കെ.എം. മാണി പ്രചാരണത്തിനിറങ്ങാത്ത തെരഞ്ഞെടുപ്പ് പ്രചാരണ കാലമാണിപ്പോൾ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. തർക്കങ്ങൾക്കൊടുവിൽ കോട്ടയത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതായിരുന്നു തെരഞ്ഞെടുപ്പ് കാലത്തെ മാണിയുടെ അവസാന ചടങ്ങ്. അദ്ദേഹത്തെ കാണാതെ, കേൾക്കാതെ സ്വാതന്ത്ര്യാനന്തര കേരളത്തിൽ ഒരു തെരഞ്ഞെടുപ്പും നടന്നിട്ടില്ല. കോൺഗ്രസ് പക്ഷത്തും, വിരുദ്ധ ചേരിയിലുമായി അദ്ദേഹം എല്ലാ കാലത്തും പ്രചാരണത്തിനെത്തി. കുടിയേറ്റ മേഖലക്കും, കേരള കോൺഗ്രസിന്റെ ചെറിയ തോതിലുള്ള പ്രവർത്തനമുള്ള ഇടങ്ങളിലും മാണി സാറിനെ ഒന്നെത്തിക്കാൻ എല്ലാ സ്ഥാനാർഥികളും നിർബന്ധം പിടിച്ചു. ഐക്യകേരള രൂപീകരണത്തിന് ശേഷം നടന്നിട്ടുള്ള ഒരു തെരഞ്ഞെടുപ്പിൽ പോലും അതിന് മാറ്റമുണ്ടായില്ല. അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് റാലികളും, പൊതുയോഗങ്ങളും നടന്നതായി ആർക്കും ഓർത്തെടുക്കാനാകില്ല. കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പൊതുയോഗ മൈതാനങ്ങളൊക്കെ മാണിയുടെ സാന്നിധ്യത്തിനായി കാത്തിരുന്നു. ഏത് മുന്നണിയിലാണെങ്കിലും അദ്ദേഹം ആ മുന്നണിക്കായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയും അതിനായി അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്തു. മുന്നണി രാഷ്ട്രീയം സുസ്ഥിരമാക്കുന്നതിലെ വലിയ ചാലക ശക്തയായിരുന്നു എപ്പോഴുമദ്ദേഹം. സഹായിച്ചവരെ, തിരിച്ചു സഹായിക്കുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ രീതി. സ്‌നേഹിച്ചവരെ തിരിച്ചു സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു. സ്‌നേഹവും കരുതലും കൊണ്ട് എത്രയോ മനുഷ്യരുടെ മനസ്സിൽ ഇടം കണ്ട അദ്ദേഹത്തിന്റെ വോട്ടഭ്യർഥനകൾക്ക് അദ്ദേഹത്തെ സ്‌നേഹിക്കുന്ന ജനം വലിയ പരിഗണന നൽകുമായിരുന്നു. അതുകൊണ്ട് തന്നെയാണ് മുന്നണി രാഷ്ട്രീയത്തിൽ എല്ലാ കാലത്തും എല്ലാ കക്ഷികളും അദ്ദേഹത്തെ കൂടുതൽ, കൂടുതൽ അടുപ്പിച്ചു നിർത്താൻ ശ്രദ്ധിച്ചത്. ഇടതുപക്ഷത്തുണ്ടായിരുന്ന കാലത്ത് ഇ.കെ.നായനാരും, കെ.എം. മാണിയും പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങൾ സവിശേഷ ശ്രദ്ധയാകർഷിച്ചു. രണ്ട് തലയെടുപ്പുകൾ തന്നെയായിരുന്നു അത്. ഉത്സവങ്ങളിലെ എഴുന്നള്ളത്ത് ആനകൾ വരുന്ന പ്രതീതി. ഇ.കെ.നായനാരുടെ മന്ത്രിസഭയിൽ 635 ദിവസമാണ് അദ്ദേഹം അംഗമായിരുന്നത്.
മാണി എന്നെ ചതിച്ചുപോയയാളല്ലേ എന്ന് നായനാർ തെരഞ്ഞെടുപ്പ് യോഗങ്ങളിലും അല്ലാതെയും വിളിച്ചു പറയുമ്പോൾ കെ.എം. മാണി ഹോ, നായനാരല്ലേ എന്ന് സ്‌നേഹം നിന്നു. നായനാർ അകത്തെന്തെങ്കിലും വെച്ച് പറയുന്നതല്ലെന്ന് മാണിയെപ്പോലെ അറിയുന്നവർ മറ്റാരുമുണ്ടാകില്ല. അല്ലെങ്കിൽ തന്നെ രാഷ്ട്രീയ വിമർശങ്ങൾ വ്യക്തിപരമായി എടുക്കുന്നയാളായിരുന്നില്ല അദ്ദേഹം. 1967 ലെ ഇ.എം.എസ് മന്ത്രി സഭക്കെതിരെ ഏറ്റവുമധികം ആരോപണങ്ങൾ ഉന്നയിച്ചത് കെ.എം.മാണിയായിരുന്നുവെന്നത് ചരിത്രം- എല്ലാം രേഖാ സഹിതം. കേരള നിയമസഭയിൽ ആദ്യമായി ഫോട്ടോ സ്റ്റാറ്റ് രേഖയായി ഉയർത്തുക്കാട്ടി പ്രസംഗിച്ചത് കെ.എം മാണിയായിരുന്നു. 14 എം.എൽ.എമാരുണ്ടായിരുന്ന മാണിയുടെ കക്ഷിക്ക് അന്ന് നിയമസഭയിൽ പ്രസംഗിക്കാൻ ആവശ്യത്തിലധികം സമയം കിട്ടുമായിരുന്നു. ഇത്രയൊക്കെയായിട്ടും ഇ.എം.എസ് തന്നോട് വ്യക്തി എന്ന നിലക്ക് ഒരു വിരോധവും കാണിച്ചിരുന്നില്ലെന്ന് അദ്ദേഹം പല വട്ടം പറഞ്ഞിട്ടുണ്ട്.
കെ.എം. മാണിയെ എതിർക്കുന്ന കാര്യത്തിൽ ഒരു ലക്കും ലഗാനുമില്ലാതെ പെരുമാറിയ ആളായ പി.സി.ജോർജിനോട് പോലും അദ്ദേഹം വിരോധം വെച്ച് പെരുമാറുന്നതായി ആരും കണ്ടിട്ടില്ല. ജോർജെ..എന്ന ഒരൊറ്റവിളിയിൽ എല്ലാം ഒതുക്കി. തെരഞ്ഞെടുപ്പ് കാലത്തും അല്ലാത്തപ്പോഴും അദ്ദേഹത്തിന്റെ പാർട്ടി പിളർന്നാൽപ്പിന്നെ ഏറ്റുമുട്ടലിന്റെ ഭാഷയും ഭാവവും മാറുന്നത് കേരളം പല വട്ടം കണ്ടതാണ്. അനുയായികൾ ഏറ്റുമുട്ടുമ്പോഴും അദ്ദേഹം അവരോട് പറഞ്ഞു: വിട്ടേക്കെന്നെ. ജനങ്ങളുമായി ആഴത്തിലുള്ള ബന്ധം നിലനിർത്തിയ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടാകുന്നത് സ്വാഭാവികം. അതുകൊണ്ട് തന്നെ പാലായിൽ ഇതാ ഇപ്പോൾ തോൽപിച്ചുകളയും എന്ന് രാഷ്ട്രീയ എതിരാളികൾ ഭീഷണി നിന്നപ്പോഴും അദ്ദേഹം പാലക്കാരിൽ വിശ്വാസമർപ്പിച്ച് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന നാളുകളിൽ ഒരു ഘട്ടത്തിലദ്ദേഹം തനിക്ക് മുന്നണിയിൽ നിന്ന് സ്‌നേഹം തിരിച്ചു കിട്ടാത്ത കാര്യം പൊതുവേദിയിൽ പറയുന്നതും കേരളം കേട്ടു. 2016 ഓഗസ്റ്റിൽ ചരൽ കുന്നിൽ നടന്ന കേരള കോൺഗ്രസ് സമ്മേളനത്തിലാണ് യു.ഡി.എഫിനോട് അകലം പാലിക്കാൻ മാണിയുടെ പാർട്ടി തീരുമാനിച്ചത്. ഇതോടെ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനും തീരുമാനമായി. മാസങ്ങളോളം യു.ഡി.എഫിൽ നിന്നകന്ന കേരള കോൺഗ്രസിനെ ഒടുവിൽ ലീഗിന്റെ ഇടപെടലിലാണ് മുന്നണിയിൽ തിരിച്ചെത്തിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപു പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ കേരള യാത്രയുടെ കോട്ടയത്തെ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തത് കെ. എം മാണിയായിരുന്നു. കേരള രാഷ്ട്രീയത്തിൽ തന്റെ ഏറ്റവും വിശ്വസ്തർ മുസ്‌ലിം ലീഗാണെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത് അന്ന് വലിയ വിവാദമായിരുന്നു.
യു.ഡി.എഫിൽ നിന്നകന്നപ്പോഴും മലപ്പുറം ഉപതെരഞ്ഞെടുപ്പിലും വേങ്ങര ഉപതെരഞ്ഞെടുപ്പിലും ലീഗിന് പിന്തുണ നൽകുകയും യു.ഡി.എഫ് യോഗങ്ങളിൽ കെ.എം മാണി സജീവമാകുകയും ചെയ്തു. കാരണവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട് ലീഗ് എന്ന പാർട്ടിയും പി.കെ.കുഞ്ഞാലിക്കുട്ടിയും തിരിച്ചു നൽകിയ സ്‌നേഹവും വിശ്വാസ്യതയും.
കെ.കരുണാകനോടാണ് മാണിയുടെ രാഷ്ട്രീയ ജീവിതം കൂടുതലായി ചേർത്ത് വെക്കാൻ സാധിക്കുക. പ്രവർത്തന രീതിയുമായി വലിയ സാമ്യമൊന്നുമില്ലായിരുന്നുവെങ്കിലും കരുണാകരനെപ്പോലെ അദ്ദേഹവും തെരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും ഭീഷ്മാചാര്യരായി. കെ. കരുണകരന് പുറമെ, ഇ.എം.എസ്, സി.എച്ച്. മുഹമ്മദ് കോയ എന്നിവരും 1960 ന്റെ അവസാന പകുതിയിലെ സവിശേഷ തെരഞ്ഞെടുപ്പ് സാന്നിധ്യങ്ങളായിരുന്നു. ജീവിതത്തിന്റെ പകുതി വയസ്സ് പിന്നിട്ട കേരളീയരുടെയെല്ലാം മനസ്സിലെവിടെയെങ്കിലും തെരഞ്ഞെടുപ്പ് കാലത്തിന്റെ ഓർമച്ചീന്തായി ഇവരിൽ ഒരാളെങ്കിലും കാണും. വേദികളിലെ പ്രസംഗമായി, സാന്നിധ്യമായി. അങ്ങനെയൊരാളാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. ഇതൊക്കെയോർത്തു തന്നെയാണ് മാനന്തവാടി തലപ്പുഴയിൽ യു.ഡി.എഫ് പ്രചാരണത്തിനെത്തിയ എ.കെ.ആന്റണി ആ മരണവിവരം അറിഞ്ഞപ്പോൾ ജനം കണ്ടു നിൽക്കെ വിതുമ്പിപ്പോയത്. കെ.എം മാണിയുടെ മരണ വിവരം അറിഞ്ഞ് ഇല്ല, ഇനിയിന്നു ഞാൻ പ്രസംഗിക്കില്ല എന്നറിയിച്ച ആന്റണി പ്രകടിപ്പിച്ചത്‌കേരളത്തിന്റെ പൊതുദുഃഖം.