ജെറ്റ് എയര്‍വേയ്‌സ് വിമാനം ആംസ്റ്റര്‍ഡാമില്‍ ജപ്തി ചെയ്തു

ന്യൂദല്‍ഹി- കടുത്ത സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് തകര്‍ച്ചയിലേക്ക് നീങ്ങുന്ന ജെറ്റ് എയര്‍വേയ്‌സ് കമ്പനിയുടെ വിമാനം വിദേശത്ത് ജപ്തി ചെയ്തു. യൂറേപ്യന്‍ കാര്‍ഗോ കമ്പനിക്ക് വന്‍തുക നല്‍കാനുള്ളത് കണക്കിലെടുത്താണ് ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ വെച്ച് വിമാനം ജപ്തി ചെയ്തത്.
മുബൈയില്‍ നിന്ന് വ്യാഴാഴ്ച ആംസ്റ്റര്‍ഡാമിലേക്ക് പോയതായിരുന്നു ബോയിങ് 777-300 വിമാനം. യൂറോപ്യന്‍ കമ്പനിക്കുള്ള അടവുകള്‍ മുടങ്ങിയതിനാല്‍ ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍വച്ച് വിമാനം കമ്പനി അധികൃതര്‍ പിടിച്ചെടുത്തുവെന്ന് വിമാനക്കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

ജെറ്റ് എയര്‍വേയ്‌സ് കമ്പനിയുടെ 123 വിമാനങ്ങളില്‍ 25 വിമാനങ്ങള്‍ മാത്രമേ നിലവില്‍ സര്‍വീസ് നടത്തുന്നുള്ളു. അതിലൊന്നാണ് ഇപ്പോള്‍ കണ്ടുകെട്ടിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് 16,000 ത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് ശമ്പളവും കൃത്യമായി നല്‍കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല.
ജപ്തി ചെയ്യപ്പെട്ട വിമാനം വ്യാഴാഴ്ചയാണ് ആംസ്റ്റര്‍ഡാമില്‍ നിന്ന് തിരിക്കേണ്ടത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ വിമാനത്തിന്റെ മടക്കയാത്ര വൈകുമെന്ന് അറിയിച്ചിരിക്കുകയാണ് ജെറ്റ് അധികൃതര്‍.

 

Latest News