Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രബുദ്ധ കേരളത്തിന്റെ കണ്ണും കാതുമായ കണ്ണൂർ ആർക്കൊപ്പം?  


കണ്ണൂർ - രാഷ്ട്രീയ കേരളത്തിന്റെ സവിശേഷ ശ്രദ്ധ പതിയുന്ന മണ്ണാണ് കണ്ണൂരിന്റേത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു നാളുകൾ മാത്രം ബാക്കി നിൽക്കേ,  മൂന്നു മുന്നണികളുടെയും കരുത്തരായ സ്ഥാനാർഥികളാണ് കളത്തിലുള്ളത്. കണ്ണൂർ ആർക്കൊപ്പം എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. യു.ഡി.എഫിന്റെ കെ.സുധാകരൻ, എൽ.ഡി.എഫിന്റെ പി.കെ.ശ്രീമതി ടീച്ചർ, എൻ.ഡി.എയുടെ സി.കെ.പത്മനാഭൻ എന്നിവർക്കു പുറമെ, എസ്.യു.സി.ഐയുടെ അഡ്വ.അപർണ, എസ്.പി.ഡി.ഐയുടെ അബ്ദുൽ ജബ്ബാർ എന്നിവരും സ്വതന്ത്ര സ്ഥാനാർഥികളും അടക്കം 13 പേരാണ് കണ്ണൂരിൽ മത്സര രംഗത്തുള്ളത്. 
ചുവപ്പിന്റെ കോട്ടയെന്നാണ് കണ്ണൂർ അറിയപ്പെടുന്നത്. എന്നാൽ ഇടതു വലതു മുന്നണികളെ മാറി മാറി വിജയിപ്പിച്ച പാരമ്പര്യമാണ് കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിനുള്ളത്. ഏറെ രാഷ്ട്രീയ പാരമ്പര്യമുള്ള മൂന്നു സ്ഥാനാർഥികളെ കേന്ദ്രീകരിച്ചാണ് തെരഞ്ഞെടുപ്പു പ്രചാരണം നീങ്ങുന്നതെങ്കിലും പതിവു പോലെ ഇടതു - ഐക്യ മുന്നണികൾ തമ്മിലാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. മണ്ഡലം നിലനിർത്താൻ സിറ്റിംഗ് എം.പി പി.കെ.ശ്രീമതി ടീച്ചർ അരയും തലയും മുറുക്കി പടക്കളത്തിലിറങ്ങുമ്പോൾ, കഴിഞ്ഞ തവണ കൈവിട്ടു പോയ മണ്ഡലം തിരികെ പിടിക്കുമെന്ന ദൃഢപ്രതിജ്ഞയുമായാണ് കോൺഗ്രസിലെ കെ.സുധാകരൻ രംഗത്തുള്ളത്. എന്നാൽ ഇത്തവണ കണ്ണൂരിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നാണ് ബി.ജെ.പിയിലെ സി.കെ.പത്മനാഭന്റെ അവകാശ വാദം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴിൽ നാലു മണ്ഡലങ്ങളും സി.പി.എമ്മിന് ഒപ്പമായിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനം ആർക്കൊപ്പമെന്ന പ്രവചനം സാധ്യമല്ല. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂർ, കണ്ണൂർ, മട്ടന്നൂർ, അഴീക്കോട്, ധർമടം, പേരാവൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കണ്ണൂർ ലോക്‌സഭാ  മണ്ഡലം. ഇതിൽ തളിപ്പറമ്പും കണ്ണൂരും മട്ടന്നൂരും ധർമടവും ഇടതിനൊപ്പമാണെങ്കിൽ ഇരിക്കൂറും അഴീക്കോടും പേരാവൂരും വലതിനൊപ്പമാണ്. മുഖ്യമന്ത്രിയുൾപ്പെടെ നാലു മന്ത്രിമാരുമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മന്ത്രിമാരുള്ള ജില്ല കൂടിയാണ് കണ്ണൂർ. 


കണ്ണൂർ വിമാനത്താവളമടക്കമുള്ള വികസനവും എൽ.ഡി.എഫ് സർക്കാരിൻെറ ഭരണ നേട്ടങ്ങളും എടുത്തു പറഞ്ഞാണ് സി.പി.എമ്മിൻെറ വോട്ട് പിടിത്തം. വനിതാ മതിലിൽ ഉണ്ടായ വൻ സ്ത്രീ പങ്കാളിത്തം സി.പി.എമ്മിന് ആത്മവിശ്വാസം നൽകുന്നു. ദേശീയ നേതാക്കളടക്കം പങ്കെടുത്ത പ്രചാരണ യോഗങ്ങളിലെ വൻ ജനപങ്കാളിത്തവും ഓരോ മണ്ഡലത്തിലും ലഭിക്കുന്ന സ്വീകരണവും ഇടതു മുന്നണി ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. മാത്രല്ല, ആദ്യം തന്നെ പ്രചാരണം ആരംഭിക്കാൻ സാധിച്ചതിനാൽ ഓരോ നിയമസഭാ മണ്ഡലത്തിലും മൂന്നു റൗണ്ട് പര്യടനം പൂർത്തിയാക്കാനും സാധിച്ചു. ഇടതു മുന്നണിയുടെ സംഘടനാ സംവിധാനം പൂർണമായും പ്രചാരണത്തിനു വിനിയോഗിക്കാൻ സാധിച്ചതും നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. 
എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുമ്പ് നടന്ന പെരിയയിലെ ഇരട്ട കൊലപാതകവും എടയന്നൂരിലെ ഷുഹൈബ് വധവും യു.ഡി.എഫ് സജീവ  ചർച്ചാ വിഷയമാക്കിയിട്ടുണ്ട്.  വികസനത്തേക്കാളുപരി കൊലപാതക രാഷ്ട്രീയം തന്നെയാണ് യു.ഡി.എഫ് മുഖ്യ പ്രചാരണായുധമാക്കുന്നത്. ഒപ്പം ശബരിമല വിഷയവും. കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി പ്രചാരണ രംഗത്ത് കെ. സുധാകരൻ നേടിയ മേൽക്കൈയാണ് യു.ഡി.എഫിനു ആത്മവിശ്വാസം നൽകുന്നത്. മാത്രമല്ല, സംഘടനാ സംവിധാനം ഫലപ്രദമായി പ്രചാരണത്തിൽ വിനിയോഗിക്കാനായതും, മുസ്‌ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികളുടെ സജീവ പിന്തുണ ലഭിക്കുന്നതും സുധാകരനു ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. 
അര ലക്ഷത്തോളം  വോട്ടുകളാണ് കഴിഞ്ഞ തവണ ബി.ജെ.പിക്ക് മണ്ഡലത്തിൽ ലഭിച്ചത്.  ശബരമല യുവതീ പ്രവേശനത്തിന്റെ പേരിൽ ഇത്തവണ ബി. ജെ.പിക്ക് വോട്ടു കൂടുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. കേന്ദ്ര സർക്കാരിന്റെ വികസന നയത്തോടൊപ്പം ശബരിമല വികാരം കൂടി ജനങ്ങളിലേക്ക് എത്തിച്ച് ഹിന്ദു വോട്ടുകൾ പരമാവധി പെട്ടിയിലാക്കുക എന്നതാണ് ബി.ജെ.പിയുടെ ഇത്തവണത്തെ മത്സര തന്ത്രം. സി.കെ.പത്മനാഭനു വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകൾ കൂടി പരമാവധി കൈക്കലാക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. സ്വന്തം ജില്ലയിൽ ഇതാദ്യമായാണ് സി.കെ.പി മത്സരത്തിനിറങ്ങുന്നത്. രാജ്യമെമ്പാടും ബി.ജെ.പിക്കു അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്നും ഇത് തനിക്ക് നേട്ടമാവുമെന്നും സി.കെ.പി കരുതുന്നു. 


2014 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫിനു അനുകൂലമായ ഘടകങ്ങൾ ഘടക കക്ഷികളുടെ പൂർണ പിന്തുണയും മലയോര മേഖലയിലെ സജീവതയുമാണ്. ശബരിമല വിഷയത്തിൽ ആദ്യമായി പ്രതികരിച്ച നേതാവെന്ന നിലയിലുള്ള സ്വീകാര്യതയും കെ.സുധാകരനു അനുകൂല ഘടകമാണ്. അതേസമയം അഞ്ചു വർഷം എം.പിയെന്ന നിലയിൽ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളും മണ്ഡലത്തിലെ മുക്കിലും മൂലയിലും സജീവമായതും വിവാദങ്ങളില്ലാത്തതും സ്ത്രീ വോട്ടർമാരാണ് കൂടുതലെന്നതും പി.കെ.ശ്രീമതിക്കു അനുകൂല ഘടകമാണ്. മാത്രമല്ല, കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ തങ്ങൾക്കനുകൂലമായ നാലു നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിലും മൃഗീയ ഭൂരിപക്ഷമാണ് ഇടതു മുന്നണി നേടിയത്. ഇതും പ്രതീക്ഷകൾ ഉയർത്തുന്നു. സ്വന്തം ജില്ലയിൽ ആദ്യമായി ജനവിധി തേടുന്നുവെന്നതും ക്ലീൻ ഇമേജിനുടമയെന്നതും ബി.ജെ.പി നടപ്പാക്കിയ പല ജനപ്രിയ പദ്ധതികളും അഴിമതി രഹിത ഭരണവും സി.കെ.പത്മനാഭനു അനുകൂല ഘടകമാണ്. 


ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 12,62,144 വോട്ടർമാരാണ് കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ ഉള്ളത്. കൂടുതൽ വോട്ടർമാരുള്ളത് തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ. 2,01,380 വോട്ടർമാർ. ഏറ്റവും കുറവ് കണ്ണൂർ മണ്ഡലത്തിലാണ്. 1,64,883 വോട്ടർമാർ. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 75,000 ലധികം പുതിയ വോട്ടർമാരുണ്ടായിട്ടുണ്ട്. വിധി നിർണയത്തിൽ ഇവരുടെ തീരുമാനവും നിർണായകമാവും. 
ജനവിധി കഴിഞ്ഞാലും ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം മാത്രമേ ഫലം അറിയാനാവൂ. ഈ സമയം സ്ഥാനാർഥികൾക്കും വോട്ടർമാർക്കും കണക്കു കൂട്ടലിന്റെ കാലമാണ്. 

Latest News