ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഭൂരിഭാഗം മണ്ഡലങ്ങളിലും വോട്ടിംഗ് സമയം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് അക്രമത്തിനു സാധ്യതയുള്ള പ്രദേശങ്ങളിലും സമയത്തില്‍ വ്യത്യാസമുണ്ട്.
ആന്ധപ്രദേശ്, അരുണാചല്‍പ്രദേശ്, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, ലക്ഷദ്വീപ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും നാളെയാണ് വോട്ടെടുപ്പ്. അസം, ബിഹാര്‍, ഛത്തീസ്ഗഢ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീഷ, ത്രിപുര, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കും. ആന്ധ്രപ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കുന്നു. ഒഡീഷ നിയമസഭയിലെ 147 സീറ്റുകളില്‍ 28 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.