വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് അറസ്റ്റില്‍

ലണ്ടന്‍- യുഎസിനെ പിടിച്ചുലച്ച പ്രതിരോധ, അഴിമതി രഹസ്യങ്ങള്‍ പുറത്തു കൊണ്ടുവന്നതിലൂടെ ശ്രദ്ധേയനാകുകയും പിന്നീട് പലരുടേയും കണ്ണിലെ കരടാകുകയും ചെയ്ത വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് സ്വീഡനിലേക്ക് നാടു കടത്തപ്പെടുന്നതില്‍ നിന്ന് രക്ഷതേടി ഏഴു വര്‍ഷത്തോളമായി ലണ്ടനിലെ ഇക്വഡോര്‍ എംബസില്‍ കഴിയുകയായിരുന്നു. 2017-ല്‍ സ്വീഡന്‍ ഈ കേസ് അന്വേഷണം അവസാനിപ്പിച്ചെങ്കിലും ലണ്ടന്‍ കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2010 ല്‍ ജാമ്യമത്തിലിറങ്ങിയ ശേഷം അപ്രത്യക്ഷനായതിനെ തടുര്‍ന്ന് ലണ്ടന്‍ മെട്രോപോളിറ്റന്‍ കോടതി അസാന്‍ജിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

അറസ്റ്റ് ചെയ്ത ശേഷം ബ്രിട്ടീഷ് പോലീസ് ഇക്വഡോര്‍ എംബസിയില്‍ നിന്നും അസാന്‍ജിനെ പുറത്തെത്തിച്ചു. ഏഴു ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അസാന്‍ജിനെ പുറത്തു കൊണ്ടു വരുന്ന ദൃശ്യവും പുറത്തുവന്നു. വെളുത്ത താടി വളര്‍ത്തി ക്ഷീണിതനായി കാണപ്പെട്ട അസാന്‍ജ് പ്രതിഷേധിക്കുന്നതും ദൃശ്യത്തിലുണ്ട്.

യുഎസില്‍ വിക്കിലീക്‌സ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അസാന്‍ജിനെ യുഎസിനു കൈമാറിയേക്കുമെന്നും റിപോര്‍ട്ടുണ്ട്. വിക്കീലീക്‌സ് രേഖകള്‍ യുഎസിനു വലിയ തിരിച്ചടിയായതിനു പിന്നാലെ അറസ്റ്റ് ഭയന്ന് 2012-ലാണ് അസാന്‍ജ് അഭയം തേടി ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലെത്തിയത്. എന്നാല്‍ ഈയിടെ ഇക്വഡോര്‍ സര്‍ക്കാര്‍ അസാന്‍ജിനു നല്‍കിയ അഭയം പിന്‍വലിച്ചിരുന്നു. രാഷ്ട്രീയ അഭയ നല്‍കാന്‍ മുന്നോട്ടു വച്ച് വ്യവസ്ഥകള്‍ ലംഘിച്ചെന്നു പറഞ്ഞായിരുന്നു ഇത്. തുടര്‍ന്ന് ഏതുനിമിഷവും അറസ്റ്റിലായേക്കുമെന്നും റിപോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച അറസ്റ്റുണ്ടായത്. ഇക്വഡോര്‍ അംബാസഡര്‍ എംബസിയിലേക്കു തങ്ങളെ ക്ഷണിക്കുകയായിരുന്നെന്ന് മെട്രോപോളിറ്റന്‍ പോലീസ് സര്‍വീസ് അറിയിച്ചു. 

ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറിനോയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ചാണ് ഇക്വഡോര്‍ അസാന്‍ജിന്റെ രാഷ്ട്രീയ അഭയാര്‍ത്ഥി പദവി പിന്‍വലിച്ചത്. അസാന്‍ജ് ചട്ടം ലംഘിച്ചെന്ന് മൊറിനോ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അന്താരാഷ്ട്ര നിയമം ലംഘിച്ചാണ് ഇക്വഡോര്‍ അസാന്‍ജിന്റെ അഭയാര്‍ത്ഥിത്വം പിന്‍വലിച്ചതെന്ന് വിക്കിലീക്ക്‌സ് പറഞ്ഞു.

Latest News