ഉന്നത തസ്തികകൾ സൗദിവല്‍ക്കരിക്കും; ആദ്യഘട്ടം രണ്ട് മാസത്തിനകം

റിയാദ് - സ്വകാര്യ മേഖലയിൽ ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ശ്രമിച്ചുവരികയാണെന്ന് വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടം രണ്ടു മാസത്തിനകം നടപ്പാക്കും. ഉന്നത തസ്തികകൾ വഹിക്കുന്നതിൽ രണ്ടായിരം സൗദി യുവതീയുവാക്കൾക്ക് സ്വകാര്യ മേഖലയുമായി സഹകരിച്ച് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകും. ഒരു വർഷത്തിൽ കുറയാത്ത പരിശീലന കോഴ്‌സുകളാണ് നടത്തുക. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളിൽ നിയമനം നൽകും. 


ആദ്യ ഘട്ടം എത്രമാത്രം വിജയകരമാണെന്ന് വിലയിരുത്തിയ ശേഷം മറ്റു ഘട്ടങ്ങളും ആരംഭിക്കും. സ്വകാര്യ മേഖലയിൽ ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്നതിന് പ്രതിബന്ധങ്ങളൊന്നുമില്ല. സ്വകാര്യ മേഖലയിൽ 18 ലക്ഷത്തിലേറെ സൗദികൾ നിലവിൽ ജോലി ചെയ്യുന്നുണ്ട്. സൗദിയിൽ നിലവിൽ ദൃശ്യമായ സാമ്പത്തിക ചലനങ്ങളും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളും സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം വർധിപ്പിക്കുന്നതിനും സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.


ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്നത് സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിന് സഹായിക്കുമെന്ന് മസ്ദ കാറുകളുടെ സൗദിയിലെ ഏജൻസിയായ ഹാജി ഹുസൈൻ അലി രിദ കമ്പനി എം.ഡി അലി രിദ പറഞ്ഞു. പത്തു വർഷത്തിനുള്ളിൽ ഉന്നത തസ്തികകളിലെ സൗദിവൽക്കരണം 80 ശതമാനമായി ഉയർത്തുന്നതിന് പുതിയ പദ്ധതിയിലൂടെ സാധിക്കും. അക്കൗണ്ടിംഗ്, ഫിനാൻസ് വിഭാഗങ്ങളിൽ നിയമിക്കുന്നതിന് മതിയായ പരിചയ സമ്പത്തും യോഗ്യതകളുമുള്ള സൗദി ജീവനക്കാരെ കിട്ടാനില്ലാത്തത് സ്വകാര്യ കമ്പനികൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നിശ്ചിത കാലത്തേക്ക് സൗദി യുവതീയുവാക്കൾക്ക് മികച്ച പരിശീലനം നൽകിയും സർക്കാർ സ്‌കോളർഷിപ്പോടെ വിദേശങ്ങളിൽ ഉപരിപഠനം നടത്തുന്ന വിദ്യാർഥികളെ പ്രയോജനപ്പെടുത്തിയും ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സാധിക്കും. നിലവിൽ സൗദിയിൽ സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളിൽ മുപ്പതു ശതമാനത്തിനടുത്താണ് സൗദിവൽക്കരണമെന്നും അലി രിദ പറഞ്ഞു. സ്വദേശി ജീവനക്കാരുടെ കഴിവുകളിൽ വിശ്വാസമില്ലാത്തതും സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശികളുടെ ആധിപത്യവും സൗദിവൽക്കരണം നടപ്പാക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്ലാനുകളില്ലാത്തതും മറ്റുമാണ് ഉന്നത തസ്തികകളിൽ വിദേശികളെ നിയമിക്കുന്നതിന് കാരണം. 
 

Latest News