് വിജയികളാകുന്നതെന്ന് പൂർണമായി വിലയിരുത്തുക പ്രയാസം. ഒന്നുണ്ട്; അബദ്ധമായിപ്പോയെന്ന് തോന്നിയതെല്ലാം പിന്നീട്, പിന്നീട് ഇടതുപക്ഷ നേതാക്കൾ  തിരുത്താൻ ശ്രമിക്കുന്നുണ്ട്.  പെട്ടെന്ന് പെട്ടെന്നുള്ള ഈ തിരുത്തലിന് സോഷ്യൽ മീഡിയ പോരാട്ടമല്ലാതെ മറ്റ് കാരണങ്ങളൊന്നും കാണുന്നില്ല.  സൈബർ ഇടങ്ങളിലിരുന്ന് അവർ കാണെക്കാണെ ജയിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വയനാട്ടിലെത്തി ചില മുറിവുകളൊക്കെ ഉണക്കാൻ നോക്കിയിട്ടുണ്ട്. ദീർഘ വർഷങ്ങൾ സി.പി.ഐയുടെ ഘടക കക്ഷിയായിരുന്ന മുസ്‌ലിം ലീഗിനെയും അതിന്റെ പച്ചക്കൊടിയെയും ഇസ്‌ലാമോഫോബിയക്കാരുടെ പക്ഷം ചേർന്ന് കടിച്ചു കീറാൻ ഏതായാലും താനില്ലെന്ന് സി.പി.ഐയുടെ ദേശീയ സെക്രട്ടറി സുധാകർ  റെഡ്ഢി വ്യക്തമാക്കിക്കഴിഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോയെന്ന ബി.ജെ.പി ദേശീയധ്യക്ഷൻ അമിത ്ഷായുടെ  പരാമർശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും  രംഗത്തെത്തി. അമിത് ഷാ വയനാടിനെ അപമാനിച്ചുവെന്ന പരാമർശത്തിലൂടെ  മുഖ്യമന്ത്രി ലക്ഷ്യമിടുന്നത് പാർട്ടി നേതാക്കളുടെ മുൻനിലപാടുകളുടെ മുറിവുണക്കലെന്ന് വ്യക്തം. 
കോൺഗ്രസ് പോരാളി വി.ടി.ബൽറാം പക്ഷേ മുഖ്യമന്ത്രിയുടെ വയനാട് പരിപാടിയെ 'രാഷ്ട്രീയ അശ്ലീലമായാണ് കണ്ടത്.  ബൽറാമിന്റെ വരികൾ ഇങ്ങനെ തുടരുന്നു:
'നരേന്ദ്ര മോഡി കേരളത്തിൽ പ്രചാരണത്തിനെത്തുന്ന ദിവസം തന്നെ സി.പി.എം വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ കർഷക മാർച്ച് സംഘടിപ്പിക്കുമത്രേ'!
പിണറായി വിജയന്റെ ഭാഷയിൽ തിരിച്ചു ചോദിച്ചാൽ എന്ത് രാഷ്ട്രീയ സന്ദേശമാണ് ഇതുകൊണ്ട് സി.പി.എം രാജ്യത്തിന് നൽകാൻ ശ്രമിക്കുന്നത്? രാഹുൽ ഗാന്ധിയും കോൺഗ്രസും ആണ് ഇന്നത്തെ കാർഷിക പ്രതിസന്ധിക്ക് കാരണക്കാർ എന്നതോ? കാർഷിക വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന് അഞ്ച് വർഷം കൊണ്ട് ഇന്ത്യൻ കാർഷികരംഗം തകർത്ത് തരിപ്പണമാക്കിയ, ആയിരക്കണക്കിന് കർഷകരെ ആത്മഹത്യയിലേക്ക് നയിച്ച നരേന്ദ്ര മോഡിയെ രക്ഷപ്പെടുത്താനല്ലേ സി.പി.എമ്മിന്റെ ഈ വയനാട്ടിൽ മാത്രമുള്ള കർഷക സമരം? മോഡി മത്സരിക്കുന്ന വരാണസിയിൽ സിപിഎമ്മിന് സമരമുണ്ടോ? കേരളത്തിൽ തന്നെ ബിജെപി ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ പാലക്കാട്ടോ സിപിഎമ്മിന് കർഷക സമരം പോയിട്ട് ഏതെങ്കിലും തരത്തിലുള്ള സമരമുണ്ടോ? 

Latest News