Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രതാപനൊപ്പം ഒരു നാൾ....

തൃശൂരിൽനിന്ന് വണ്ടിയിൽ കയറും മുൻപ് പ്രതാപൻ മലയാളം ന്യൂസിനോട് പറഞ്ഞു: ഗൾഫിൽ ഒരുപാടൊരുപാട് സുഹൃത്തുക്കളുണ്ട്. എല്ലാവരോടും പറയണംട്ടോ...താങ്ങും തണലായും നിന്ന എത്രയോ പേരുണ്ട്...അവരുടെ പ്രാർത്ഥനകളുണ്ട്...എല്ലാറ്റിനും നന്ദിയുണ്ട്...ഓരോ പ്രവാസി മലയാളിയുടേയും പ്രശ്‌നങ്ങൾ എനിക്കറിയാം..പാർലമെന്റിൽ നിങ്ങളുടെ ശബ്ദമായിരിക്കും ഞാൻ...
കടലുകൾക്കപ്പുറത്തിരിക്കുന്ന പ്രവാസികളുടെ അനുഗ്രഹം മനസ്സിൽ കുറിച്ച് തൃശൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെ ഒരു ദിവസത്തെ പ്രചാരണം കൂടി തുടങ്ങി. കൃത്യമായ പ്ലാനിംഗോടെയാണ് കാര്യങ്ങൾ. സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുന്ന കെ.പി.സി.സിയുടെ ഐ.ടി.സെൽ. വാർ റൂം എന്ന് പേരിട്ടിരിക്കുന്ന കൺട്രോൾ റൂമിൽ സദാ ജാഗ്രതയോടെ പ്രവർത്തകരുണ്ട്.ഓരോ വിവരവും അപ്പപ്പോൾ പ്രതാപനെ അറിയിക്കാൻ...
കൃത്യമായ ഷെഡ്യൂളിലാണ് കാര്യങ്ങൾ. എന്നിട്ടു പോലും പലയിടത്തും നിശ്ചയിച്ച സമയത്ത് എത്താൻ പറ്റുന്നില്ല. രാവേറെ വൈകിയാണ് ഉറക്കം. കിഴക്കുണരുമ്പോഴേക്കും എഴുന്നേൽക്കുകയും ചെയ്യും. ചൂടു കാരണം ഭക്ഷണം കഴിക്കൽ കുറച്ചെന്നും വെള്ളം കുടിക്കുന്നത് കൂട്ടിയെന്നും ഒപ്പമുള്ളവർ പറഞ്ഞപ്പോൾ അതൊന്നും ഒരു പ്രശ്‌നമേ അല്ലെന്ന് പ്രതാപന്റെ ഈസിയായ മറുപടി. 
ആദ്യ സ്വീകരണ സ്ഥലമായ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ആളൂർ വല്ലക്കുന്നത്തേക്ക് പ്രചാരണ വാഹനം എത്താൻ സമയമെടുക്കും. അതിനിടെ ചാനലുകാർ ആരോ ഫോണിൽ വിളിച്ചു. അവരോട് സംസാരിച്ച് ഫോൺ കട്ട് ചെയ്തതും അടുത്ത കോൾ എത്തി. തൃശൂരിന്റെ വികസന സ്വപ്‌നങ്ങളെക്കുറിച്ച് ചോദിക്കാനായിരുന്നു ആ കോൾ. സ്വീകരണ സ്ഥലം എത്തും വരെ സംസാരിക്കാമെന്ന് പറഞ്ഞ് പ്രതാപൻ തൃശൂരിന്റെ വികസനത്തെക്കുറിച്ച് അവരോട് ഫോണിൽ സംസാരിക്കാൻ തുടങ്ങി. അപ്പോഴേക്കും പ്രചാരണ വാഹനത്തിന്റെ മുന്നിലെ അനൗൺസ്‌മെന്റ് വാഹനത്തിലെ മൈക്കുകൾ ഉറക്കമുണർന്ന് ശബ്ദമുയർത്താൻ തുടങ്ങിയിരുന്നു. അതുക്കും മേലെ പ്രതാപൻ ശബ്ദമുയർത്തി തന്റെ സ്വപ്‌നങ്ങൾ മാധ്യമങ്ങളുമായി പങ്കിട്ടു. സ്ഥലമെത്താറായി തൽക്കാലം നിർത്തുന്നുവെന്ന് പറഞ്ഞ് വേഗം ഫോൺ കട്ടു ചെയ്ത് സ്ഥാനാർത്ഥി ഫസ്റ്റ് ബോൾ നേരിടാനെന്ന പോലെ തയാറായി. ത്രിവർണ ഷാൾ കഴുത്തിലണിഞ്ഞ് ഉഷാറായി സടകുടഞ്ഞെഴുനേറ്റു.പ്രതാപന്റെ പ്രചാരണ വാഹനം നിർത്തിയ ഉടൻ സ്ഥാനാർത്ഥിയെ കണ്ട് ഓടി വന്ന് അഭിവാദ്യമർപ്പിച്ചവരിൽ പ്രായമായവർ വരെയുണ്ടായിരുന്നു. 
ഇരിങ്ങാലക്കുടയുടെ സ്വന്തം അഡ്വ. തോമസ് ഉണ്ണിയാടൻ പ്രതാപന്റെ കൂടെയുണ്ടായിരുന്നു.ആളൂർ മൂരിയാട്, പൊറത്തിശ്ശേരി. ഇരിങ്ങാലക്കുട ടൗൺ മണ്ഡലങ്ങളിലാണ് പര്യടനം നിശ്ചയിച്ചിരുന്നത്. കെ.പി.സി.സി സെക്രട്ടറി എം.പി ജാക്‌സൺ, എം.എസ് അനിൽകുമാർ, സോമൻ ചിറ്റേത്ത്, ബാബു തോമസ്, കെപി രാജു എന്നിവർ പ്രതാപന്റെ ഒപ്പം തന്നെ സജീവമായി ഉണ്ടായിരുന്നു. എട്ടരയാകുമ്പോഴേക്കും ചൂട് കനത്തു തുടങ്ങി. പ്രവർത്തകർ പോലും ക്ഷീണിക്കാൻ തുടങ്ങിയെങ്കിലും സ്ഥാനാർത്ഥിക്കൊരു കുഴപ്പവുമില്ല. എല്ലാവരേയും ചിരിച്ചുകൊണ്ട് നേരിട്ട് പ്രതാപൻ സീൻ ഉഷറാക്കി. വെള്ളം കുടിച്ചും നനഞ്ഞ ടവൽ കൊണ്ട് മുഖം തുടച്ചും സൂര്യതാപത്തെ പ്രതിരോധിച്ച് പ്രതാപൻ അടുത്ത പ്രചാരണസ്ഥലത്തേക്ക് നീങ്ങി. അതിനിടെ പ്രാദേശിക നേതാക്കളടക്കമുള്ളവർ ഷാളുകളും പൊന്നാടകളും മാലയുമണിയിച്ച് ബൊക്കെ നൽകി. ചിലരെല്ലാം ചില നിവേദനങ്ങളും കവറിലാക്കി നൽകുന്നുണ്ടായിരുന്നു. അവ മേടിച്ച് ഒപ്പമുള്ള സഹായിയുടെ കയ്യിൽ സൂക്ഷിക്കാനേൽപിച്ച് എല്ലാം ശരിയാക്കാമെന്ന് നിവേദനം തന്നവരോട് വാക്കു പറഞ്ഞ് അവരെ ആശ്വസിപ്പിക്കുന്നുമുണ്ടായിരുന്നു.  പതിനൊന്ന് മുതൽ മൂന്നു വരെ പ്രചാരണ വണ്ടിക്കൊപ്പം പോണോ വെയിലേറ്റു വാടണോ എന്ന് സംശയിച്ചെങ്കിലും പ്രതാപന്റെ ആവേശം കണ്ടപ്പോൾ കൂടെ പോകാതിരിക്കാൻ കഴിഞ്ഞില്ല. പ്രതാപനെ കാത്ത് ഏറെനേരം പൊരിവെയിലിൽ നിന്നവരെ കണ്ടപ്പോൾ വരാതിരുന്നെങ്കിൽ ഈ കാഴ്ച മിസ്സാകുമായിരുന്നു എന്ന് മനസ്സ് പറഞ്ഞു. 
കത്തിനിൽക്കുന്ന സൂര്യനെ വകവെക്കാതെ പ്രതാപനെ കാണാൻ ഏറെനേരമായി കാത്തുനിൽക്കുകയായിരുന്നു  കൂരിയിൽ ലീല എന്ന വീട്ടമ്മ. പ്രതാപനെ കണ്ടപാടെ കെട്ടിപ്പിടിച്ച് നെറുകയിൽ ഒരു മുത്തം നൽകി കണ്ണിൽ നിന്നും ആനന്ദാശ്രുക്കൾ പൊഴിച്ചുകൊണ്ട് കൈരണ്ടും മുറുകെപിടിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു: പ്രതാപൻ മോനല്ലെ ജയിക്കേണ്ടത്. ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് മോൻ ജയിച്ചാലലല്ലേ കാര്യങ്ങളുള്ളൂ. കോൺഗ്രസ് പ്രസ്ഥാനത്തെ ജീവനോളം സ്‌നേഹിക്കുന്ന ലീല പണ്ട് ഇന്ദിരാഗാന്ധി തൃശൂരിൽ വന്നപ്പോൾ മൂരിയാട്ട് നിന്നും തൃശൂരിലേക്ക് നടന്നുപോയത് ഇപ്പോഴും ഓർക്കുന്നുണ്ട്. അസുഖബാധിതയായ മകളെ വീട്ടിൽ നിർത്തിയാണ് തനിക്കേറെ പ്രിയപ്പെട്ട പ്രതാപനെ ഒരുനോക്ക് കാണാൻ വേണ്ടി പൊരിവെയിലത്ത് അവർ കാത്തുനിന്നത്. കൈയിൽ കരുതിയ പൂമാല പ്രതാപനെ ലീല അണിയിച്ചു. തന്റെ എല്ലാ പിന്തുണയും പ്രാർത്ഥനകളും ഉണ്ടാകുമെന്ന് പറഞ്ഞാണ് ലീല പ്രതാപനെ അനുഗ്രഹിച്ചയച്ചത്.തുറന്ന വാഹനത്തിൽ തുറന്ന ചിരിയോടെ പ്രതാപൻ പിന്നെ ഇരിങ്ങാലക്കുടയുടെ നാട്ടിടവഴികളിലേക്ക് കടന്നു. ഇരുവശവും ആളുകൾ തിങ്ങിനിറഞ്ഞിരിക്കുന്നു. അവർ പ്രതാപനെ കൈവീശിക്കാണിച്ചു. പ്രതാപൻ തിരിച്ചും. ഏറെ നേരമായി ഇവരെല്ലാം കാത്തുനിൽക്കുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ ചെവിയിൽ പറഞ്ഞപ്പോൾ പ്രതാപൻ വണ്ടിയിൽ നിന്നിറങ്ങി അവരുടെ അടുത്തെത്തി എല്ലാവരോടും കുശലാന്വേഷണം നടത്തി. ഇരിങ്ങാലക്കുടയിലെ നാല് പഞ്ചായത്തുകളാണ് ഒറ്റ ദിവസം കൊണ്ട് കവർ ചെയ്തത്.
നിരവധി ബൈക്കുകളുടെ അകമ്പടിയോടെ പ്രയാണം തുടർന്ന ജാഥയെ ഷോളയാറിൽ കൊന്നപ്പൂക്കൾ നൽകി നാട്ടുകാർ സ്വീകരിച്ചു. താണിപ്പാറയിൽ കാത്തുനിന്ന സ്ത്രീകളടക്കമുള്ളവർ കൈകൊട്ടിപ്പാടിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. മുല്ലപ്പൂമാലയണിയിച്ചുകൊണ്ട് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവർ സ്‌നേഹത്തോടെ സ്വീകരിച്ചു. നാട്ടുകാരനായ ജയിംസ് ഓടി വന്ന് പ്രതാപനെ കെട്ടിപ്പിടിച്ച് ഇത്തവണ നമ്മ പൊളിക്കൂട്ടാ..രാഹുൽ മോൻ വരണം പ്രതാപൻ ജയിക്കണം ഇതെന്നാ മ്മടെ ഉള്ളിലുള്ളത് എന്ന ഡയലോഗടിച്ചതോടെ കയ്യടിയും ബഹളവും ആർപ്പുവിളികളും നിറഞ്ഞു.തീർച്ചയായും അതു തന്നെ സംഭവിക്കുമെന്ന് ജെയിംസിന് ഉറപ്പുനൽകി പ്രതാപന്റെ യാത്ര തുടർന്നു.
ആളൂരിൽ സ്വീകരണമെത്തുമ്പോൾ മൂന്ന് മണിക്കൂറുകളോളം വൈകിയിരുന്നു. വഴിനീളെ കാത്തുനിന്നവരിൽ ചിലരുടെ അടുത്ത് ചെന്ന് നേരിട്ട് വിശേഷം ചോദിക്കുന്നതുകൊണ്ട് ഷെഡ്യൂളുകൾ വൈകുന്നുണ്ടായിരുന്നു. നിശ്ചയിക്കപ്പെട്ട സ്വീകരണ കേന്ദ്രങ്ങൾ അല്ലാത്ത ഇടങ്ങളിലും ഇറങ്ങി വോട്ടർമാരെ കണ്ടതോടെ നിശ്ചയിച്ച കേന്ദ്രങ്ങളിലെത്താൻ സ്ഥാനാർത്ഥി വൈകി. പക്ഷേ കാത്തുനിന്നവരാരും പോയിരുന്നില്ല. അവർ ആവേശത്തിമർപ്പോടെ പ്രതാപനെ സ്വീകരിച്ചു. 
ആളൂർ ടൗണിൽ  വാഹനമെത്തുമ്പോൾ പ്രചാരണ വാഹനത്തിനു മുമ്പേ പോകുന്ന ഗാനമേള സംഘത്തിന്റെ പാട്ട് കേട്ടുനിന്ന നാട്ടുകാർക്കിടയിൽ സ്ഥാനാർത്ഥി വന്നിറങ്ങിയപ്പോൾ നട്ടുച്ച നേരത്തും അണപൊട്ടിയ ആവേശം ആളൂർ അങ്ങാടിയെ പ്രകമ്പനം കൊള്ളിച്ചു. ആളൂർ പഞ്ചായത്തിലെ അവസാന സ്വീകരണ കേന്ദ്രമായ കല്ലേറ്റും കരയിലെത്തിയപ്പോൾ വാഴക്കുല നൽകിയാണ് നാട്ടുകാർ തങ്ങളുടെ സ്‌നേഹവായ്പുകൾ പങ്കുവെച്ചത്. കൊഴിഞ്ഞാമ്പാറയിൽ മധുര വെള്ളം നൽകിയാണ് മൂരിയാട് മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. ആനന്ദപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വരച്ച ടി.എൻ. പ്രതാപന്റെ ഛായാചിത്രം നൽകിയാണ് സ്വീകരിച്ചത്. മൂരിയാട് പഞ്ചായത്ത് ഓഫീസിൽ കയറി വോട്ട് ചോദിച്ചു. പുല്ലൂർ വിഷ്ണുക്ഷേത്രത്തിനു മുന്നിൽ സ്ത്രീ വോട്ടർമാരായിരുന്നു പ്രതാപനെ സ്വീകരിക്കാൻ കൂടുതലുണ്ടായിരുന്നത്. വൈകിട്ട്  കരുവന്നൂരിൽ നൂറുകണക്കിന് പ്രവർത്തകരുടെ ആവേശത്തിനൊപ്പം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പിന്നെ വൈകും വരെ പ്രചാരണ വാഹനത്തിലേറെ വോട്ടഭ്യർത്ഥന. രാവേറെ വൈകി അവസാന സ്വീകരണ സ്ഥലത്തെത്തുമ്പോഴേക്കും ക്ഷീണിതനായിരുന്നു സ്ഥാനാർത്ഥിയും പ്രവർത്തകരും. പക്ഷേ ക്ലൈമാക്‌സിൽ ആളിക്കത്തി പ്രതാപൻ നിറഞ്ഞുനിന്നു. രാഹുൽ ഗാന്ധിയെക്കുറിച്ച് പറയുമ്പോൾ അമിതാവേശമായിരുന്നു. 
 

Latest News