അനില്‍ അംബാനിക്ക് അനുകൂലമായി വിധി തിരുത്തിയ സുപ്രീം കോടതി ജീവനക്കാര്‍ അറസ്റ്റില്‍

ന്യുദല്‍ഹി-  അനില്‍ അംബാനിക്കെതിരായ കോടതിയലക്ഷ്യ കേസ് വിധി തിരുത്തി സുപ്രീം കോടതി വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ നേരത്തെ പിരിച്ചു വിട്ട രണ്ടു ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വീഡിഷ് കമ്പനിയായ എറിക്‌സണ് 550 കോടി രൂപ നല്‍കണമെന്ന വിധി ലംഘിച്ച കോടതിയലക്ഷ്യ കേസില്‍ ജനുവരി ഏഴിന് പുറപ്പെടുവിച്ച വിധിയില്‍ അനില്‍ അംബാനിയോട് നേരിട്ട് ഹാജരാകാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.  ഈ ഉത്തരവ് കോർട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവർ മാറ്റി എഴുതി നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് അംബാനിക്ക് ഇളവ് നല്‍കി എന്നാക്കി മാറ്റിയതാണ് കയ്യോടെ പിടികൂടിയത്. ജഡ്ജിമാര്‍ അറിയാതെ ആയിരുന്നു അംബാനിക്ക് ആശ്വാസമാകുന്ന തരത്തില്‍ ഉത്തരവ് മാറ്റി എഴുതി അപ്ലോഡ് ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഞായറാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരം പുറത്തുവിടാന്‍ അധികൃതര്‍ തയാറായില്ല. തിങ്കളാഴ്ച രണ്ടു പേരേയും പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. ഇരുവരേയും എഴു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സുപ്രീം കോടതി അഡീഷണല്‍ രജിസ്ട്രാറുടെ പരാതിയെ തുടര്‍ന്ന് മാര്‍ച്ച് ഒന്നിനാണ് ഇവര്‍ക്കെതിരെ വഞ്ചന, തട്ടിപ്പ് കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. ഈ ജീവനക്കാരെ ഭരണഘടനയുടെ 311-ാം അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് നേരത്തെ ചീഫ് ജസ്റ്റിസ് ഗോഗോയ് പിരിച്ചുവിട്ടിരുന്നു.

Latest News