Sorry, you need to enable JavaScript to visit this website.

പോരാട്ടവീര്യം നുരയുന്ന ആലത്തൂരിൽ തുല്യശക്തിയായി മുന്നണികൾ  


ആലത്തൂർ- സി.പി.എമ്മിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ആലത്തൂരിൽ മുമ്പൊരിക്കലും കാണാത്ത പോരാട്ടവീര്യമാണ് ഇക്കുറി യു.ഡി.എഫ് കാഴ്ചവെക്കുന്നത്. തുടർച്ചയായി മൂന്നാം മത്സരത്തിനിറങ്ങുന്ന സിറ്റിംഗ് എം.പി പി.കെ. ബിജുവിന് ഒത്ത എതിരാളിയായി രമ്യ ഹരിദാസ് മാറും എന്ന് സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ സമയത്ത് ആരും കരുതിയിരുന്നതല്ല. പ്രചാരണ രംഗത്ത് ലഭിച്ച മികച്ച തുടക്കവും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളും ഉണ്ടാക്കിയ മാറ്റം ചെറുതല്ല. ഇരുമുന്നണികൾക്കും ഒരുപോലെ വിജയസാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലമാണ് ഇപ്പോഴിത്. സാമൂഹിക മാധ്യമങ്ങളിൽ ഓളം തീർത്ത് അടിച്ചു കയറുന്ന രമ്യ ഹരിദാസ് ഇത്തവണ ചെങ്കോട്ടയിൽ വിള്ളൽ വീഴ്ത്തിയാലും അത്ഭുതപ്പെടാനില്ലെന്നു ചുരുക്കം. കെ.പി.എം.എസ് സംസ്ഥാന ഉപദേശക സമിതി ചെയർമാൻ കൂടിയായ ബി.ഡി.ജെ.എസ് നേതാവ് ടി.വി. ബാബു ആണ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി. 
പാലക്കാട്, തൃശൂർ ജില്ലകളിലെ ഗ്രാമീണ മേഖലകൾ ഉൾപ്പെടുന്ന ആലത്തൂർ ലോകസഭാ മണ്ഡലം നിലവിൽ വരുന്നത് 2009 ലാണ്. നേരത്തേ നിലവിലുണ്ടായിരുന്ന ഒറ്റപ്പാലം സംവരണ മണ്ഡലത്തിന്റെ പുതിയ രൂപം എന്നു പറയാം. പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ, നെന്മാറ, തരൂർ നിയമസഭാ മണ്ഡലങ്ങളും തൃശൂർ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്ന പ്രദേശം. 2009ലേയും 2014ലേയും തെരഞ്ഞെടുപ്പുകളിൽ പി.കെ. ബിജുവാണ് ഇവിടെ ഇടതുമുന്നണിക്കു വേണ്ടി വെന്നിക്കൊടി പാറിച്ചത്. യു.ഡി.എഫ് തരംഗം ആഞ്ഞടിച്ച 2009 ൽ സംസ്ഥാനത്ത് എൽ.ഡി.എഫിന് ഏറ്റവും മികച്ച വിജയം സമ്മാനിച്ചത് ആലത്തൂരായിരുന്നു. 20960 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ എൻ.കെ. സുധീറിനെ ബിജു അന്ന് മറികടന്നത്. 2014ൽ കോൺഗ്രസിലെ കെ.എ. ഷീബക്കെതിരേ 37444 വോട്ടിനായിരുന്നു സി.പി.എം നേതാവിന്റെ വിജയം. 
വടക്കാഞ്ചേരി ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളിലെല്ലാം 2016ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ആണ് വിജയിച്ചത്. പാലക്കാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ നേടുന്ന മുൻതൂക്കമാണ് ആലത്തൂരിനെ ചുവപ്പിച്ച് നിർത്തുന്നതെന്ന് പൊതുവിൽ പറയാം. അതിൽ തന്നെ തരൂർ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളിൽ നേടുന്ന ലീഡാണ് പ്രധാനം. നെന്മാറ, ചിറ്റൂർ നിയമസഭാ മണ്ഡലങ്ങളിൽ ഇരുമുന്നണികളും ഏറെക്കുറെ തുല്യശക്തികളാണ്. 
വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം മണ്ഡലങ്ങളും അതാത് സാഹചര്യത്തിനനുസരിച്ച് ഇടത്തോട്ടും വലത്തോട്ടും തിരിയുന്നവയാണ്. പാലക്കാട് ജില്ലയിൽനിന്നും മുൻസ്പീക്കർ കെ. രാധാകൃഷ്ണന്റെ തട്ടകമായ ചേലക്കരയിൽനിന്നും പരമാവധി വോട്ടുകൾ സമാഹരിച്ച് വടക്കാഞ്ചേരിയിലും കുന്നംകുളത്തും ഉണ്ടായേക്കാവുന്ന ക്ഷീണം മറികടക്കുക എന്നതാണ് ഇടതു മുന്നണിയുടെ ഗെയിംപ്ലാൻ. തൃശൂർ ജില്ലയിലെ പ്രദേശങ്ങൾക്കു പുറമേ ചിറ്റൂരിലും ഇക്കുറി കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നാണ് യു.ഡി.എഫ് നേതാക്കളുടെ കണക്കുകൂട്ടൽ. ശക്തമായ സാന്നിധ്യമറിയിക്കുക എന്നതാണ് എൻ.ഡി.എ സ്ഥാനാർഥി ബാബുവിന്റെ ലക്ഷ്യം. 2014 ൽ 87803 വോട്ടാണ് മണ്ഡലത്തിൽ ബി.ജെ.പി നേടിയിരുന്നത്. 
സ്ഥാനാർഥിക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ല എന്നതും വളരെ നേരത്തേ പ്രചാരണം ആരംഭിക്കാൻ സാധിച്ചതും എൽ.ഡി.എഫിന് മേൽക്കൈ നൽകുന്ന ഘടകങ്ങളാണ്. സി.പി.എമ്മിന്റെ ശക്തമായ സംഘടനാ സംവിധാനവും ബിജുവിന്റെ മൂന്നാമങ്കത്തിന് കരുത്തു പകരുന്നു. 
കഴിഞ്ഞ ലോക്‌സഭയിൽ ചർച്ചകളിൽ പങ്കെടുത്തതിന്റേയും വിഷയങ്ങൾ അവതരിപ്പിച്ചതിന്റേയും കണക്കെടുത്താൽ ഏറ്റവും മികച്ച എം.പിമാരുടെ പട്ടികയിലാണ് ബിജുവിന്റെ സ്ഥാനം. തിരക്കേറിയ പൊതുപ്രവർത്തനത്തിനിടയിലും പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹം കാണിക്കുന്ന ശ്രദ്ധ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ശാസ്ത്രവിഷയത്തിൽ ഈയിടെയാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. എന്നാൽ ചെയ്ത കാര്യങ്ങൾ വോട്ടർമാർക്കിടയിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം വേണ്ടവണ്ണം വിജയിച്ചിട്ടില്ല എന്ന കാര്യം സി.പി.എം തന്നെ വിലയിരുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുന്നതിന് ബിജു വേണ്ടത്ര സമയം നീക്കിവെച്ചില്ല എന്ന വിലയിരുത്തലും അദ്ദേഹത്തെക്കുറിച്ച് പാർട്ടിക്കുണ്ട്. ഈ വിഷയം തന്നെയാണ് യു.ഡി.എഫും എൻ.ഡി.എയും ആലത്തൂരിൽ പ്രധാനമായി ഉയർത്തിക്കൊണ്ടു വരുന്നത്. മണ്ഡലത്തിൽ വരാത്ത എം.പി എന്ന ആരോപണത്തെ പ്രതിരോധിക്കാൻ സി.പി.എമ്മിന് ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്.
രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹണ്ടിലൂടെ കെ.എസ്.യുവിന്റേയും യൂത്ത്‌കോൺഗ്രസിന്റേയും നേതൃനിരയിലേക്ക് എത്തിയ രമ്യ ഹരിദാസ് ആലത്തൂരിലെ പ്രചാരണരംഗം അപ്രതീക്ഷിതമായി ഇളക്കി മറിച്ചു എന്ന് രാഷ്ട്രീയ എതിരാളികൾക്കു പോലും സമ്മതിക്കേണ്ടി വരും. പാട്ടുപാടിയും കൊച്ചുവർത്തമാനങ്ങൾ പറഞ്ഞും വോട്ടു പിടിക്കുന്ന രമ്യയുടെ ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ താരമാണിപ്പോൾ കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഈ വനിതാ നേതാവ്. ഇടതുമുന്നണി കൺവീനർ എ. വിജയരാഘവന്റേയും ഇടതുപക്ഷ സഹയാത്രിക ദീപ നിശാന്തിന്റേയും വിവാദ പ്രസ്താവനകൾ പ്രചാരണരംഗത്ത് രമ്യ ഹരിദാസിന് ഗുണം ചെയ്തിട്ടുണ്ട്. എന്നാൽ ബിജു എന്ന ഇരുത്തം വന്ന ജനപ്രതിനിധിയേയും സി.പി.എമ്മിന്റെ ശക്തമായ സംഘടനാ സംവിധാനത്തേയും മറികടക്കുക എന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സംഘടനാ സംവിധാനം ഏറെ ദുർബലമാണ് മണ്ഡലത്തിന്റെ പല മേഖലകളിലും.
എൻ.ഡി.എയിൽ ബി.ഡി.ജെ.എസിന് ലഭിച്ച നാലു സീറ്റുകളിൽ ഒന്നാണ് ആലത്തൂർ. വോട്ട് വർധിപ്പിക്കുക എന്നതിൽ അപ്പുറത്തേക്ക് ടി.വി. ബാബുവിന്റെ പോരാട്ടത്തിന് വലിയ പ്രസക്തി ഒന്നുമില്ല. എന്നാൽ അദ്ദേഹം നേടുന്ന ഓരോ വോട്ടും മത്സരഫലത്തെ സ്വാധീനിച്ചേക്കാം. 
ആലത്തൂരിൽ സംഘ്പരിവാർ യു.ഡി.എഫിന് വോട്ട് നൽകുമെന്ന പ്രചാരണം എൽ.ഡി.എഫ് കേന്ദ്രങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പാലക്കാട്ട് ഒരു വിഭാഗം കോൺഗ്രസുകാർ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിന് പകരമായി ആലത്തൂരിൽ യു.ഡി.എഫിനെ ആർ.എസ്.എസ് പിന്തുണക്കും എന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം. 
ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ വിജയം ഇരുകൂട്ടർക്കും അഭിമാനപ്രശ്‌നം ആയി മാറിയിട്ടുണ്ട്. പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രണ്ട് പ്രമുഖ യുവ എം.എൽ.എമാരെയാണ് യു.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത്. തൃശൂർ ജില്ലയിൽ അനിൽ അക്കര എം.എൽ.എക്കും പാലക്കാട് ജില്ലയിൽ ഷാഫി പറമ്പിൽ എം.എൽ.എക്കും ആണ് ചുമതല. അപകടം മണത്ത എൽ.ഡി.എഫ് ആകട്ടെ സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളെയാണ് ആലത്തൂരിന്റെ ചുമതല ഏൽപിച്ചിരിക്കുന്നത്. അതനുസരിച്ച് തരൂർ, ആലത്തൂർ, നെന്മാറ മണ്ഡലങ്ങളിലെ കാര്യം മന്ത്രി എ.കെ. ബാലനും വടക്കാഞ്ചേരി, കുന്നംകുളം മണ്ഡലങ്ങളിലെ കാര്യം മന്ത്രി എ.സി. മൊയ്തീനും ശ്രദ്ധിക്കണം. ചിറ്റൂർ എം.എൽ.എകൂടിയായ മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് അവിടെ തമ്പടിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് നിർദ്ദേശം. മുൻസ്പീക്കർ കെ. രാധാകൃഷ്ണനാണ് ചേലക്കരയുടെ ചുമതല. എന്തു വില കൊടുത്തും ആലത്തൂർ ചെങ്കോട്ടയായി നിലനിർത്തേണ്ട ബാധ്യത ഇപ്പോൾ ഈ നേതാക്കൾക്കാണ്.
പാലക്കാട്, തൃശൂർ ജില്ലകളിലെ പിന്നോക്ക പ്രദേശങ്ങൾ ഉൾപ്പെടുന്ന ആലത്തൂർ സംവരണ മണ്ഡലത്തിലെ വോട്ടർമാരിൽ അധികവും കർഷകരും കർഷകത്തൊഴിലാളികളും ആണ്. സ്വാഭാവികമായും ആ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എല്ലാവരും പ്രചാരണരംഗത്ത് സജീവമായി ഉന്നയിക്കുന്നു. അടിസ്ഥാന വികസന പ്രശ്‌നങ്ങളായ റോഡും കുടിവെള്ളവും പൊള്ളുന്ന വിഷയങ്ങളാണ്. സി.പി.എമ്മിനേയും ഇടതുമുന്നണിയേയും പ്രതിക്കൂട്ടിൽ കയറ്റിക്കൊണ്ടാണ് യു.ഡി.എഫും എൻ.ഡി.എയും അവ ഉന്നയിക്കുന്നത്. വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതാ നിർമ്മാണത്തിലെ കാലതാമസവും ചൂടേറിയ വിഷയം തന്നെ. മറ്റ് പല മണ്ഡലങ്ങളിലും എന്നതു പോലെ ആലത്തൂരിലും എൻ.ഡി.എയുടെ പ്രധാന പ്രചാരണ വിഷയം ശബരിമലയാണ്. അത് ചർച്ചയാവുന്നതിന്റെ ഗുണം തങ്ങൾക്കാണ് ലഭിക്കുക എന്ന് യു.ഡി.എഫും കണക്കു കൂട്ടുന്നു.  
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് സംസ്ഥാനത്ത് എൽ.ഡി.എഫിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലമായി കണക്കാക്കപ്പെട്ടിരുന്നത് ആലത്തൂർ ആണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ തരംഗം സൃഷ്ടിച്ച് വാശിയേറിയ പോരാട്ടത്തിന്റെ അന്തരീക്ഷം മണ്ഡലത്തിൽ ഒരുക്കാൻ രമ്യ ഹരിദാസിന് സാധിച്ചിട്ടുണ്ട്. പോരാട്ടം വിജയത്തിലേക്ക് എത്തിക്കുവാൻ രാഹുൽഗാന്ധിയുടെ ഈ കണ്ടെത്തലിന് കഴിയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കൗതുകത്തോടെ ഉറ്റുനോക്കുന്നത്.
 

Latest News