Sorry, you need to enable JavaScript to visit this website.

കോൺഗ്രസിന് സ്‌നേഹച്ചിറക് താഴ്ത്തി യെച്ചൂരി; യോജിക്കാനാകാതെ മറുപക്ഷം

ഒരിഞ്ച് വിട്ടുകൊടുക്കില്ലെന്ന തികഞ്ഞ വാശിയിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളും സി.പി.എം നേതാക്കളും. 
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോരാട്ടത്തിന്റെ പുതുവഴികൾ വെട്ടുന്നുമുണ്ട്. ഇപ്പോൾ അദ്ദേഹം ചിരപുരാതനമായ ലാവ്‌ലിൻ കേസിന്റെ പുതിയ കാര്യങ്ങളുടെ അന്വേഷണത്തിലും ചെന്നെത്തി. ലാവ്‌ലിൻ വിഷയം സജീവമായി നിർത്താൻ ഓരോരോ സംഗതികൾ യഥാസമയം വന്നു വീഴുന്നുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ, കഴിഞ്ഞ ദിവസങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിലത്രയും ലാവ്‌ലിന് വിശദീകരണം നൽകേണ്ട സ്ഥിതിയിലുമായി. പാർട്ടിയെയും തന്നെയും ബന്ധപ്പെടുത്തി വരുന്ന എന്ത് ആരോപണത്തിനും അടുക്കിലും ചിട്ടയിലും മറുപടി പറയാതെ പോകുന്നയാളല്ല പിണറായി. കിട്ടിയാൽ കൊടുത്തേ പോകൂ. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും ലാവ്‌ലിൻ ഇടിയായും മഴയായും പെയ്യുമെന്നുറപ്പ്. 
രണ്ട് മൂന്ന് ദിവസമായി സജീവമായ ലാവ്‌ലിൻ ഇന്നലെ വീണ്ടും കത്തിയത് പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തോടെയാണെങ്കിൽ കൂടുതൽ കത്തിച്ചു നിർത്താൻ വഴിയൊരുക്കി വി.ഡി.സതീശൻ എം.എൽ.എയും. മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദും രംഗത്ത് വന്നു. കുറഞ്ഞ പലിശ നിരക്കിൽ ബോണ്ട് എടുക്കാൻ റിസർവ് ബാങ്ക് പോലും തയാറായിട്ടും വലിയ പലിശ നിരക്കിൽ എന്തിന് വിദേശ ഏജൻസിക്ക് നൽകി എന്ന വി.ഡി. സതീശന്റെ ചോദ്യം മൂർച്ചയുള്ളതാണ്.
മാർച്ച് 23 മുതൽ 27 വരെ ലാവ്‌ലിൻ ബന്ധമുള്ള നാല് ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് വന്നിരുന്നോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയിപ്പോൾ അതിന് മറുപടി കണ്ടെത്തേണ്ട പണി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസ് സംവിധാനത്തിനുമായി. കാൽ നൂറ്റാണ്ടോളമായി സി.പി.എം വിരുദ്ധ പക്ഷം കേരളത്തിൽ വോട്ടു പിടിക്കാനുപയോഗിക്കുന്ന ഒന്നാന്തരം ഇരയാണ് ലാവ്‌ലിൻ അഴിമതി. താനായിട്ട് സി.പി.എമ്മിനെതിരെ ഒന്നും പറയില്ലെന്ന് വയനാട് സ്ഥാനാർഥി രാഹുൽ ഗാന്ധി നൽകിയ ഉറപ്പൊന്നും ഇതു പോലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്ക് ബാധകമാകില്ലെന്ന് കേരള നേതാക്കൾ തെളിയിച്ചുകൊണ്ടിരിക്കുന്നു. 
കോൺഗ്രസിന്റെ കേരള നേതാക്കളും സി.പി.എം പക്ഷവും പുതിയ അങ്കത്തിന് കച്ച മുറുക്കുമ്പോഴും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മറുവാക്കുമായി വേറിട്ട് തന്നെ നടപ്പുണ്ടെന്നതാണ് പുതുമ. ഇന്നലെ നൽകിയ ദൃശ്യ മാധ്യമ അഭിമുഖത്തിലും അദ്ദേഹം കോൺഗ്രസിന് മുന്നിൽ തന്റെ സ്‌നേഹച്ചിറകു താഴ്ത്തുന്നു. ''കോൺഗ്രസ് വഞ്ചകരാണെന്നു കരുതുന്നില്ല. എങ്കിലും ഇടതുപക്ഷത്തോട് എന്തിനു മത്സരിക്കുന്നുവെന്നതിന് ഉത്തരമായിട്ടില്ല.
രാഹുലിന്റെ നിലപാട് വ്യക്തിപരമായി തനിക്ക് തിരിച്ചടിയല്ല. ബി.ജെ.പിക്കെതിരായ വോട്ടുകൾ സമാഹരിക്കുകയാണ് ലക്ഷ്യം. അത് സാധ്യമാകണമെങ്കിൽ പാർട്ടികൾ തമ്മിൽ ഒരു ധാരണ വേണം. ആ ധാരണ സഖ്യത്തിന്റെ രൂപത്തിൽ തന്നെയാകണമെന്ന് നിർബന്ധവുമില്ല.
രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വം ന്യൂനപക്ഷ പ്രീണനമെന്ന നിലപാടിനോട് യോജിപ്പില്ല. ഇടതുപക്ഷമാണോ ബി.ജെ.പിയോണോ ശത്രുവെന്ന് കേരളത്തിലെ കോൺഗ്രസ് തീരുമാനിക്കണം ''
ഇതാണ് ഇന്നലെ സീതാറാം യെച്ചൂരി ഒരു ചാനലിന്റെ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ. പൊതുതെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസുമായി സഖ്യപ്പെടാനുള്ള സാധ്യത യെച്ചൂരി തള്ളുന്നില്ലെന്ന് മാത്രമല്ല, അതിനായി രംഗത്തുണ്ടാകുമെന്ന സൂചനയും നൽകുന്നു. രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വം ന്യൂനപക്ഷ പ്രീണനമെന്ന സംഘ് പരിവാറിന്റെ വാക്കുകൾ കേരളത്തിലെ മറ്റു കമ്യൂണിസ്റ്റുകാരെപ്പോലെ ഏറ്റെടുക്കാനും അദ്ദേഹം തയാറല്ല. 
രാഹുൽ ഗാന്ധി കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കാനെടുത്ത തീരുമാനം വ്യക്തിപരമായി തനിക്കെതിരല്ലെന്ന് യെച്ചൂരി പറയുന്നുണ്ടെങ്കിലും യെച്ചൂരി ലൈനിന്റെ തോൽവി തന്നെയെന്ന സന്ദേശം പല വഴിക്ക് രാഷ്ട്രീയ അന്തരീക്ഷത്തിലെത്തുന്നു. കോൺഗ്രസ് വിരോധത്തിൽ ഊട്ടിയുറപ്പിക്കപ്പെട്ട കേരള സി.പി.എമ്മിന്റെ രാഷ്ട്രീയം ഇത്തരത്തിൽ കടുത്ത കോൺഗ്രസ് വിരുദ്ധത സ്വീകരിക്കാൻ കേരള നേതാക്കൾക്ക് എല്ലാ കാലത്തുമെന്നപോലെ കരുത്തായി മാറുന്നു. 
പേടി ഒരു കാര്യത്തിൽ മാത്രം- ബി.ജെ.പി വിരുദ്ധ നിലപാടുകളുടെ പേരിൽ കുറച്ചു കാലമായി തങ്ങൾ നേടിയെടുത്ത മതന്യൂനപക്ഷ വോട്ടുകൾ, പ്രത്യേകിച്ച് മുസ്‌ലിം വോട്ടുകൾ വന്ന വഴിക്ക് പോകുമോ എന്നതാണ് ആ പേടി. രാഹുൽ ഗാന്ധിയെ മോഡി വിരുദ്ധ ചേരിയുടെ മുൻനിര നേതാവായി തിരിച്ചറിഞ്ഞവരായി മാറിയവരാണ് കേരളത്തിലെ ജനങ്ങൾ പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങൾ. പല ഗ്രൂപ്പുകളും വ്യക്തികളും അക്കാര്യം ഇതിനോടകം പരസ്യമാക്കിയിട്ടുമുണ്ട്. ഇപ്പോഴില്ലെങ്കിൽ പിന്നെ ഒരിക്കലുമില്ല എന്ന നിലപാടിൽ നിൽക്കുന്ന മത ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന് ശക്തിപകരുമ്പോൾ വിശാലാടിസ്ഥാനത്തിൽ കേരളത്തിൽ അതിന്റെ പരിക്ക് സി.പി.എമ്മിനായിരിക്കും. ശക്തി പ്രാപിക്കുന്ന കോൺഗ്രസും കൂടെ നിൽക്കുന്ന മത ന്യൂനപക്ഷങ്ങളും -ഈ കാഴ്ച സി.പി.എം ഇഷ്ടപ്പെടാത്തത് സ്വാഭാവികം. തങ്ങളുടെ പാർട്ടി സെക്രട്ടറി തന്നെ വീണ്ടും വീണ്ടും കോൺഗ്രസ് സഖ്യ സാധ്യതയെപ്പറ്റി പറഞ്ഞുകൊണ്ടേയിരിക്കുന്നതൊന്നവസാനിപ്പിക്കാൻ ആർക്കാണ് കഴിയുക. ആർക്കും കഴിയില്ലെന്നാണ് സീതാറാം യെച്ചൂരി ശാന്ത ഭാവത്തിൽ എന്നാൽ ശക്തമായ ഭാഷയിൽ ഇന്ത്യയിലെല്ലായിടത്തും ചെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നത്. 
യെച്ചൂരിയുടെ നിലപാടിങ്ങനെ പാറി നടക്കവേയാണ് ഇന്നലെ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് തിരുവനന്തപുരത്ത് മാധ്യമങ്ങളുമായി മുഖാമുഖം നടത്തിയത്. മത ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വിഷയത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ വാക്കുകൾ കേരള നേതാക്കളുടെ നിലപാടിന് ശക്തമായി ഐക്യപ്പെടുന്നതായി. അതിങ്ങനെ ''മുസ്‌ലിം ലീഗ് വർഗീയ കക്ഷി തന്നെയാണ്. ലീഗിന്റെ അടിസ്ഥാന തത്വം തന്നെ മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്നതാണ്. തീവ്ര വർഗീയ നിലപാടുള്ളവരുമായാണ് ലീഗിന്റെ കൂട്ട്. കോൺഗ്രസിന് പ്രധാനമായും കേരളത്തിലുള്ള ഒരു ഘടക കക്ഷി മുസ്‌ലിം ലീഗാണ്. മുസ്‌ലിം ലീഗിന്റേത് മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്ന നിലപാടായതിനാൽ തന്നെ കോൺഗ്രസിന്റെ മതേതരത്വം പൊള്ളയാണ്.'' യെച്ചൂരിയെവിടെ, ബൃന്ദയെവിടെ?. 
 

Latest News