ബുര്‍ഖ ധരിച്ച സ്ത്രീ വോട്ടര്‍മാരെ പരിശോധിക്കണമെന്ന് ബിജെപി നേതാവ്

മുസഫര്‍നഗര്‍- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബുര്‍ഖ ധരിച്ച സ്ത്രീകള്‍ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയും കലാപക്കേസ് പ്രതിയുമായ സഞ്ജീവ് ബല്യാന്‍. മുസഫര്‍നഗറില്‍ ബുര്‍ഖ അണിഞ്ഞെത്തു സ്ത്രീകളുടെ മുഖം പരിശോധിക്കണം. ഇവര്‍ കള്ള വോട്ടു ചെയ്യുന്നുണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ ഞാന്‍ ആവശ്യപ്പെടും- ബല്യാന്‍ പറഞ്ഞു. മുസഫര്‍നഗറിലെ ഒരു പോളിങ് ബൂത്തില്‍ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ലെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി പടിഞ്ഞാറന്‍ യുപിയിലെ മുസാഫര്‍നഗറില്‍ ഉണ്ടായ മുസ്ലിം വിരുദ്ധ കലാപത്തില്‍ പങ്കുള്ളയാളാണ് ബല്യാന്‍. ഈ കേസില്‍ പ്രതി കൂടിയായ ബല്യാന്‍ നേരത്തെ പലതവണ വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ പ്രസംഗിച്ചിട്ടുണ്ട്.

16 ലക്ഷത്തോളം വോട്ടര്‍മാരുള്ള മുസഫര്‍നഗറില്‍ അഞ്ചു ലക്ഷം മുസ്ലിം വോട്ടര്‍മാരാണുള്ളത്. ജാട്ട്, യാദവ, ഒബിസി സമുദായങ്ങള്‍ ഉള്‍പ്പെടെ 11 ലക്ഷം ഹിന്ദു വോട്ടര്‍മാരും. വര്‍ഗീയ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന മുസഫര്‍ നഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ  സിറ്റിങ് എംപി ബല്യാനെതിരെ രംഗത്തുള്ളത് മഹാസഖ്യം സ്ഥാനാര്‍ത്ഥിയായ രാഷ്ട്രീയ ലോക്ദള്‍ അധ്യക്ഷന്‍ അജിത് സിങ് ആണ്. കനത്ത മത്സരം നടക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. 

2013-ല്‍ മുസഫര്‍നഗറിലുണ്ടായ കലാപം തൊട്ടടുത്ത വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വലിയ തോതില്‍ സഹായിച്ചിരുന്നു. ബിഎസ്പി സ്ഥാനാര്‍ത്ഥി കദിര്‍ റാണയെ നാലു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബല്യാന്‍ തോല്‍പ്പിച്ചത്.  അറുപതോളം പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ അരലക്ഷത്തിലേറെ മുസ്ലിംകളാണ് ആട്ടിയോടിക്കപ്പെട്ടത്. ഇവര്‍ ഇപ്പോഴും സ്വന്തം നാട്ടിലേക്കു തിരിച്ചുവരാനാകാതെ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്.
 

Latest News