Sorry, you need to enable JavaScript to visit this website.

ചികിത്സക്ക് പകരം മന്ത്രവാദം: ക്രൂരതയ്ക്കു പിന്നില്‍ കുടുംബത്തിലെ കടുത്ത ദാരിദ്ര്യം

മലപ്പുറം- കാളികാവില്‍ അവശയായ പിഞ്ചു ബാലികയെ കുടുംബം ക്രൂരമായി മര്‍ദിക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്ത സംഭവത്തിനു പിന്നില്‍ കൊടും പട്ടിണി. ഭക്ഷണം നല്‍കാനോ ചികിത്സ നല്‍കാനോ സാമ്പത്തിക ശേഷിയില്ലാത്തതിനാലാണ് കുടുംബം മന്ത്രവാദ ചികിത്സയെ ആശ്രയിച്ചതെന്ന് വ്യക്തമായി. മര്‍ദനം പുറത്തറിഞ്ഞതോടെ ശിശുക്ഷേമ വകുപ്പ് ഇടപെട്ട് കുടുംബത്തിലെ നാലു കുട്ടികളേയും മാതാവിനേയും അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പോഷകാഹരക്കുറവു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവര്‍ക്കുണ്ടെന്ന് സ്ഥിരീകരിച്ചു. കടുത്ത ദാരിദ്ര്യത്തിലായിരുന്നു കുടുംബ കഴിഞ്ഞിരുന്നത്. ചികിത്സിക്കാനും വിദ്യാഭ്യാസത്തിനുമുള്ള ചെലവുകള്‍ താങ്ങാനാവത്തതിനാണ് കുട്ടികളെ പുറത്തു വിടാതിരുന്നത്. ദാരിദ്ര്യം കാരണം ഇവയെ കുറിച്ചു ചിന്തിക്കാന്‍ പോലും കുടുംബത്തിനാകുമായിരുന്നില്ലെന്ന് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പറയുന്നു.

പ്രായമായ മാതാപിതാക്കള്‍ക്കൊപ്പമാണ് നാലു കുട്ടികളുടെ അമ്മയായ യുവതി കഴിഞ്ഞിരുന്നത്. യുവതിയുടെ പിതാവ് അനാരോഗ്യവും കാരണം ജോലിയെടുത്ത് കുടുംബം പോറ്റാന്‍ കഴിയുന്ന അവസ്ഥയിലല്ല. ഇദ്ദേഹം യാചന നടത്തിയും കുടുംബത്തെ പോറ്റിയിരുന്നു. കുട്ടികളുടെ മുത്തശ്ശിയാണ് വല്ലപ്പോവും ചെറിയ ജോലികള്‍ ചെയ്ത് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്. കുട്ടികളുടെ അമ്മ ജോലിക്കു പോയിരുന്നില്ല. ഈ യുവതിയുടെ വിവാഹത്തോടെയാണ് കുടുംബത്തിന് വീടും പറമ്പും നഷ്ടമായത്. ചാവക്കാട്ടേക്കാണ് യുവതിയെ വിവാഹം ചെയ്തയച്ചിരുന്നത്. വിവാഹത്തിന്റെ കടബാധ്യത തീര്‍ക്കാന്‍ ആകെയുണ്ടായിരുന്ന രണ്ടു സെന്റ് സ്ഥലവും വീടും വില്‍ക്കേണ്ടി വന്നു. പിന്നീട് വാടക വീടുകളിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇതിനിടെ ഒരു കുട്ടിയുണ്ടായതോടെ വിവാഹ ബന്ധവും വേര്‍പിരിഞ്ഞു. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതിയും ഒരു കുട്ടിയും വിവിധയിടങ്ങളില്‍ വാടക വീടുകളില്‍ കഴിഞ്ഞിരുന്നത്. 

ചെമ്പ്രശ്ശേരിയില്‍ ഒരു വാടക വീട്ടില്‍ താമസിക്കുന്നതിനിടെ യുവതി മറ്റൊരാളുമായി അടുപ്പത്തിലായി. ഇവര്‍ തമ്മില്‍ വിവാഹം നടന്നിട്ടില്ലെങ്കിലും വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു കാമുകന്‍. ഈ ബന്ധത്തില്‍ മൂന്നു കുട്ടികളുണ്ടായതോടെ കാമുകനും കൈവിട്ടു. ഇതോടെയാണ് കുടുംബം കടുത്ത പ്രതിസന്ധിയിലായത്. വാടക നല്‍കി താമസിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാതായതോടെയാണ് കാളികാവിലെ പൂങ്ങോട് നാലു സെന്റ് കോളനിയില്‍ കുടുംബം എത്തിയത്. ഇവിടെ ഒരു ഷെഡ് കെട്ടിയാണ് താമസം തുടങ്ങിയത്. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായവും കുടുംബത്തിന് ലഭിച്ചിരുന്നു. എന്നാല്‍ കുടുംബത്തിന്റെ കൊടിയ ദാരിദ്ര്യത്തെ കുറിച്ച് നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല.

യുവതിയുടെ മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയാണ് മുത്തശ്ശിയുടേയും മാതാവിന്റേയും മര്‍ദനങ്ങള്‍ക്ക് നിരന്തരം ഇരയായിരുന്നത്. പോഷാകാഹരക്കുറവു മൂലം വൈകല്യമുള്ള കുഞ്ഞിനെ ഒഴിവാക്കാനായിരുന്നു കുടുംബത്തിന്റെ ശ്രമമെന്നും സംശയിക്കപ്പെടുന്നു. കുട്ടിയുടെ ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. ഇങ്ങനെ ഒരു കുട്ടി ഇവരുടെ വീട്ടില്‍ ഉള്ളതായി അറിയില്ലെന്നാണ് അയല്‍ക്കാര്‍ പറഞ്ഞത്. ഈ കുട്ടിക്ക് ഭക്ഷണം നല്‍കാറില്ലെന്നു സഹോദരങ്ങള്‍ പറഞ്ഞതായും അവര്‍ ചൂണ്ടിക്കാട്ടി. നിരന്തരം മര്‍ദനത്തിരയാകുന്ന ഈ കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ വീട്ടിലെത്തി കാര്യമന്വേഷിച്ചത്. കുട്ടിയുടെ ദയനീയ അവസ്ഥ കണ്ട് നാട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു.

Latest News