Sorry, you need to enable JavaScript to visit this website.

സർവെയിൽ 'ജയിച്ച'വരെ വാക്ക്‌കൊണ്ട് തോൽപ്പിക്കുന്നവർ 

തെരഞ്ഞെടുപ്പ് സർവെ ഫലത്തെച്ചൊല്ലിയുള്ള അങ്കക്കലിയിലായിരുന്നു കഴിഞ്ഞ ദിവസം  കേരളം. മാതൃഭൂമി ചാനൽ സർവെഫലം പുറത്തു വിട്ടുകൊണ്ടിരിക്കെത്തന്നെ ചാനലിലെ  അവതാരക പാനലും, ഡി.വൈ.എഫ്.ഐ പ്രസിഡന്റ് അഡ്വ.എ.എ.റഹിമും തമ്മിൽ ഒന്നേറ്റുമുട്ടുകപോലുമുണ്ടായി.  2016ൽ നടന്ന തെരഞ്ഞെടുപ്പിൽ മാതൃഭൂമിയുടെ മേധാവി എം.വി. ശ്രേയാംസ് കുമാർ  കൽപ്പറ്റയിൽ ജയിക്കുമെന്ന് നിങ്ങൾ സർവെ ഫലം പറഞ്ഞില്ലെ എന്നായിരുന്നു റഹീമിന്റെ പ്രകോപനം. അങ്ങിനെയല്ല തോൽക്കുമെന്നാണ് പറഞ്ഞതെന്ന്  പാനൽ  തിരുത്തിയപ്പോൾ ഞാൻ ആ പ്രസ്താവന പിൻവലിച്ചു എന്ന് റഹിം അതിവേഗം വിനയാന്വിതനായി. ഇപ്പറഞ്ഞ 2016 സർവെയിൽ  കണ്ടെത്തിയ ചില കാര്യങ്ങൾ ഇപ്പോൾ വായിക്കുമ്പോൾ വലിയ കൗതുകം തോന്നാം.  'കേരള സമൂഹത്തിന് ഏറ്റവും അനുയോജ്യനായ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തന്നെയാണെന്ന് സർവെ കണ്ടെത്തുമ്പോൾ ഒരു ശതമാനം കുറഞ്ഞ പിന്തുണയിൽ തൊട്ടുപിന്നിൽ ഉമ്മൻ ചാണ്ടിയുമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.എസിനെ 35% പേർ പിന്തുണച്ചപ്പോൾ ഉമ്മൻ ചാണ്ടിക്ക് 34% പേരുടെ പിന്തുണയുണ്ട്. 12% പേരാണ് പിണറായിക്കു പിന്തുണയുമായി എത്തിയത്. ഒ. രാജഗോപാലിന് ഏഴു ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോൾ എ.കെ. ആന്റണിക്ക് ആറു ശതമാനത്തിന്റെയും രമേശ് ചെന്നിത്തലക്ക് രണ്ടു ശതമാനം പേരുടെയും പിന്തുണയുണ്ട്.'
അന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കേരളാന്തരീക്ഷത്തിൽ ഒരു വിഭാഗം ഉണ്ടാക്കിയെടുത്ത  ബോധ്യമായിരുന്നു ജയിച്ചാൽ വി.എസ് തന്നെ ഇത്തവണയും മുഖ്യമന്ത്രി എന്നത്. ആണെന്നോ അല്ലെന്നോ ആരും തെരഞ്ഞെടുപ്പ് കഴിയും വരെ അന്ന് പുറത്ത് പറഞ്ഞുമില്ല.  തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സി.പി.എം അതിവേഗം യോഗം ചേർന്നെടുത്ത തീരുമാനം അന്ന് ഇങ്ങിനെ വാർത്തയായി. 'പിണറായി വിജയൻ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് പിണറായിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിർന്ന നേതാവ് പ്രകാശ് കാരാട്ടും സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തു. പിണറായി തന്നെയാണ് മുഖ്യമന്ത്രി എന്ന തീരുമാനം സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് വിളിച്ചുവരുത്തി വി.എസിനെ അറിയിച്ചു.'  
സാധാരണ ഗതിയിൽ സർവെ ഫലങ്ങൾ തങ്ങൾക്കനുകൂലമാകുമ്പോൾ മാത്രമാണ് രാഷ്ട്രീയ പാർട്ടികൾ അനുകൂലമായി പ്രതികരിക്കുന്നത്. ഏറ്റവും പുതിയ സർവെ ഫലത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്ലാദപൂർവ്വം സ്വാഗതം ചെയ്തപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സർവെ ഫലത്തെ കഠിന ഭാഷയിൽ വിമർശിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വിമർശത്തിന്റെ ശക്തി അറിയാൻ അദ്ദേഹത്തിന്റെ  ഇനി പറയുന്ന വരികൾ ധാരാളം മതി. 'ജനങ്ങളുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് സർവേകളിൽ വരുന്നത്. 2014 നേക്കാൾ മികച്ച വിജയം എൽ.ഡി.എഫിന് കേരളം നൽകാൻ പോകുകയാണ്.
തോൽക്കാൻ പോകുന്നവർക്ക് ഉത്തേജനം നൽകുകയാണ് ഇത്തരം സർവേകൾ. നാടിന്റെ യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സർവേകളായി വരുന്നത്. താഴെ വീണവർ സർവേകളിലൂടെ മുകളിലേക്ക് വരില്ല.'
ബി.ജെ.പിയും കോൺഗ്രസുമാണ് മാധ്യമങ്ങളെ വിലയ്‌ക്കെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതുവഴി അദ്ദേഹം കേരളത്തിലെ മാധ്യമങ്ങൾ പണം വാങ്ങി പത്രപ്രവർത്തനം നടത്തുന്നുവെന്ന ആരോപണവും ഉന്നയിച്ചിരിക്കയാണ്- മാധ്യമങ്ങളോട് പിണറായി വിജയൻ കാലാകാലമായി പുലർത്തിവരുന്ന സമീപനത്തിന്റെ തുടർച്ച. മാധ്യമങ്ങൾ പണം വാങ്ങുന്നതിനെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ. 'തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ സി. ദിവാകരൻ വിജയിക്കുമെന്നതാണ് പൊതുവേയുള്ള സംസാരം. ഇത് ചിലരുടെ ഉറക്കം കെടുത്തുന്നത് സ്വാഭാവികം. അങ്ങനെയുള്ളവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പലവഴികളും ഉപയോഗിക്കും. അവർ പ്രമുഖ മാധ്യമങ്ങളെ വിലക്കെടുക്കാൻ ശ്രമിക്കുന്നു. ബി.ജെ.പിയാണ് ഇക്കാര്യത്തിൽ മുന്നിൽ. തൊട്ടുപിറകിൽ കോൺഗ്രസും. ഇവർ പണംകൊടുത്ത് മാധ്യമങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. അത് ഇപ്പോഴും തുടരുന്നുണ്ട്.' 
മാതൃഭൂമി ന്യൂസ്-എ.സി നീൽസൺ സർവേയിൽ എൽ.ഡി.എഫ് അഞ്ച് സീറ്റിൽ ഒതുങ്ങുമെന്നാണ് കണ്ടെത്തിയത്. 14 സീറ്റ് നേടി യു.ഡി.എഫ് വ്യക്തമായ മുൻതൂക്കം നേടുമെന്നും കേരളത്തിൽ എൻ.ഡി.എ അക്കൗണ്ട് തുറക്കുമെന്നും സർവേ പ്രവചിച്ചിരുന്നു. തിരുവനന്തപുരത്ത് 40 ശതമാനം വോട്ട് നേടി കുമ്മനം രാജശേഖരൻ വിജയിക്കുമെന്നാണ് മറ്റൊരു സർവെ ഫലം. ഇപ്പറഞ്ഞതിനെയൊക്കെയാണ് മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ നിഷേധിക്കുന്നത്.
സ്വന്തം മുന്നണിക്കും പാർട്ടിക്കുമെതിരെയുള്ള പ്രചാരണങ്ങളെ മുഖ്യമന്ത്രി പ്രതിരോധിച്ചു തുടങ്ങിയപ്പോൾ,  സൈബർ ലോകത്തെ  സംഘടനാ പോരാളികളും കർമ്മ രംഗത്തെത്തിക്കഴിഞ്ഞു. കേരളത്തിൽ ഇടതു മുന്നണി പ്രത്യേകിച്ച് സി.പി.എം തോറ്റുപോകുമെന്ന കാര്യം ഒരു കാരണവശാലും വിശ്വസിച്ചു പോകരുതെന്ന് നവമാധ്യമങ്ങളിൽ അവർ യുദ്ധം ചെയ്തു തുടങ്ങി. 
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ ഒരു സർവെ ഫലം ഇതുപോലെ വന്നിരുന്നു. അത് പ്രചരിപ്പിച്ചത് ഇടതുപക്ഷ പ്രവർത്തകരും അവരുടെ മാധ്യമങ്ങളുമായിരുന്നു. ആ സർവെക്കെതിരെ ഇതുപോലുള്ള ബഹളമൊന്നും യു.ഡി.എഫ് പക്ഷത്ത് നിന്ന് കേട്ടിരുന്നില്ല. പതിവ് പോലെ എന്ത് സർവെ, ഏത് സർവെ, ആരെങ്കിലും നടത്തിക്കൊണ്ട് പോകട്ടെ എന്ന മട്ടും ഭാവവുമാണ് എപ്പോഴുമവർക്ക്. 
 

Latest News