തെക്കും വടക്കും തമ്മിലുളള പോരാട്ടമായി 2019 ലെ പൊതു തെരഞ്ഞെടുപ്പ് മാറുന്നതായി ബി.ജെ.പി അംഗീകരിച്ചു കഴിഞ്ഞുവോ? രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ ഒളിച്ചോട്ടമായി ചിത്രീകരിക്കുക വഴി തെക്ക് തങ്ങൾക്ക് വലിയ സാധ്യതയില്ലെന്ന് ബി.ജെ.പി സമ്മതിക്കുകയാണ്. കർണാടകയിലൊഴികെ ഇത്തവണ കാവിപ്പാർട്ടി ദക്ഷിണേന്ത്യയിൽ കാലുറപ്പിക്കാൻ സാധ്യതയില്ലെന്നാണ് സൂചന.
ഏതു തെരഞ്ഞെടുപ്പിലും 37 സീറ്റ് കിട്ടുന്ന പാർട്ടിക്ക് ദേശീയ രാഷ്ട്രീയത്തിൽ വിലയുണ്ടാവേണ്ടതാണ്. എന്നാൽ 2014 ൽ തമിഴ്‌നാട്ടിൽ 37 സീറ്റ് നേടിയ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെക്ക് അധികാരത്തിൽനിന്ന് പുറത്തു നിൽക്കേണ്ടിവന്നു. ഒറ്റക്കു മത്സരിക്കാൻ ഊക്കം കാട്ടിയ ജയലളിതയുടെ അസാന്നിധ്യത്തിൽ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യം ഇത്തവണ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. ഇത്തവണ തമിഴ്‌നാട്ടിലെ 39 സീറ്റിൽ 34 സീറ്റ് വരെ ഡി.എം.കെ-കോൺഗ്രസ് സഖ്യം തൂത്തുവാരിയേക്കുമെന്നാണ് സൂചനകൾ.
കർണാടകയിൽ കഴിഞ്ഞ തവണ ത്രികോണ മത്സരമായിരുന്നു. 28 സീറ്റിൽ പതിനേഴെണ്ണം ബി.ജെ.പി പിടിച്ചെടുത്തു. ഇത്തവണ ബി.ജെ.പിയും കോൺഗ്രസ്-ജെ.ഡി.എസ് മുന്നണിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ്. മതേതര മുന്നണിയിലെ വിള്ളലുകൾ ബി.ജെ.പിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മുഖ്യമന്ത്രിയുടെ മകനെതിരെ മാണ്ഡ്യയിൽ സുമലത സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത് കോൺഗ്രസ്-ജെ.ഡി.യു സഖ്യത്തിൽ വലിയ അസ്വാരസ്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. നേതൃത്വം പതിനെട്ടടവും പയറ്റിയിട്ടും അണികൾ ഒരുമിച്ചു നിൽക്കാൻ തയാറാവുന്നില്ല. മാണ്ഡ്യയിൽ ഏപ്രിൽ 13 ന് രാഹുൽ ഗാന്ധിയുടെ റാലിയോടെ സ്ഥിതിഗതികൾ മാറുമെന്ന പ്രതീക്ഷയിലാണ് സഖ്യം.
ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവും വൈ.എസ്.ആർ കോൺഗ്രസും തമ്മിലുള്ള ജീവന്മരണ പോരാട്ടമാണ് ഇത്തവണ. കോൺഗ്രസും ബി.ജെ.പിയും ചിത്രത്തിലേയില്ല. തെലങ്കാനയിൽ ഡിസംബറിൽ നടന്ന സംസ്ഥാന നിയമസഭാ ഇലക്ഷൻ തൂത്തുവരിയ ടി.ആർ.എസ് ലോക്‌സഭാ ഇലക്ഷനിലും ആ പ്രകടനം ആവർത്തിക്കാനൊരുങ്ങുന്നതായാണ് സൂചന.
തെലങ്കാനയിൽ ടി.ഡി.പി സഖ്യത്തിന്റെ ബലത്തിലാണ് കഴിഞ്ഞ തവണ ബി.ജെ.പി സെക്കന്തരാബാദ് സീറ്റ് നേടിയത്. ഇത്തവണ ബി.ജെ.പി ഒറ്റക്കാണ് മത്സരിക്കുന്നത്. സെക്കന്തരാബാദ് പിടിക്കാൻ ടി.ആർ.എസ് സർവ അടവും പയറ്റുന്നു.
ആന്ധ്രാപ്രദേശായി നടന്ന അവസാന പൊതുതെരഞ്ഞെടുപ്പായിരുന്നു 2014 ലേത്. 25 ലോക്‌സഭാ സീറ്റിൽ ടി.ഡി.പിയും ബി.ജെ.പിയും കൈകോർത്തു. ഈ സഖ്യത്തെ പവൻകുമാർ കല്യാൺ പിന്തുണച്ചു.
ടി.ഡി.പി പതിനാറും വൈ.എസ്.ആർ കോൺഗ്രസ് ഏഴും ബി.ജെ.പി രണ്ടും സീറ്റ് നേടി. വിശാഖപട്ടണത്തും നർസപുരത്തുമാണ് ബി.ജെ.പി ജയിച്ചത്. ഇത്തവണ ബി.ജെ.പിയെ പാഠം പഠിക്കുമെന്ന വാശിയിലണ് ടി.ഡി.പി. പവൻകുമാറിന്റെ പാർട്ടി ടി.ഡി.പിക്കും വൈ.എസ്.ആർ കോൺഗ്രസിനും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. വിശാഖപട്ടണത്ത് 2014 ലെ സഖ്യകക്ഷികൾ തമ്മിലാണ് ഇത്തവണ പോരാട്ടം. ബി.ജെ.പിയുടെ ഡി. പുരന്ദരേശ്വരിയും ടി.ഡി.പിയുടെ ബന്ദാരു സത്യനാരായണയും തമ്മിൽ. നർസപുരം കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലമാണ്.
അവിടെയും ഇവിടെയും ഒന്നോ രണ്ടോ സീറ്റുകളൊഴിച്ചാൽ ദക്ഷിണേന്ത്യയിൽ ബി.ജെ.പി കർണാടകയിലൊതുങ്ങുമെന്നാണ് സൂചനകൾ. ദക്ഷിണേന്ത്യയിലെ തിരിച്ചടി മറികടക്കാൻ ഉത്തരേന്ത്യയിലെ നേട്ടം കൊണ്ട് അവർക്ക് സാധിക്കുമോയെന്നാണ് അറിയേണ്ടത്.