നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് നവവരനെ പോലെ 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലെ സ്ഥാനാര്‍ത്ഥി നോമിനേഷന്‍ കൊടുക്കാന്‍ പോയതിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വൈദ് രാജ് കിഷന്‍ എന്ന സ്ഥാനാര്‍ത്ഥിയാണ് ഏവരെയും പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് നവവരനെപ്പോലെ വേഷം കെട്ടി നോമിനേഷന്‍ കൊടുക്കാന്‍ പോയത്.
സാധാരണ വിവാഹങ്ങളില്‍ കാണപ്പെടുന്ന കൊട്ടും പാട്ടും മേളവുമൊക്കെയായാണ് കിഷന്‍ തന്റെ നോമിനേഷന്‍ കൊടുക്കല്‍ ചടങ്ങ് പൊടിപൊടിച്ചത്. ഇങ്ങനെ നോമിനേഷന്‍ കൊടുക്കാന്‍ പോയത് എന്തിനാണെന്ന് ചോദിച്ചാല്‍ കിഷന്‍ പറയും, ഞാന്‍ രാഷ്ട്രീയത്തിന്റെ മരുമകനായിട്ടാണ് പോയതെന്ന്. നിരവധി ഇലക്ഷനില്‍ താന്‍ മത്സരിച്ചിട്ടുണ്ടെന്നും കിഷന്‍ പറയുന്നു. എന്നാല്‍ ഒരിക്കല്‍ പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഇത്തവണ എന്തായാലും കിഷന്‍ ആത്മവിശ്വാസത്തിലാണ്. ഷാജഹാന്‍പൂരിലെ ജനങ്ങള്‍ തനിക്കൊപ്പമാണ് എന്ന് കിഷന്‍ ഉറപ്പിച്ച് പറയുന്നു.
ഷാജഹാന്‍പൂരിലെ സന്‍യുക്ത് വികാസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് വൈദ് രാജ് കിഷന്‍. തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായ ഏപ്രില്‍ 29 നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.

Latest News