Sorry, you need to enable JavaScript to visit this website.

സൗദിയിൽ പ്രത്യേക സാമ്പത്തിക മേഖലകൾ വരുന്നു; ഓണ്‍ലൈന്‍ ബിസിനസിനും പിന്തുണ

റിയാദ് - സൗദി അറേബ്യയിൽ പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി ഡോ. നബീൽ അൽആമൂദി പറഞ്ഞു. തപാൽ, ലോജിസ്റ്റിക് സേവന മേഖലയുടെ പുനഃസംഘടനയെ കുറിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി. കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. റിയാദ് വിമാനത്താവളത്തിലെ ലോജിസ്റ്റിക് സോണുമായി ബന്ധപ്പെട്ട പ്രത്യേക നിയമാവലി തയാറാക്കുന്നതിനുള്ള ജോലികൾ ആറു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.


ഇ-കൊമേഴ്‌സ് നിയമം അന്തിമ ഘട്ടത്തിലാണെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി വെളിപ്പെടുത്തി. രണ്ടു മാസത്തിനുള്ളിൽ നിയമം പ്രഖ്യാപിക്കും. ഓൺലൈൻ വ്യാപാര മേഖലയുടെ വളർച്ചക്ക് പിന്തുണ നൽകുന്ന അടിത്തറയാകും പുതിയ നിയമം. ലോകമെങ്ങും വ്യാപാര ശൈലി അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. ഈ രംഗത്തെ വികസനവുമായും പുരോഗതിയുമായും സമരസപ്പെട്ടു പോകുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഇ-കൊമേഴ്‌സ് നിയമം നിർമിക്കുന്നത്. പതിമൂന്നു വകുപ്പുകളെ ഉൾപ്പെടുത്തി ഇ-കൊമേഴ്‌സ് കൗൺസിൽ സ്ഥാപിച്ചിട്ടുണ്ട്. ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 39 പദ്ധതികൾ കൗൺസിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. മാനവശേഷി വികസന പദ്ധതി വൈകാതെ ആരംഭിക്കും. വിഷൻ 2030 പദ്ധതിയുടെ ഭാഗമാണിത്. ഭാവിയിലെ തൊഴിലവസരങ്ങൾ മുന്നിൽ കണ്ട് സ്വദേശികളെ പ്രാപ്തരാക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കുകയാണ് മാനവശേഷി വികസന പദ്ധതി ചെയ്യുകയെന്നും വാണിജ്യ, നിക്ഷേപ മന്ത്രി പറഞ്ഞു. 


തപാൽ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ഈ മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഉത്തേജനം നൽകുന്നതിനും തപാൽ സേവന മേഖല പുനഃസംഘടിപ്പിക്കേണ്ടത് ഏറെ പ്രാധാന്യം അർഹിക്കുന്നതായി കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ പറഞ്ഞു. 


സൗദി പോസ്റ്റിൽ നിയമ നിർമാണ, പ്രവർത്തന ചുമതലകൾ വേർപ്പെടുത്തുന്നതിനും നിയമ നിർമാണ ചുമതല കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷന് നൽകുന്നതിനുമുള്ള മന്ത്രിസഭാ തീരുമാനത്തിലൂടെ ടെലികോം, ഐ.ടി മേഖലയുടെ ഭരണത്തിൽ കമ്മീഷനുള്ള പരിചയസമ്പത്ത് പ്രയോജനപ്പെടുത്തുന്നതിന് തപാൽ മേഖലക്കും അവസരമൊരുങ്ങി. തപാൽ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ തമ്മിൽ നീതിപൂർവവും ആരോഗ്യകരവുമായ മത്സര സാഹചര്യം സൃഷ്ടിക്കുന്നതിനും തപാൽ സേവനങ്ങളുടെ ഗുണനിലവാരം ശക്തമായി നിരീക്ഷിച്ച് ഉറപ്പുവരുത്തുന്നതിനും ഇതിലൂടെ സാധിക്കും. 
നിരക്കുകൾ, ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ, സേവനങ്ങളുടെ ഗുണനിലവാരം എന്നിവയുടെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച കമ്പനികളെ തെരഞ്ഞെടുക്കുന്നതിന് സൗദി പൗരന്മാർക്ക് അവസരം ലഭിക്കും. ഓൺലൈൻ വ്യാപാരത്തിനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥക്കും ഇത് ഏറെ ഗുണം ചെയ്യും. തപാൽ, ലോജിസ്റ്റിക് സേവന മേഖലയിൽ ഒരു ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൊത്തം ആഭ്യന്തരോൽപാദനത്തിൽ പ്രതിവർഷം ആയിരം കോടി റിയാലിന്റെ വർധനവ് വരുത്തുന്നതിനും പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ പറഞ്ഞു. 


സൗദിയിൽ തപാൽ, ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്നതിന് പുതുതായി ലൈസൻസ് നേടിയ കമ്പനികളുടെ കൂട്ടത്തിൽ അമേരിക്ക, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ കമ്പനികളും ഉൾപ്പെടുമെന്ന് കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. പത്തു സൗദി കമ്പനികളും പുതുതായി ലൈസൻസ് നേടിയിട്ടുണ്ട്. ഇതോടെ തപാൽ, ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്ന മേഖലയിൽ ലൈസൻസ് നേടിയ കമ്പനികളുടെ എണ്ണം 22 ആയി ഉയർന്നു. തപാൽ, ലോജിസ്റ്റിക് സേവന മേഖലയിൽ ഒരു വർഷത്തിനിടെ പുതുതായി പന്ത്രണ്ടു കമ്പനികൾക്കാണ് മന്ത്രാലയം ലൈസൻസ് അനുവദിച്ചത്. ഇരുപത്തിയഞ്ചു വർഷത്തിനിടെ ആകെ 22 കമ്പനികൾക്കാണ് ലൈസൻസ് നൽകിയതെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Latest News