ഡാന്റെവാഡ- ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ ബി.ജെ.പി എം.എല്‍.എ ഭീമ മണ്ടാവിയടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഡാന്റെവാഡ ജില്ലയിലെ നകുല്‍നാറിലാണ് നക്‌സലുകള്‍ ആസൂത്രണം ചെയ്ത സ്‌ഫോടനം.
കുവാകോണ്ടക്കും ശ്യാംഗിരി ഹില്‍സിനും ഇടയിലുണ്ടായ ആക്രമണത്തില്‍ അഞ്ച് ഛത്തീസ്ഗഢ് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സി.ആര്‍.പി.എഫുകാര്‍ പ്രദേശം വളഞ്ഞ് നക്‌സലുകള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
ഡന്റേവാഡയിലെ സിറ്റിംഗ് എം.എല്‍.എയാണ് മണ്ടാവി. ബസ്താര്‍ മേഖലയിലെ 12 എം.എല്‍.എമാരില്‍ ഏക ബി.ജെ.പി എം.എല്‍.എയാണ് ഇദ്ദേഹം. മറ്റു 11 എം.എല്‍.എമാരും കോണ്‍ഗ്രസുകാരാണ്.
ബി.ജെ.പി വാഹനവ്യൂഹം ലക്ഷ്യമിട്ടാണ് നക്‌സലുകള്‍ സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഡാന്റേവാഡ ജില്ലയില്‍ ഈയിടെ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ ഒരു ദൂരദര്‍ശന്‍ മാധ്യമ പ്രവര്‍ത്തകനും രണ്ട് പോലീസുകാരും കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അരണ്‍പൂര്‍ സെക്ടറില്‍ നക്‌സലുകളും പോലീസും ഏറ്റുമുട്ടുകയായിരുന്നു.
ഛത്തീസ്ഗഢില്‍ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നക്‌സലുകള്‍ ആഹ്വാനം ചെയ്തിരിക്കയാണ് ഏപ്രില്‍ 11-ന് ആദ്യഘട്ടത്തിലാണ് ബസ്താര്‍ മേഖലയില്‍ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഈ മേഖലയില്‍ മാവോയിസ്റ്റുകള്‍ ആക്രമണം ശക്തമാക്കുമെന്ന് ഭയപ്പെടുന്നു.