തായ്‌ലന്‍ഡിലേക്ക് ടൂര്‍ പോകുന്നവര്‍ അറിയാന്‍; ഈ ബീച്ചില്‍ സെല്‍ഫി എടുത്താല്‍ വധശിക്ഷ!

ബാങ്കോക്- കുറഞ്ഞ ചെലവില്‍ വിനോദ യാത്ര ചെയ്യുന്നവരുടെ പറുദീസയായ തായ്‌ലാന്‍ഡിലെ ഒരു ബീച്ചില്‍ ഇനി പതിവു പോലെ സെല്‍ഫി എടുക്കല്‍ നടക്കില്ല. ഇതു തലപോകുന്ന കേസാക്കിയിരിക്കുകയാണ് അധികൃതര്‍. തായ്‌ലന്‍ഡിലെത്തുന്ന ഏതൊരു വിനോദ സഞ്ചാരിയും സെല്‍ഫി എടുക്കാന്‍ ആ്ഗ്രഹിക്കുന്ന ഒരു ബീച്ചിലാണ് സെല്‍ഫി എടുക്കല്‍ വന്‍ പിഴയും വധശിക്ഷ വരെ അര്‍ഹിക്കുന്നതുമായ കുറ്റമാക്കിയ അസാധാരണ നിയമം നടപ്പിലാക്കിയിരിക്കുന്നത്. തായ് പ്രവിശ്യയായ പൂകെറ്റിലെ മായ് ഖാവോ ബീച്ചിലാണ് സെല്‍ഫിക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തി ശിക്ഷയും കടുപ്പിച്ചത്. പ്രധാനമായും ടൂറിസ്റ്റുകള്‍ ഈ ബീച്ചിലെത്തുന്നത് ഒരു അപൂര്‍വ ഫോട്ടോ ലഭിക്കാന്‍ മാത്രമാണ്.

പൂകെറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റണ്‍വെയോട് ചേര്‍ന്നാണ് ഈ ബീച്ച്. ഇവിടെ എത്തിയാല്‍ വിമാനം തലയ്ക്കു തൊട്ടുമുകളിലൂടെ പറന്നു പോകുന്ന ദൃശ്യം പകര്‍ത്താം. ഇതിനാണ് നൂറുകണക്കിന് ടൂറിസ്റ്റുകള്‍ ഇവിടെ എത്തുന്നത്. പറക്കുന്ന വിമാനത്തെ കൈകൊകൊണ്ട് തൊടുന്ന പോലെ ഫോട്ടോയും സെല്‍ഫിയും എടുക്കാന്‍ കഴിയും. എന്നാല്‍ ഈ കാഴ്ച കാണാനായി ഇവിടേക്ക് ഒഴുകുന്ന ആളുകള്‍ വിമാന യാത്രക്കാരുടെ ജീവനു ഭീഷണിയാണ്. ബീച്ചില്‍ ആളുകള്‍ നിങ്ങിക്കൂടുന്നതും ഫ്‌ളാഷുകള്‍ മിന്നുന്നതും പൈലറ്റുമാരുടെ ശ്രദ്ധതെറ്റിക്കുന്നതാണ് കാരണം. ഇവിടെ ഡ്രോണുകള്‍ പറത്തുന്നതിനു വിലക്കേര്‍പ്പെടുത്തിയുട്ടുണ്ട്. ഡ്രോണുകളുടെ ശല്യം കാരണം പലപ്പോഴും വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ ഈ ബീച്ച് അടക്കരുതെന്നാണ് നാട്ടുകാര്‍ പറയുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന നിലപാടിയില്‍ വ്യോമയാന വകുപ്പ് അധികൃതര്‍ ഉറച്ചു നില്‍ക്കുകയാണ്.
 

Latest News