കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങാനുളള കാലതാമസത്തിനെതിരെ വ്യാപക പ്രതിഷേധം. വിമാനം ഇറങ്ങിയ യാത്രക്കാർ നിമിഷനേരം കൊണ്ട് എമിഗ്രേഷൻ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കസ്റ്റംസ് ഹാളിൽ മണിക്കൂർ കാത്തിരിക്കേണ്ട ഗതികേടാണുളളത്. വിമാനങ്ങൾ ഒന്നിച്ചെത്തുന്ന സമയത്ത് കരിപ്പൂരിലെ പുതിയ ടെർമിനൽ യാത്രക്കാരാൽ വീർപ്പ് മുട്ടുകയാണ്. 120 കോടി ചിലവിട്ട് നിർമിച്ച പുതിയ ടെർമിനലാണ് യാത്രക്കാർക്ക് കടുത്ത ദുരിതമുണ്ടാക്കുന്നത്. കഴിഞ്ഞ മാസം 26നാണ് ടെർമിനൽ യാത്രക്കാർക്ക് തുറന്ന് കൊടുത്തത്. ബാഗേജ് പരിശോധനയുടെ കൺവെയർ ബെൽറ്റും, സ്‌കാനിങ് മെഷിനും വേഗത കുറവാണ്.
കരിപ്പൂരിൽ സ്‌കാനിങ് മെഷിൻ രണ്ടെണ്ണം സ്ഥാപിച്ചിട്ടും ഒന്ന് മാത്രമേ ഉപയോഗിക്കുന്നൂള്ളൂ. ഇത് തന്നെ മെല്ലെ പോക്കായതോടെ സ്ത്രീകളും, കുട്ടികളും, രോഗികളും, വൃദ്ധന്മാരുമടക്കം മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. കസ്റ്റംസിന് വിശാലമായ ഓഫീസുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർക്ക് മതിയായ സൗകര്യങ്ങളില്ലെന്നാണ് ആക്ഷേപം ഉയർന്നത്.
കസ്റ്റംസ് ഹാളിന്റെ അകത്തളം കാണാൻ കഴിയാത്ത രീതിയിൽ കറുത്ത ഫിലിം പതിച്ച് മറച്ചതിനെതിരേയും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആഗമന ടെർമിനലിലെ സന്ദർശക ഗാലറിയിൽ കയറുന്നവർക്ക് പോലും ഇതോടെ യാത്രക്കാരെ കണ്ണാടിയിലൂടെ കാണാൻ കഴിയുന്നില്ല. കസ്റ്റംസ് നിർബന്ധിപ്പിച്ച് എയർപ്പോർട്ട് അതോറിറ്റിയെ കൊണ്ട് കറുത്ത ഫിലിം പതിപ്പിച്ച് രഹസ്യമതിലാക്കി മാറ്റിയതാണെന്ന് മലബാർ ഡവലപ്പ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം. ബഷീർ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും, ദൽഹിയിലും, കൊച്ചിയിലേയും കസ്റ്റംസ് മേധാവികൾക്ക് പരാതികൾ നേരിട്ട് നൽകുമെന്നും ബഷീർ പറഞ്ഞു. കരിപ്പൂരിൽ ജീവനക്കാരുടെ കുറവാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് കസ്റ്റംസ് പറയുന്നത്.