Friday , February   21, 2020
Friday , February   21, 2020

1,114 വാട്‌സാപ് ഗ്രൂപ്പുകളുടെ അഡ്മിനായി ഒരാള്‍; ബിജെപി പ്രചാരണത്തിന്റെ അണിയറയില്‍ നടക്കുന്നത് 

ഫോട്ടോ: ഇന്ത്യന്‍ എക്‌സ്പ്രസ്‌

കൂച് ബിഹാര്‍- പശ്ചിമ ബംഗാളിലെ കൂച് ബിഹാര്‍ ജില്ലയില്‍ ഒരു ചെറിയ മരുന്നു കട നടത്തുകയാണ് 36-കാരനായ ദീപക് ദാസ്. അദ്ദേഹം എപ്പോഴും തിരക്കിലാണ്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പു പ്രചാരണം കൊടുമുടിയിലെത്തി നില്‍ക്കു ഈ സമയത്ത്. ദീപക് ദാസിന്റെ തിരക്കുകള്‍ക്ക് പക്ഷെ മരുന്നു കച്ചവടവുമായോ ബിസിനസുമായോ ഒരു ബന്ധവുമില്ല. ബിജെപിയുടെ 'ഐടി യോദ്ധാവ്' ആണ് ദാസ്. കൂച്ച് ബിഹാറിലെ ബിജെപി സോഷ്യല്‍ മീഡിയാ തലവന്‍. ദാസിന്റെ ഈ ജോലിയും ജീവിതവും പറയുന്നത് അദ്ദേഹത്തെ സന്ദര്‍ശിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ രവിക് ഭട്ടചാര്യയാണ്. സമൂഹ മാധ്യമങ്ങളിലൂടെ ബിജെപി എങ്ങനെ മറ്റു പാര്‍ട്ടികള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കുന്നുവെന്നതിന്റെ നല്ലൊരു ഉദാഹരമാണ് ദീപക് ദാസും അദ്ദേഹത്തിന്റെ ഈ ജോലിയും.

പാര്‍ട്ടിയുടെ ജില്ലാ ഐടി സെല്‍ കണ്‍വീനറാണ് ഞാന്‍. ഇവിടെ 1,114 വാട്‌സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിനാണ്. പാര്‍ട്ടിയുടെ ഫേസ്ബുക്ക് പേജും ട്വിറ്റര്‍ ട്രെന്‍ഡുകള്‍ തയാറാക്കുന്നതുമെല്ലാം ഞാനാണ്- ദീപക് ദാസ് പറയുന്നു. തന്നെ പോലുള്ള പ്രവര്‍ത്തകര്‍ ഉണ്ടായതു കൊണ്ടു മാത്രമാണ് ബിജെപിക്ക് നേരിട്ട് കടന്നു ചെല്ലാന്‍ പോലും പറ്റാത്ത ഇടങ്ങളിലേക്ക് പാര്‍ട്ടിയുടെ സന്ദേശമെത്തിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇവിടങ്ങളില്‍ സമൂഹ മാധ്യമങ്ങള്‍ ഒരു നിശബ്ദ ആയുധമാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മേല്‍ക്കൈ കാരണം പലയിടത്തും നേരിട്ടു പോകാനുള്ള ധൈര്യം ബിജെപിക്കില്ല.

പാര്‍ട്ടിയുടെ റാലികളില്‍ ആണെങ്കിലും പാര്‍ട്ടി ഓഫീസിലോ ഗോപാല്‍പൂരിലെ തന്റെ ചെറിയ മരുന്ന് കടയിലോ എവിടെയാണെങ്കിലും ദീപക് ദാസിന്റെ കണ്ണുകള്‍ എപ്പോഴും രണ്ടു മൊബൈല്‍ സ്‌ക്രീനുകളില്‍ ആയിരിക്കും. ഒരു പവര്‍ ബാങ്കും കൂടെ ഉണ്ടായിരിക്കും. ഒരു നമ്പറില്‍ 229 ഗ്രൂപ്പുകളുടേയും മറ്റൊരു നമ്പറില്‍ 885 ഗ്രൂപ്പുകളുടേയും അഡ്മിനാണ് ദാസ്. ഓരോ ഗ്രൂപ്പിലും ചുരുങ്ങിയത് 30 പേരും പരമാവധി 250 പേരും ഉണ്ട്. തനിക്കു പാഴാക്കാന്‍ ഒരു നിമിഷം പോലും ബാക്കിയില്ലെന്ന് അദ്ദേഹം പറയുന്നു. ബാലാക്കോട്ട് വ്യോമാക്രമണം നടന്ന ദിവസം 24 മണിക്കൂറും ഈ പണിയെടുക്കുകയായിരുന്നു-ദാസ് പറയുന്നു.

12-ാം ക്ലാസ് വരെ മാത്രം പഠിച്ച ദീപക് ദാസ് നരേന്ദ്ര മോഡിയില്‍ അകൃഷ്ടനായി 2014ലാണ് ബിജെപിയില്‍ ചേര്‍ന്നത്. പിന്നീട് പാര്‍ട്ടിയുടെ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായി. 2015-ല്‍ ഒരു സ്മാര്‍ട്‌ഫോണ്‍ വാങ്ങിയതു മുതലാണ് ബിജെപിക്കു വേണ്ടി സോഷ്യല്‍ മിഡിയാ പ്രചാരണം തുടങ്ങിയത്. ഈ വര്‍ഷം പാര്‍ട്ടി എനിക്ക് മറ്റൊരു സ്മാര്‍ട്‌ഫോണും പോര്‍ട്ടബിള്‍ ചാര്‍ജറും വാങ്ങിത്തന്നു. എന്റെ യാത്രാ ചെലവുകളും പാര്‍ട്ടി വഹിക്കുന്നു- ദാസ് പറഞ്ഞു.

ഈ തെരഞ്ഞെടുപ്പു വാട്‌സാപ്പില്‍ നടക്കുന്ന തെരഞ്ഞെടുപ്പാണെ വിശേഷണത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് ദീപക് ദാസിനെ പോലെ രാജ്യത്ത് വിവിധയിടങ്ങളില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ ജോലി. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന പ്രത്യേക പരിശീലനത്തില്‍ പങ്കെടുത്തയാളുകൂടിയാണ് ദീപക് ദാസ്. സോഷ്യല്‍ മീഡിയയില്‍ എന്തൊക്കെ ചെയ്യണമെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ടെന്ന് ദാസ് പറയുന്നു.

കൂച് ബിഹാറില്‍ 40 പേരടങ്ങുന്ന സംഘത്തെയാണ് ദീപക് ദാസ് നയിക്കുന്നത്. എല്ലാവരുടേയം ജോലി സ്മാര്‍ട്‌ഫോണുകളിലാണ്. വാടകയ്ക്ക് രണ്ട് ഡിഎസ്എല്‍ആര്‍ കാമറകളും വാങ്ങിയിട്ടുണ്ട്. പാര്‍ട്ടി ഒരു മെസേജ് നല്‍കിയാല്‍ അത് ലൈക്കടിച്ച് ഷെയര്‍ ചെയ്ത് ട്രെന്‍ഡിങ്ങാക്കുക എന്നതാണ് ജോലി. ഇതില്‍ പൂര്‍ണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കത്തില്‍ ഗൃഹ സന്ദര്‍ശന പരിപാടിക്കിടെയാണ് ഓരോ കുടുംബങ്ങളിലേയും സ്മാര്‍ട്‌ഫോണുള്ളവരുടെ നമ്പറുകള്‍ ശേഖരിച്ചത്. പാര്‍ട്ടിയുടെ ദേശീയ ഓണ്‍ലൈന്‍ ക്യാമ്പയില്‍ വഴിയും മൊബൈല്‍ നമ്പറുകള്‍ ലഭിച്ചു. ഇവ ഉപയോഗിച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.

രഹസ്യ ഓപറേഷനുകളും നടത്തുന്നുണ്ട്. എതിരാളികളായ തൃണമൂല്‍ ഗ്രൂപ്പുകളിലേക്ക് ഫേക്ക് ഐഡി ഉണ്ടാക്കി കയറിക്കൂടുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ എന്തൊക്കെ ചെയ്യുന്നുവെന്ന് മണത്തറിഞ്ഞ് ഇവര്‍ വിവരം അറിയിക്കും. വിശാലമായ ഒരു ശൃംഖല തന്നെ ഞങ്ങള്‍ക്കുണ്ട്. ഇവര്‍ പ്രതിപക്ഷ നേതാക്കളുടെ ചിത്രങ്ങളും വിഡിയോകളും അയച്ചു കൊണ്ടേയിരിക്കും. ഈയിടെ പ്രതിപക്ഷ പാര്‍ട്ടിയുടെ ഒരു പ്രാദേശിക നേതാവ് മോശം സാഹചര്യത്തില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ ലഭിച്ചു. നിമിഷനേരം കൊണ്ടാണ് ഇത് ഞങ്ങള്‍ വൈറലാക്കിയത്- പ്രവര്‍ത്തനത്തെ കുറിച്ച് ദീപക് ദാസ് പറയുന്നു.

Latest News