Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയും ലീഗും കാൻസറും ജലദോഷവുംപോലെയെന്ന് എം.എ ബേബി

കോഴിക്കോട് -  ബി.ജെ.പി വർഗീയതയും ലീഗിന്റെ വർഗീയതയും കാൻസറും ജലദോഷവും പോലെ അന്തരമുള്ള വിഷയമാണെന്നും മുസ്‌ലിംലീഗിനെ വൈറസ് എന്നു വിളിച്ച യോഗി ആതിഥ്യനാഥിന്റെ പരാമർശം രാഷ്ട്രീയ അശ്ലീലമാണെന്നും  സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പർ എം.എ ബേബി. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സി.പി.എം പല സംസ്ഥാനങ്ങളിലും സാധ്യതക്കനുസരിച്ചു കൂടുതൽ ലോക്‌സഭാ സീറ്റുകളിൽ മത്സരിക്കാത്തത് മതേതര വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാനാണെന്നും ബേബി പറഞ്ഞു.
ബി.ജെ.പിയും യു.ഡി.എഫും തമ്മിൽ വോട്ടുകച്ചവടത്തിന്റെ വിവരങ്ങളാണ് സംസ്ഥാനത്തൊട്ടാകെ പുറത്തു വരുന്നത്. 1991 ൽ ബേപ്പൂരും വടകരയും പൊതുസമ്മതരെ എന്ന രീതിയിൽ പരീക്ഷിച്ചപ്പോൾ തള്ളിക്കളഞ്ഞ വോട്ടർമാർ ഈ കച്ചവടത്തിനും തിരിച്ചടി നൽകും. 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 71 സ്ഥാനാർഥികളെയാണ് സി.പി.എം പ്രഖ്യാപിച്ചത്. ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിന്റെ വിജയം തടയുന്നതിനുള്ള രാഷ്ട്രീയ ജാഗ്രത ഉള്ളതുകൊണ്ടാണു സാധ്യതക്കനുസരിച്ച് കൂടുതൽ സീറ്റുകളിൽ മത്സരിക്കാത്തത്. 
മതേതര ജനാധിപത്യ സഖ്യത്തിന്റെ വിജയത്തിനായുള്ള കരുതലോടെയുള്ള നീക്കമാണു പാർട്ടി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ വരുന്ന മതേതര സർക്കാരിന്റെ ഘടന വിലയിരുത്തിയായിരിക്കും സർക്കാരിൽ പങ്കാളിയാവണമോ എന്ന കാര്യം തീരുമാനിക്കുക. വെച്ചുനീട്ടിയ പ്രധാനമന്ത്രി പദം  നിരസിച്ച പാരമ്പര്യമുള്ള പാർട്ടിയാണിത്.  ഇടതുചേരിക്കു നിർണായക സ്വാധീനം ഉണ്ടെങ്കിൽ മാത്രമേ സാധാരണ ജനങ്ങൾക്ക് അനുകൂലമായ നടപടികൾ കൊണ്ടുവരാൻ കഴിയുകയുള്ളൂ. തെരഞ്ഞെടുപ്പിനു ശേഷം സാഹചര്യങ്ങൾ വിലയിരുത്തി അത്തരം കാര്യങ്ങൾ തീരുമാനിക്കും.
ഇടതുപക്ഷത്തിന്റെ പരാജയത്തിനു വേണ്ടി പരിശ്രമിക്കുന്ന എ.കെ ആന്റണി, തന്റെ കൂടെ ഉണ്ടായിരുന്ന പല മുതിർന്ന കോൺഗ്രസ് നേതാക്കളും ഇന്നു ബി.ജെ.പി പാളയത്തിലാണെന്ന കാര്യം മറക്കരുത്. കേരളത്തിലെ കോൺഗ്രസുകാർ ബി.ജെ.പി ക്യാമ്പിലേക്കു പോകാത്തത് ഇവിടെ ഇടതുപക്ഷം ശക്തമായതിനാലാണ്. ഇടതുപക്ഷത്തിന്റെ ശക്തികുറഞ്ഞാൽ കോൺഗ്രസിൽനിന്നു ബി.ജെ.പിയിലേക്കുള്ള ഒഴുക്കു വർധിക്കും.
സർവേ ഫലങ്ങളുമായി തെരഞ്ഞെടുപ്പു ഫലത്തിന് ഒരു ബന്ധവുമില്ല. 2004 ൽ കോൺഗ്രസിന് ഒറ്റ സീറ്റും നൽകാതെ കേരളം നേടിയ വിജയം എല്ലാ സർവേ ഫലങ്ങളേയും കടത്തിവെട്ടിയായിരുന്നു. ഇപ്പോൾ മലപ്പുറം മണ്ഡലത്തിൽ വരെ മാറ്റത്തിന്റെ കാറ്റ് ആഞ്ഞുവീശുകയാണ്. വയനാട്ടിൽ മത്സരിക്കാൻ വന്നതോടെ രാഹുൽ ഗാന്ധി തന്റെ രാഷ്ട്രീയമായ അപക്വതയാണു വെളിപ്പെടുത്തിയിരിക്കുന്നത്. ബി.ജെ.പിക്കെതിരെ പോരാടേണ്ട ഘട്ടത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കാനെത്തിയ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സൂക്ഷ്മതയില്ലായ്മയാണു പ്രകടമായത്.
ബി.ജെ.പി പ്രകടനപത്രിക ഇപ്പോഴും വൈകാരിക വിഷയങ്ങളിൽ കിടക്കുകയാണ്. രാഷ്ട്ര നിർമാണത്തിനു പകരം ഇപ്പോഴും അവർ രാമമന്ദിര നിർമാണത്തെക്കുറിച്ചാണു പറയുന്നത്. കോൺഗ്രസിന് ഇന്ദിരാഗാന്ധിയുടെ കാലത്തു പറഞ്ഞ ദാരിദ്ര നിർമാർജനംതന്നെ ഇപ്പോഴും പറയേണ്ട ഗതികേടാണ്  വന്നുചേർന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


 

Latest News