റിയാദ് - സൻആയിൽ ഹൂത്തി മിലീഷ്യകളുടെ പൈലറ്റില്ലാ വിമാന (ഡ്രോൺ) കേന്ദ്രങ്ങൾ വ്യോമാക്രമണങ്ങളിലൂടെ സഖ്യസേന തകർത്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. ഡ്രോണുകൾ അസംബ്ലി ചെയ്യുന്നതിനും ബോംബുകൾ നിറച്ച് ഡ്രോണുകൾ ആക്രമണത്തിന് തയാറാക്കുന്നതിനും ഉപയോഗിച്ചിരുന്ന വർക്ക്‌ഷോപ്പും ഡ്രോൺ ലോഞ്ചറുകൾ സൂക്ഷിക്കുന്നതിനും ഡ്രോണുകൾ സജ്ജീകരിക്കുന്നതിനും ഉപയോഗിച്ചിരുന്ന സംഭരണ കേന്ദ്രവും ആണ് വ്യോമാക്രമണത്തിലൂടെ തകർത്തത്.
ഇത്തരം ആക്രമണ ശേഷികൾ ആർജിക്കുന്നതിൽ നിന്നും ഉപയോഗിക്കുന്നതിൽ നിന്നും ഹൂത്തികളെയും മറ്റു ഭീകര സംഘടനകളെയും തടയുന്നതിനും, സാധാരണക്കാർക്കും തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും പൈലറ്റില്ലാ വിമാനങ്ങളുടെ ഭീഷണിയിൽ നിന്ന് സംരക്ഷണം നൽകുന്നതിനും സഖ്യസേന പ്രതിജ്ഞാബദ്ധമാണ്. സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതിന് ആവശ്യമായ എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിച്ചാണ് സൻആയിലെ ഡ്രോൺ കേന്ദ്രങ്ങൾക്കു നേരെ സഖ്യസേന ആക്രമണങ്ങൾ നടത്തിയത്.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അസംബ്ലി ചെയ്യുന്നതിനും മൈനുകളും ബോംബുകളും നിർമിക്കുന്നതിനും ആയുധങ്ങൾ സൂക്ഷിക്കുന്നതിനും ജനവാസകേന്ദ്രങ്ങൾ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ഉപയോഗിക്കുകയാണ്.
ഇതിലൂടെ സാധാരണക്കാരെ മനുഷ്യ കവചങ്ങളായി ഉപയോഗിക്കുന്നതിനാണ് ഹൂത്തികൾ ശ്രമിക്കുന്നതെന്നും കേണൽ തുർക്കി അൽമാലികി പറഞ്ഞു.