ബി.ജെ.പിയെ പരിഹസിക്കാൻ 'ജുംല മീറ്ററു'മായി തൃണമൂൽ. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓരോ വ്യാജപ്രചാരണം നടത്തുമ്പോഴും തൽസമയം അതിന് മറുപടി നൽകുന്ന പദ്ധതിയാണ് ജുംല മീറ്റർ. കഴിഞ്ഞ അഞ്ചു വർഷം ഈ സർക്കാർ ഒരു വികസനവും നടത്തിയിട്ടില്ലെന്നും ഇപ്പോൾ കൂടുതൽ സ്വപ്‌നങ്ങൾ വിൽക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നതെന്നും യുവജനങ്ങൾ ഓർക്കേണ്ടതുണ്ടെന്ന് തൃണമൂൽ എം.പി ഡെറിക് ഒബ്രിയൻ പറഞ്ഞു.
തൃണമൂൽ പാർട്ടി വെബ്‌സൈറ്റിലാണ് ജുംല മീറ്റർ ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായോ എവിടെയെങ്കിലും പ്രസംഗിച്ച് ഒരു മണിക്കൂറിനകം പ്രസംഗത്തിൽ പരാമർശിക്കപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ട യഥാർഥ വസ്തുതകൾ ജുംല മീറ്ററിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങും.
ബി.ജെ.പി സർക്കാരിന് പാലിക്കാനാവാതിരുന്ന 15 വാഗാദ്‌നങ്ങളുമായാണ് ജുംല മീറ്റർ തുടങ്ങിയത്. സ്വയംതൊഴിൽ പ്രോത്സഹാപ്പിക്കുമെന്ന് മോഡി വാഗ്ദാനം നൽകിയെങ്കിലും 45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്ത് നിലനിൽക്കുന്നത്. ദേശീയ വികസനം സംസ്ഥാനങ്ങൾ വഴി നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി രാജ്യത്തിന്റെ ഫെഡറൽ ഘടന അപ്പാടെ തകർത്തു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നിരസിച്ചു, കേരളത്തിലും ബംഗാളിലും പ്രകൃതി ദുരന്തമുണ്ടായപ്പോൾ മതിയായ ഫണ്ട് നൽകിയില്ല -ഒബ്രിയൻ പറഞ്ഞു.
മെയ് 23 ന് ശേഷം തങ്ങൾ അധികാരത്തിൽ വന്നാൽ കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം പുനരാരംഭിക്കുമെന്നും ഒബ്രിയൻ പറഞ്ഞു. -ടി. സാലിം