ആന്ധ്രാപ്രദേശിലെ അരകു ലോക്‌സഭാ മണ്ഡലത്തിൽ രക്തബന്ധത്തിന്റെ കരുത്തു പരീക്ഷിക്കപ്പെടുകയാണ്. ആറു തവണ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വി.കെ. സി.എസ്. ദേവിനെതിരെ (തെലുഗുദേശം പാർട്ടി) മത്സരിക്കുന്നത് മകൾ വി. ശ്രുതിദേവിയാണ് (കോൺഗ്രസ്). വി.കെ.സി.എസ്. ദേവ് നേരത്തെ കോൺഗ്രസ് ടിക്കറ്റിലും കോൺഗ്രസ് (സോഷ്യലിസ്റ്റ്) ടിക്കറ്റിലും ലോക്‌സഭയിലെത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രിയായിരുന്നു. വനാവകാശ നിയമമുണ്ടാക്കാൻ ആദ്യമായി പോരാട്ടം നടത്തിയവരുടെ കൂട്ടത്തിൽ അദ്ദേഹവുമുണ്ടായിരുന്നു. സാലൂറിലെ അനിയന്ത്രിത ബോക്‌സൈറ്റ് ഖനനത്തെ അദ്ദേഹം അതിശക്തമായി എതിർക്കുന്നു. ഇത്തവണ അരകുവിൽ ടി.ഡി.പിയിലെ ഉൾപോര് അദ്ദേഹത്തെ ഉലക്കുകയാണ്. നീണ്ട രാഷ്ട്രീയ പ്രവർത്തനം കൊണ്ടുണ്ടാക്കിയ ബന്ധങ്ങളാണ് അദ്ദേഹം ആധാരമാക്കുന്നത്.
മകൾക്കെതിരെ പൊരുതുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ ദേവിന്റെ മറുപടി ഇങ്ങനെ: അവൾക്ക് നാൽപത്താറായി. സ്വതന്ത്രയായ വ്യക്തിയാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഭരണഘടനാപരമായ അവകാശമാണ് അവൾ പ്രാവർത്തികമാക്കുന്നത്. അവളുടെ സ്ഥാനാർഥിത്വം അവളും പാർട്ടിയും തമ്മിലുള്ള ഇടപാടാണ്. ഇപ്പോഴും ഞങ്ങൾ ഒരു വീട്ടിലാണ് കഴിയുന്നത്. പരസ്പരം സംസാരിക്കാറുണ്ട്. രാഷ്ട്രീയ ചർച്ച നടത്താറില്ല.
പരസ്പരം പൊരുതുന്നത് ബന്ധത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ മകൾ ഇങ്ങനെ പ്രതികരിച്ചു: മൂന്നാലു വർഷമായി ആ അകൽച്ച ഉണ്ട്. അൽപനേരം നിർത്തിയ ശേഷം ശ്രുതി കൂട്ടിച്ചേർത്തു.. രാഷ്ട്രീയ ആശയവിനിമയത്തിന്റെ കാര്യത്തിൽ മാത്രം....
കുറുപ്പം രാജകുടുംബാംഗങ്ങളാണ് ദേവും മകളും. ഒഡിഷയോട് ചേർന്ന പശ്ചിമഘട്ട മലനിരകളിലെ അരകു കൊടുങ്കാടിനിടയിലെ ഒരു ഗ്രാമമാണ് കുറുപ്പം.
മുൻ സി.പി.ഐ എം.എൽ.എ ജി. ദേമുതുവിന്റെ മകൾ ജി. മാധവി വൈ.എസ്.ആർ കോൺഗ്രസ് സ്ഥാനാർഥിയായി ഇവിടെ ജനവിധി തേടുന്നുണ്ട്. വൈ.എസ്.ആർ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് ഇത്.
സംസ്ഥാന വിഭജനത്തോടെ തുടച്ചുനീക്കപ്പെട്ട കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുകയെന്ന ഭഗീരഥ യത്‌നമാണ് ശ്രുതി നേരിടുന്നത്. സുപ്രീം കോടതി അഭിഭാഷകയാണ് അവർ. 2014 ൽ പിതാവ് കോൺഗ്രസ് ടിക്കറ്റിൽ ഇവിടെ വൻ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട് മൂന്നാം സ്ഥാനത്തായി. സജീവരാഷ്ട്രീയത്തിലേക്കിറങ്ങാൻ അതാണ് ശ്രുതിക്ക് പ്രേരണയായത്. പിതാവ് പാർട്ടി മാറും മുമ്പേ താൻ കോൺഗ്രസ് ടിക്കറ്റിനായി പൊരുതുന്നുണ്ടെന്നും അതായിരിക്കാം പാർട്ടി വിടാൻ അദ്ദേഹത്തിന് അവസാന പ്രചോദനമായതെന്നും ശ്രുതി കരുതുന്നു.
എന്തുകൊണ്ട് കോൺഗ്രസ് വിട്ടുവെന്ന് ചോദിക്കുമ്പോൾ ദേവ് നൽകുന്ന വിശദീകരണം ഇങ്ങനെയാണ്: ആന്ധ്രാ വിഭജനത്തിനു ശേഷം കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടു. ഒന്നുകിൽ രാഷ്ട്രീയം ഉപേക്ഷിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും പ്രാദേശിക പാർട്ടിയിൽ ചേരുകയോ മാത്രമായിരുന്നു വഴി. ടി.ഡി.പിക്കാണ് ജനങ്ങളോട് പ്രതിബദ്ധയുള്ളതെന്നു തോന്നി. മോഡിയും അമിത് ഷായും തിരിച്ചുവരാതിരിക്കാൻ എന്റെ എല്ലാ സ്വാധീനവും ഉപയോഗിക്കും.
1989 ൽ സോഷ്യലിസ്റ്റ് കോൺഗ്രസും ടി.ഡി.പിയും തമ്മിലുള്ള സഖ്യം സാധ്യമാക്കുന്നതിൽ താൻ പങ്കുവഹിച്ചിരുന്നുവെന്നും ഇലക്ഷനു ശേഷം കോൺഗ്രസും ടി.ഡി.പിയും തമ്മിൽ ഐക്യമുണ്ടാക്കാനും തന്റെ പിന്തുണയുണ്ടാവുമെന്നും ദേവ് പറയുന്നു.
-ടി. സാലിം