തൃശൂർ - സുരേഷ് ഗോപിയുടെ സിനിമകൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇഷ്ട നടനെ നേരിൽ കണ്ടിട്ടുണ്ടായിരുന്നില്ല ആ വീട്ടമ്മ. അപ്പോഴാണ് സുരേഷ് ഗോപിയുടെ പ്രചാരണ വാഹനം വീടിനു മുന്നിലൂടെ കടന്നുപോകുന്നുണ്ടെന്ന് അറിഞ്ഞത്. എന്നാൽ കണ്ടിട്ടു തന്നെ കാര്യമെന്ന് ഉറപ്പിച്ച് വീട്ടുപടിക്കൽ കാത്തുനിൽക്കുമ്പോഴാണ് വെള്ളിത്തിരയിൽ കണ്ട് കയ്യടിച്ചിട്ടുള്ള ആക്ഷൻ ഹീറോ കൺമുന്നിലെത്തുന്നത് - നല്ല വിശപ്പുണ്ട,് ചോറുണ്ടാകുമോ എന്നും ചോദിച്ച്.
ആദ്യത്തെ അമ്പരപ്പൊന്ന് മാറിയപ്പോൾ പിന്നെന്താ തരാമല്ലോ വരൂ എന്ന് വീട്ടമ്മയുടെ സന്തോഷവും സ്‌നേഹവും നിറഞ്ഞ ക്ഷണം.
മണലൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുരേഷ് ഗോപി വോട്ടു ചോദിക്കുന്നതിനിടെ ചോറു ചോദിച്ച് വീട്ടിലേക്ക് കയറിയത്.
മണ്ഡലത്തിലെ തൈക്കാട് സെന്ററിലെ സ്വീകരണം കഴിഞ്ഞ് മാമാ ബസാറിലെ സ്വീകരണത്തിന് തുറന്ന ജീപ്പിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷിനൊപ്പം പോകുമ്പോഴാണ് സുരേഷ് ഗോപിയെ വിശപ്പ് വല്ലാതെ ആക്രമിച്ചത്. ആക്രമിക്കാനെത്തുന്ന വില്ലൻമാർ പലരേയും ബിഗ് സ്‌ക്രീനിൽ ്അനായാസം നേരിടുന്ന സുരേഷ് ഗോപിക്ക് വിശപ്പിനെ നേരിടാൻ കഴിയില്ലായിരുന്നു. പരിപാടികൾ വൈകിയതോടെ വിശപ്പ് ആളിക്കത്തിയ സുരേഷ് ഗോപി കൂടെയുണ്ടായിരുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റിനോട് വിശക്കുന്നതായി പറഞ്ഞെങ്കിലും ഭക്ഷണം കിട്ടണമെങ്കിൽ മൂന്ന് സ്വീകരണ കേന്ദ്രങ്ങൾ കൂടി കഴിയണമെന്നായിരുന്നു മറുപടി. ഇതോടെ സ്ഥാനാർത്ഥി വഴിയരികിലെ വീട്ടുപടിക്കൽ തന്നെ കാണാൻ കാത്തുനിൽക്കുന്ന വീട്ടമ്മയോട് ചോറു തരുമോ എന്ന് വിളിച്ചുചോദിക്കുകയായിരുന്നു. നിറഞ്ഞ സന്തോഷത്തോടെ ചോറു തരാമെന്ന് വീട്ടമ്മ സമ്മതിച്ചതോടെ പ്രചാരണ വാഹനം നിർത്തിച്ച് സുരേഷ് ഗോപി അവിടെയിറങ്ങി നേരെ അവരുടെ വീട്ടിലേക്ക് കടന്നുചെന്നു. പാലുവായ് ചേഞ്ചേരി രാധാകൃഷ്ണന്റെ വീട്ടിലാണ് സുരേഷ് ഗോപി ഭക്ഷണം കഴിക്കാനെത്തിയത്. വീട്ടുകാർക്കെല്ലാം ആ വരവ് തീർത്തും അപ്രതീക്ഷിതമായിരുന്നു.
യാതൊരു അപരിചിതത്വവുമില്ലാതെ സ്വന്തം വീടു പോലെ കരുതി സുരേഷ് ഗോപി ചോറും മീൻകറിയും കൂട്ടി വയറുനിറച്ചുണ്ടു. വിശന്നാൽ താൻ ഏതു വീട്ടിലും ചെന്ന് ഇതുപോലെ ചോറു ചോദിച്ചുവാങ്ങിക്കഴിക്കാറുണ്ടെന്നും അതിൽ ഒരു നാണക്കേടും മടിയും തോന്നിയിട്ടില്ലെന്നും ഷൂട്ടിംഗ് ലൊക്കേഷനിൽ ചോദിച്ചാൽ ഇതേക്കുറിച്ച് അറിയാമെന്നും സുരേഷ് ഗോപി പിന്നീട് പറഞ്ഞു.
സുരേഷ് ഗോപിക്ക് ഭക്ഷണം നൽകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് വീട്ടമ്മ ലളിത പറഞ്ഞു. വീട്ടുകാർക്കൊപ്പം നിന്ന് ഫോട്ടോയെല്ലാം എടുത്ത ശേഷമാണ് സുരേഷ് ഗോപി വീട്ടിൽനിന്നിറങ്ങി അടുത്ത പ്രചാരണ കേന്ദ്രത്തിലേക്ക് പോയത്.