സത്യാവസ്ഥ ബോധ്യപ്പെട്ടു; റിയാദില്‍ 2684 ഹുറൂബുകള്‍ റദ്ദാക്കി

റിയാദ്- റിയാദ് ലേബര്‍ ഓഫീസ് ഈ വര്‍ഷം 2684 ഹുറൂബുകള്‍ റദ്ദാക്കിയതായി ലേബര്‍ ഓഫീസ് മേധാവി അബ്ദുല്‍ കരീം അസീരി അറിയിച്ചു. വ്യാജ ഹുറൂബുകളാണ് സത്യാവസ്ഥ അന്വേഷിച്ച് ഉറപ്പുവരുത്തി ലേബര്‍ ഓഫീസ് റദ്ദാക്കിയത്.

വിദേശ തൊഴിലാളിളെ ഹുറൂബാക്കി 20 ദിവസത്തിനു ശേഷം ഹുറൂബ് റദ്ദാക്കാന്‍ കഴിയില്ല. തൊഴിലുടമ തന്നെ വ്യാജമായി ഹുറൂബാക്കുകയായിരുന്നെന്ന് തെളിയിക്കാന്‍ തൊഴിലാളിക്ക് സാധിക്കുന്ന പക്ഷം 20 ദിവസത്തിനു ശേഷവും ഹുറൂബ് റദ്ദാക്കുന്നതിന് തടസ്സമില്ല. ഇത്തരം സാഹചര്യങ്ങളില്‍ പഴയ തൊഴിലുടമയുടെ അടുത്ത് വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നതിന് വിദേശിയെ അനുവദിക്കില്ല. പകരം, പുതിയ തൊഴിലുടമയുടെ പേരിലേക്ക് വിദേശ തൊഴിലാളിക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിന് അവകാശമുണ്ടാകും.

തൊഴിലാളിയെ വ്യാജമായാണ് ഹുറൂബാക്കിയതെന്ന് തെളിയുന്ന പക്ഷം വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ ഒഴികെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സ്ഥാപനത്തിന് വിലക്കും.
രണ്ടാമതും ഇതേ നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ ഒഴികെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള മുഴുവന്‍ സേവനങ്ങളും മൂന്നു വര്‍ഷത്തേക്ക് വിലക്കും. മൂന്നാമതും നിയമ ലംഘനം ആവര്‍ത്തിക്കുന്ന പക്ഷം, സ്ഥാപനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് സേവനങ്ങള്‍ വിലക്കുമെന്ന് റിയാദ് ലേബര്‍ ഓഫീസ് മേധാവി അബ്ദുല്‍ കരീം അസീരി പറഞ്ഞു. വേതന കുടിശ്ശികയും സര്‍വീസ് ആനുകൂല്യങ്ങളും അടക്കമുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതിനു വേണ്ടിയാണ് ചില തൊഴിലുടമകള്‍ തൊഴിലാളികള്‍ ഒളിച്ചോടിയതായി വ്യാജമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Latest News