മലപ്പുറം-പ്രചാരണത്തിൽ പുതിയ തരംഗങ്ങളുയരുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർഥികൾ കാമ്പസുകളിൽ നിന്ന് റോഡ് ഷോയിലേക്ക് കടന്നു. യു.ഡി.എഫിന്റെ ശക്തിദുർഗമായ മലപ്പുറത്ത് ഇത്തവണ ഇടതുപക്ഷം മുൻകാലങ്ങളേക്കാൾ സജീവമായാണ് പ്രചാരണ രംഗത്തുള്ളത്. ആദ്യഘട്ടത്തിൽ മണ്ഡലത്തിൽ കാമ്പസുകൾ കേന്ദ്രീകരിച്ചായിരുന്നു ഇരുമുന്നണികളുടെയും പ്രചാരണം. തെരഞ്ഞെടുപ്പ് അടുത്തു തുടങ്ങിയതോടെ റോഡ് ഷോകളിലൂടെ വോട്ടുറപ്പിക്കാനുള്ള തരംഗങ്ങളുണ്ടാക്കുകയാണ്. ഇതിനിടയിൽ മണ്ഡല പര്യടനം, കുടുംബ യോഗങ്ങൾ എന്നിവയും സജീവമാണ്.
മുസ്‌ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റ് വി.പി.സാനുവും തമ്മിൽ പ്രധാന മൽസരം നടക്കുന്ന മലപ്പുറത്ത് തെരഞ്ഞെടുപ്പ് ആവേശത്തിന് മുമ്പെന്നത്തേക്കാൾ വർധനവുണ്ട്.
വിദ്യാർഥികൾക്കിടയിൽ പിന്തുണയുള്ള സാനു നേരത്തെ തന്നെ കാമ്പസുകളിൽ തരംഗമുയർത്തിയതോടെ പി.കെ.കുഞ്ഞാലിക്കുട്ടിക്കും കാമ്പസുകളിലേക്ക് ഇറങ്ങേണ്ടി വന്നു. എം.എസ്.എഫിന്റെ നേതൃത്വത്തിൽ കാമ്പസുകളിൽ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കിയിരുന്നു.പുതിയ വോട്ടർമാർ ഏറെയുള്ള കാമ്പസുകളിൽ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ഏറെ സമയം ചെലവഴിക്കാൻ കുഞ്ഞാലിക്കുട്ടിയും രംഗത്തിറങ്ങി. ടീൻസ് മീറ്റ് പോലുള്ള പുതുമയുള്ള പരിപാടികൾ സംഘടിപ്പിച്ചാണ് യു.ഡി.എഫ് പ്രവർത്തകർ വി.പി.സാനുവിന്റെ കാമ്പസ് തന്ത്രങ്ങൾക്ക് മറുപടി നൽകിയത്. ബി.ജെ.പി സ്ഥാനാർഥിയും അധ്യാപകനുമായ വി.ഉണ്ണികൃഷ്ണനും കാമ്പസുകളെ പ്രധാന പ്രചാരണ വേദികളാക്കിയിരുന്നു.
പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോകൾ മലപ്പുറത്ത് ഇതിനകം ഏറെ നടന്നു. പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന റോഡ് ഷോകളിൽ ഇരുമുന്നണികളും മൽസരിക്കുകയാണ്. ബൈക്കുകളിലും മറ്റു വാഹനങ്ങളിലുമായി നൂറുകണക്കിന് യുവാക്കളാണ് റോഡ് ഷോകളിൽ പങ്കെടുക്കുന്നത്. വൈകുന്നേരങ്ങളിൽ നടക്കുന്ന റോഡ് ഷോകളാണ് നഗരങ്ങളിൽ തെരഞ്ഞെടുപ്പിന്റെ ആവേശം പ്രധാനമായും വിതറുന്നത്. വി.പി.സാനുവിന് വേണ്ടി ജില്ലയിലെ ഇടതുപക്ഷാഭിമുഖ്യമുള്ള വിദ്യാർഥികളാണ് ഏറെയും പ്രചാരണരംഗത്ത് സജീവമായുള്ളത്.
യു.ഡി.എഫിന് വൻവിജയം സമ്മാനിച്ചു വരാറുള്ള മലപ്പുറത്ത് ഇത്തവണ വലിയ മുന്നേറ്റം നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് നേതാവ് പരേതനായ ഇ.അഹമ്മദ് വിജയിച്ചത് 1,94,739 വോട്ടുകൾക്കാണ്. അഹമ്മദിന് 4,37,723 വോട്ടുകൾ ലഭിച്ചപ്പോൾ സി.പി.എം സ്ഥാനാർഥി പി.കെ.സൈനബക്ക് 2,42,984 വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പി.സ്ഥാനാർഥി അഡ്വ.ശ്രീപ്രകാശിന് ലഭിച്ചത് 64,705 വോട്ടുകളും.
ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് 2017 ൽ മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ പി.കെ.കുഞ്ഞാലിക്കുട്ടി വിജയിച്ചത് 1,71,038 വോട്ടുകൾക്കായിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് 5,15,325 വോട്ടുകളും സി.പി.എം സ്ഥാനാർഥി എം.ബി.ഫൈസലിന് 3,44,287 വോട്ടുകളും ലഭിച്ചു. ബി.ജെ.പിയുടെ അഡ്വ.ശ്രീപ്രകാശ് നേടിയതാകട്ടെ 65,662 വോട്ടുകളും.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറച്ചു കൊണ്ടുവരാനായത് ഇടതുപക്ഷം പ്രതീക്ഷയോടെയാണ് കാണുന്നത്. വർധിച്ച പുതിയ വോട്ടുകളെ അനുകൂലമാക്കി യു.ഡി.എഫിനോട് കടുത്ത മൽസരം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി നേതൃത്വം.