രാഹുൽ ഗാന്ധിയുടെ പ്രചാരണങ്ങൾക്ക് പിന്നിൽ നിഖിൽ ആൽവ

മുംബൈ-കോൺഗ്രസിന്റെ പ്രചാരണ വാക്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അബ് ഹോഗാ ന്യായ് എന്ന വാക്യം സോഷ്യൽ മീഡിയയിൽ  വൈറലായി. 
എല്ലാവരും രാഹുൽ ഗാന്ധിയെ ഇതിന്റെ പേരിൽ പുകഴ്ത്തുന്നുണ്ട്. പക്ഷേ രാഹുൽ ഒറ്റയ്ക്കല്ല ഈ പ്രചാരണ വാക്യം പുറത്തിറക്കിയത്. ഇതിന് പിന്നിൽ ഒരു യുവാവിന്റെ അധ്വാനമുണ്ട്. കോൺഗ്രസിൽ ഇപ്പോൾ ചർച്ചയാവുന്നത് രാഹുൽ നിയമിച്ച ഈ ചെറുപ്പക്കാരനാണ്. കോൺഗ്രസിന്റെ മുതിർന്ന നേതാവായ മാർഗരറ്റ് ആൽവയുടെ മകനായ നിഖിൽ ആൽവ എന്ന ചെറുപ്പക്കാരൻ. എന്താണ് കോൺഗ്രസിൽ നിഖിലിന്റെ റോളെന്ന് രാഹുൽ വ്യക്തമാക്കിയിട്ടില്ല. ജനങ്ങളിൽ നല്ല സ്വാധീനം ചെലുത്തുന്ന കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നാണ് പ്രമോഷണൽ വീഡിയോയിലും പ്രചാരണ വാക്യത്തിൽ നിന്നും മനസ്സിലാവുന്നത്. അബ് ഹോഗാ ന്യായ് ഇനി നീതിയുണ്ടാവും അതാണ് അബ് ഹോഗാ ന്യായ് എന്ന വാക്യത്തിന്റെ അർത്ഥം. കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് ആനന്ദ് ശർമയാണ് ഇത് പുറത്തുവിട്ടത്. മീഡിയ സംരംഭകനായ നിഖിൽ ആൽവയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. 
കോൺഗ്രസിന്റെ പ്രചാരണത്തെ വെറും പത്ത്  ദിവസം കൊണ്ട് നിഖിൽ ആൽവ പൊളിച്ചെഴുതിയെന്നാണ് കോൺഗ്രസിലെ നേതാക്കൾ തുറന്ന് പറഞ്ഞിരിക്കുന്നത്. ഇതോടെ ദേശീയ തലത്തിലെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് നിഖിൽ. കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ മാർഗരറ്റ് ആൽവയുടെ മകനാണ് നിഖിൽ. മുൻ രാജസ്ഥാൻ, ഉത്തരാഖണ്ഡ് ഗവർണറായിരുന്നു അവർ. കോൺഗ്രസിന്റെ മുൻ ജനറൽ സെക്രട്ടറിയും പാർലമെന്റംഗവും ആയിരുന്നു അവർ. സോണിയാ ഗാന്ധി കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തതോടെ പാർട്ടിയിൽ മാർഗരറ്റ് ആൽവയുടെ ശക്തി ക്ഷയിക്കുകയായിരുന്നു. 
എന്നാൽ അവരുടെ മകനെ തന്റെ വിശ്വസ്തനാക്കിയാണ് രാഹുൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രാഹുലിന്റെ നിർദേശപ്രകാരം നിഖിൽ 2018 ഡിസംബറിൽ തന്നെ ക്യാമ്പയിൻ കാര്യങ്ങൾ തയ്യാറാക്കിയിരുന്നു. വിവിധ ഏജൻസികളെയും പല മേഖലകളിലായി പ്രവർത്തിക്കാനും തയ്യാറാക്കിയിരുന്നു. എന്നാൽ പുൽവാമ ആക്രമണം വന്നതോടെ ദേശീയ തലത്തിലെ ട്രെൻഡ് മാറി. ഇതോടെ കോൺഗ്രസിന്റെ പ്രചാരണം മാറിപോയി. നേരത്തെയുണ്ടായിരുന്ന പ്രചാരണം ദേശീയതയെ മുൻനിർത്തിയുള്ളതല്ലായിരുന്നു. ഇതോടെ കുറച്ച് മാറ്റങ്ങൾ വരുത്തിയാണ് പ്രചാരണവാക്യം പുറത്തിറക്കിയത്. രാഹുൽ മാർച്ച് 25ന് പാവപ്പെട്ടവർ മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ ട്രെൻഡിംഗായിരുന്നു. ഇതോടെ പുതിയ രീതി പരീക്ഷിക്കാൻ രാഹുൽ തയ്യാറാവുകയായിരുന്നു. മാർച്ച് 28ന് പ്രചാരണ കമ്മിറ്റി യോഗം ചേരുകയായിരുന്നു. 
ഇതിൽ വെച്ച് മൂന്നംഗ സബ് കമ്മിറ്റിയെ രാഹുൽ പ്രത്യേകമായി നിയമിച്ചു. പ്രിയങ്ക ഗാന്ധി, സാം പിത്രോഡ, നിഖിൽ ആൽവ എന്നിവരായിരുന്നു അംഗങ്ങൾ. പത്ത് ദിവസം കൊണ്ട് ന്യായ് പദ്ധതിയെ സൂചിപ്പിക്കുന്ന പ്രചാരണ വാക്യം രൂപീകരിക്കാനായിരുന്നു ഇവർക്ക് ലഭിച്ച നിർദേശം. നിഖിലാണ് പ്രചാരണവാക്യത്തിനായി മുൻകൈയ്യെടുത്തത്. ദില്ലി, മുംബൈ, ബംഗളൂരു നഗരങ്ങളിൽ യാത്ര ചെയ്ത്, പാട്ടുകാർ, എഴുത്തുകാർ, സംവിധായകർ, അതിന് വേണ്ട നടൻമാരും സ്റ്റുഡിയോവും വരെ നിഖിൽ തയ്യാറാക്കി. മുമ്പ് ടിവി പ്രൊഡക്ഷൻ കമ്പിനിയായ മിഡിടെക്കിന് വേണ്ടി പ്രവർത്തിച്ച പരിചയമുണ്ട് നിഖിലിന്. പരസ്യ മേഖലയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും ന്യായ് വാക്യത്തിനായി ഉപയോഗിക്കുകയായിരുന്നു. നിഖിലിന്റെ രീതികൾ രാഹുലിനെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ബോളിവുഡിലെ മുൻനിര സംവിധായകനായ നിഖിൽ അദ്വാനിയാണ് ഇത് സംവിധാനം ചെയ്തത്. പ്രചാരണ വാക്യം എഴുതാനായി ഗാനരചയിതാവ്  ജാവേദ് അക്തറിനെയും ക്രിയേറ്റീവ് ഡയറക്ടറായി  അനൂജ ചൗഹാനെയും നിഖിൽ കൊണ്ടുവന്നു. ഗോഡസ്സ് പ്രൊഡക്ഷൻ എന്ന ഏജൻസിയെയും ചില നിർണായക കാര്യങ്ങൾ ഏൽപ്പിച്ചു. 
ഡിജിറ്റൽ ക്യാമ്പയിനിന് സിൽവർ പുഷ് എന്ന വമ്പൻ ടീമിനെയാണ് ഏൽപ്പിച്ചത്. ബിജെപിയെ വീഴ്ത്താനായി ഐഡിയ ബോക്‌സ്, നിക്‌സൺ എന്നിവരെയും കോൺഗ്രസ് ഇറക്കിയിട്ടുണ്ട്. കർണാടക തെരഞ്ഞെടുപ്പിന് ശേഷമാണ് രാഹുലിന്റെ സോഷ്യൽ മീഡിയ പ്രചാരണം നിഖിൽ ഏറ്റെടുത്തത്. രാഹുലിന്റെ ഓരോ ട്വീറ്റും ട്രെൻഡിംഗാവുന്നതിന് പിന്നിൽ നിഖിലാണ് പ്രവർത്തിച്ചത്. നോമോ ജോബ്‌സ്, ഹൗ ഈസ് ദ ജോബ്‌സ് തുടങ്ങിയ പഞ്ച് ലൈനുകൾ വളരെ ശ്രദ്ധ നേടിയിരുന്നു. അപ്‌നി ബാത്ത് രാഹുൽ കെ സാത്ത് എന്ന അതിപ്രശസ്ത പ്രയോഗവും നിഖിലാണ് കൊണ്ടുവന്നത്. രാഹുൽ മാധ്യമങ്ങൾക്ക് മുന്നിൽ എങ്ങനെ വരണമെന്ന കാര്യവും നിയന്ത്രിക്കുന്നത് നിഖിലാണ്.
 

Latest News