Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷത്തിനെതിരെ റെയ്ഡുകള്‍; കേന്ദ്രത്തിന് മൗനം, നികുതി ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ വിളിപ്പിച്ചു

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പു തുടങ്ങാനിരിക്കെ നരേന്ദ്ര മോഡി സര്‍ക്കാര്‍ നികുതി വകുപ്പിനെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനിടെ ഉന്നത നികുതി ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ വിളിപ്പിച്ചു. ബിജെപിയുടെ എതിരാളികളായ വിവിധ പാര്‍ട്ടി നേതാക്കളെ ഉന്നമിട്ട് രാജ്യവ്യാപകമായി റെയ്ഡ് നടത്തുന്നതില്‍ വിശദീകരണം തേടി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) ചെയര്‍മാന്‍ പി.സി മോഡി, കേന്ദ്ര റെവന്യു സെക്രട്ടറി എ.ബി പാണ്ഡെ എന്നിവരെയാണ് കമ്മീഷന്‍ വിളിച്ചുവരുത്തിയത്. വ്യാഴാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ പ്രതിപക്ഷ ദുര്‍ബലപ്പെടുത്താനും കുരുക്കിലാക്കാനും മോഡി സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കിയിരുന്നു. 

തുടര്‍ന്ന് ആദായ നികുതി റെയ്ഡുകള്‍ രാഷ്ട്രീയമായി നിഷ്പക്ഷമായിരിക്കണമെന്നും റെയ്ഡുകള്‍ നടത്താന്‍ പോകുന്നതിന് മുമ്പ് വിവരം തങ്ങളെ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ഞായറാഴ്ച തെരഞ്ഞെടുപ്പു കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. നിയമവിരുദ്ധ ഇടപാടുകള്‍ തടയാനും കണ്ടെത്താനും ഇത്തരം ശക്തമായി നടപടികള്‍ ആവശ്യമാണെന്നായിരുന്നു റെവന്യു വകുപ്പിന്റെ മറുപടി. അതേസമയം തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ റെയ്ഡു ചെയ്യാന്‍ പോകുന്ന വിവരം മുന്‍കൂറായി ബന്ധപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പു ഓഫീസറെ അറിയിക്കണമെന്ന കമ്മീഷന്റെ ആവശ്യത്തോട് കേന്ദ്ര സര്‍ക്കാരിന് മറുപടിയൊന്നുമില്ല. നടപടി എടുക്കാന്‍ തക്ക രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം റെയ്ഡുകള്‍ ആദായ നികുതി വകുപ്പ് നടത്തുന്നതെന്നും റെവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അരവിന്ദ് സരണ്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായ ബിജെപിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിപക്ഷ നേതാക്കളുമായി ബന്ധമുള്ളവരുടെ വീടുകളും സ്ഥാപനങ്ങളുമാണ് രാജ്യമൊട്ടാകെ വ്യാപകമായി റെയ്ഡു ചെയ്തു വരുന്നത്. ബിഎസ്പി നേതാവും മുന്‍ യുപി മുഖ്യമന്ത്രിയുമായ മായാവതി, കര്‍ണാടക മുഖ്യമന്ത്രി എച്.ഡി കുമാരസ്വാമി, ഏറ്റവുമൊടുവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് എന്നിവരുമായി ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലുമാണ് നീണ്ട റെയ്ഡുകള്‍ നടത്തിയത്. തന്റെ വീട്ടിലും റെയ്ഡ് നടത്താന്‍ ഉദ്യോഗസ്ഥരെത്തുമെന്ന് അറിയാന്‍ കഴിഞ്ഞതായി മുന്‍ധനമന്ത്രി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം റെയ്ഡുകള്‍ രാഷ്ട്രീയ പ്രേരിതമല്ലെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നുമാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
 

Latest News