ബാബരി മസ്ജിദ് നിന്നിടത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീര്‍ഭദ്ര സിങ്

ഷിംല- അയോധ്യയില്‍ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് സ്ഥിതിചെയ്തിരുന്ന അതേസ്ഥലത്തു തന്നെ രാമ ക്ഷേത്രം നിര്‍മിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന വീര്‍ഭദ്ര സിങ്. രാമ ക്ഷേത്ര വിഷയത്തില്‍ ബിജെപി നിലപാട് ഏറ്റുപറഞ്ഞ് പിടിഐ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കി വീര്‍ഭദ്ര സിങ് ഇങ്ങനെ പറഞ്ഞത്. ഇന്ത്യയില്‍ ഇസ്ലാം എത്തിയത് വൈകിയാണെന്നും അയോധ്യയില്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'ഭഗവാന്‍ രാമന്റെ തലസ്ഥാനമായിരുന്നു അയോധ്യ. പള്ളി പൊളിച്ചിട്ടുണ്ടെങ്കില്‍ ക്ഷേത്രം നിര്‍മ്മിക്കൂ,'- അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ധൈര്യം ബിജെപിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം നിര്‍മിക്കാനുള്ള ഇച്ഛാശക്തി ബിജെപിക്കില്ലെന്ന് അഭിമുഖത്തിനിടെ സിങിന്റെ ഒരുവശത്തിരിക്കുകയായിരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് മുകേശ് അഗ്നിഹോത്രിയും പറഞ്ഞു. രാമ ക്ഷേത്രത്തെ കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും വീര്‍ഭദ്ര സിങ് പിന്നീട് വ്യക്തമാക്കി.
 

Latest News