Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തമിഴകത്ത്  മോഡി വിരുദ്ധ തരംഗം 

ചെന്നൈയിൽ പ്രതിപക്ഷ നേതാക്കൾ അടുത്തിടെ സംഗമിച്ചപ്പോൾ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, എം.കെ. സ്റ്റാലിൻ, രാഹുൽ ഗാന്ധി, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവരാണ് ചിത്രത്തിൽ (ഫയൽ)  

ചെന്നൈ -ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് ഫലം പലപ്പോഴും സവിശേഷമായിരിക്കും. ഏതെങ്കിലും ഒരു കക്ഷിയേയോ മുന്നണിയേയോ തുണയ്ക്കാൻ തമിഴ് ജനത തീരുമാനിച്ചാൽ പിന്നെ എതിരാളിയുടെ കാര്യം കട്ടപ്പൊക. പ്രധാനമന്ത്രി മോഡിക്ക് ഏറ്റവും തിക്തമായ അനുഭവം നേരിടേണ്ടി വന്ന സംസ്ഥാനമാണ് തമിഴ്‌നാട്. പുരട്ചി തലൈവി ജയലളിത വിട പറഞ്ഞ വേളയിൽ തോഴി ശശികലയെ ആശ്വസിപ്പിക്കാൻ പുറപ്പെട്ട് പരിഹാസ്യനായത് വേറെ. തൂത്തുക്കുടിയിലെ വെടിവെപ്പ് തമിഴ് രോഷം ആളിപ്പടരാനിടയാക്കി.  വർഗീയ ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാമെന്ന ബി.ജെ.പി മോഹത്തിന് അനുകൂല സാഹചര്യവും ഇവിടെയില്ല. 
തമിഴകത്ത് ഇത്തവണ ഡി.എം.കെ സഖ്യം തൂത്തുവാരുമെന്നാണ്  അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്. പുതുശ്ശേരിയിലെ ഒന്ന് ഉൾപ്പെടെ 40 സീറ്റുകളിൽ ഡി.എം.കെ, കോൺഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്‌ലിം ലീഗ് എന്നീ കക്ഷികൾ ഒരുമിച്ചാണ് മത്സരിക്കുന്നത്. മിക്കവാറും എല്ലാ സീറ്റുകളിലും ഈ സഖ്യം വിജയിക്കാനാണ് സാധ്യത. പശ്ചിമ ബംഗാളിലും ത്രിപുരയിലും തിരിച്ചടി പ്രതീക്ഷിക്കുന്ന സി.പിഎമ്മിന് പോലും ആശ്വാസം പകരുന്നതായിരിക്കും തമിഴകത്തെ ഫലം. നാല് സീറ്റുകൾ തമിഴകത്ത് നിന്നും മാത്രം ഇരു കമ്യൂണിസ്റ്റു പാർട്ടികൾക്കുമുണ്ടാകും. മൺമറഞ്ഞ കലൈഞ്ജർ കരുണാനിധിയുടെ പുത്രൻ എം.കെ. സ്റ്റാലിൻ പാർട്ടി അധ്യക്ഷനായ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അതുകൊണ്ടു തന്നെ വെല്ലുവിളികളും ഏറെയാണ്. കമ്യൂണിസ്റ്റ്  പാർട്ടികൾക്കായി നാല് സീറ്റാണ് സ്റ്റാലിൻ വിട്ടു നൽകിയിരിക്കുന്നത്. ഇതിൽ മധുര, കോയമ്പത്തൂർ സീറ്റുകളിൽ മത്സരിക്കുന്നത് സി.പി.എമ്മാണ്. നാഗപട്ടണം, തെങ്കാശി എന്നീ സീറ്റുകളിൽ സി.പി.ഐയും മത്സരിക്കുന്നു.
കമ്യൂണിസ്റ്റ് പാർട്ടികളുമായി സഖ്യത്തിലാവാനും സഹകരിച്ചു പോവാനും കരുണാനിധി എക്കാലത്തും  ശ്രമിച്ചിരുന്നു. പേരിൽ തന്നെ കമ്യൂണിസ്റ്റ് ഇതിഹാസ നായകനെ ഓർമിപ്പിക്കുന്ന മകൻ സ്റ്റാലിൻ കരുണാനിധിയുടെ വിയോഗത്തോടെ ഇപ്പോൾ ഡി.എം.കെയെ നയിക്കുന്ന നായകനാണ്. സ്റ്റാലിന്റെ സഹോദരൻ അഴഗിരിയുടെ തട്ടകമായ മധുരയിൽ സി.പി.എമ്മിന് സീറ്റ് നൽകുക വഴി മധുരമായ ഒരു പ്രതികാരം കൂടിയാണ് സ്റ്റാലിൻ ചെയ്തിരിക്കുന്നത്. ഏറെക്കാലം മധുര ലോക്‌സഭ മണ്ഡലം കുത്തകയാക്കി വെച്ചിരുന്ന സി.പി.എമ്മിന് മുമ്പ് അത് നിഷേധിക്കാൻ കാരണം അഴഗിരിയുടെ ഇടപെടലായിരുന്നു. കരുണാനിധി ജീവിച്ചിരിക്കേ തന്നെ ഡി.എം.കെ നേതൃസ്ഥാനത്ത് നിന്നും ഒഴിവാക്കിയ അഴഗിരിയെ തിരികെ പാർട്ടിയിൽ എടുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് സ്റ്റാലിൻ. സ്റ്റാലിന് പുറമെ മകൻ ഉദയനിധി സ്റ്റാലിനും പ്രചാരണ രംഗത്ത് സജീവമാണ്. വലിയ ആൾക്കൂട്ടം നടൻ കൂടിയായ ഉദയനിധിയുടെ പ്രസംഗം കേൾക്കാൻ തടിച്ചു കൂടുന്നുണ്ട്. സ്റ്റാലിന്റെ പിൻഗാമിയായാണ് ഉദയനിധി സ്റ്റാലിൻ വിലയിരുത്തപ്പെടുന്നത്.
ബി.ജെ.പിയെയും മോഡിയെയും അണ്ണാ ഡി.എം.കെയെയും രൂക്ഷമായി വിമർശിച്ചാണ് ഉദയനിധിയുടെ പര്യടനം പുരോഗമിക്കുന്നത്. അച്ഛനും മകനും തമിഴക മണ്ണ് ഉഴുതു മിറക്കുമ്പോൾ ചിട്ടയായ പ്രവർത്തനങ്ങളിലാണ് കമ്യൂണിസ്റ്റ് പാർട്ടികൾ. സി.പി.എം, സി.പി.ഐ ദേശീയ നേതാക്കളും പ്രചാരണത്തിനായി തമിഴകത്ത് എത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മറ്റു ദേശീയ നേതാക്കളും എത്തിച്ചേരും. 
അമ്മ വിട വാങ്ങിയ ശേഷം എ.ഐ.ഡി.എം.കെയുടെ പ്രതാപം അസ്തമിച്ചുവെന്ന് വിലയിരുത്താം. ഡി.എം.കെ സാരഥി സ്റ്റാലിനാണ് ഇപ്പോഴത്തെ താരം. കരുണാനാധി മകന് സ്റ്റാലിൻ എന്ന് പേര് നൽകാൻ തന്നെ കാരണം മുൻ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് ജോസഫ് സ്റ്റാലിനോടുള്ള ആരാധനയാണ്. 1953 മാർച്ച് ഒന്നിനാണ് സ്റ്റാലിന്റെ ജനനം. സ്റ്റാലിൻ ജനിച്ച് നാല് ദിവസം കഴിഞ്ഞായിരുന്നു ജോസഫ് സ്റ്റാലിൻ അന്തരിച്ചിരുന്നത്.
പിതാവിനെ പോലെ തന്നെ കടുത്ത നിരീശ്വരവാദിയായാണ് സ്റ്റാലിനും അറിയപ്പെടുന്നത്. പതിമൂന്ന് വയസ്സ് മാത്രമുള്ളപ്പോഴാണ് സ്റ്റാലിൻ രാഷ്ട്രീയ ഗോദയിലേക്കിറങ്ങിയത്. ഡി.എം.കെയിൽ യുവജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. 1966 ൽ ഡി.എം.കെ യുവജന വിഭാഗം രൂപീകരണ സമിതി അംഗമായി. 1967 ൽ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ആദ്യ പ്രസംഗം നടത്തി. 1974 ൽ പാർട്ടി ജനറൽ കൗൺസിലിൽ അംഗമായി.
അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുമ്പോൾ സ്റ്റാലിന് 22 വയസ്സാണ് പ്രായം. ഒരു കൊല്ലത്തോളം സ്റ്റാലിൻ ജയിലിലായി. ജയിലിൽ വെച്ച് അദ്ദേഹം ക്രൂരമായി മർദിക്കപ്പെട്ടെന്നാണ് ഡി.എം.കെയുടെ ചരിത്രകാരന്മാർ പറയുന്നത്. ഇതിനു ശേഷം ദ്രാവിഡ മുന്നേറ്റ കഴകത്തിൽ യുവജന വിഭാഗത്തിന്റെ മുഖമായി സ്റ്റാലിൻ വളർന്നു.
1983 ൽ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയായി. സംസ്ഥാനത്തുടനീളം പ്രവർത്തനങ്ങളുമായി കടന്നുചെന്ന കലൈഞ്ജറുടെ മകനെ പാർട്ടി പ്രവർത്തകർ നേതാവായി അംഗീകരിച്ചു. അവിടെ നിന്നാണ് രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ നിന്ന് ജനപ്രതിനിധി എന്ന ചുമതലയിലേക്കുള്ള യാത്രയുടെ തുടക്കം.
1989 ൽ ചെന്നൈ ആയിരം വിളക്ക്  മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1996 ലും 2001 ലും 2006 ലും അവിടെ നിന്നു തന്നെ തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, 1991 ൽ രാജീവ് വധത്തെ തുടർന്നുള്ള സഹതാപ തരംഗത്തിൽ സ്റ്റാലിനും പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നില്ല. 2006 ൽ 53 ാം വയസ്സിലാണ് സ്റ്റാലിനെത്തേടി മന്ത്രിപദവിയെത്തിയത്.
2009 ൽ പിതാവ് കലൈഞ്ജർക്കു കീഴിൽ സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായി. അതിനും മുമ്പ് 1996 ൽ സ്റ്റാലിൻ ചെന്നൈ മേയറായി തെിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനങ്ങൾ നേരിട്ടു തെരഞ്ഞെടുത്ത ആദ്യ ചെന്നൈ മേയർ. 2001 ലും മേയറായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരാൾക്ക് ഒരേ സമയം എം.എൽ.എയും മേയറുമാവാൻ പറ്റില്ലെന്ന പുതിയ നിയമം ജയലളിത സർക്കാർ കൊണ്ടുവന്നതോടെ സ്റ്റാലിൻ മേയർ സ്ഥാനം ഉപേക്ഷിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്റ്റാലിൻ കൊളത്തൂരിൽ നിന്നാണ് ജയിച്ചുകയറിയത്.
ദക്ഷിണേന്ത്യയിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലമാണ് കേരളത്തിലെ വയനാട്. തമിഴ്‌നാട്ടിലെയും കർണാടകയിലെയും മണ്ഡലങ്ങളോട് അതിര് പങ്കിടുന്നുവെന്ന സവിശേഷത കൂടി കണക്കിലെടുത്താണ് അദ്ദേഹം വയനാട് തെരഞ്ഞെടുത്തത്. അതിർത്തിയിൽ തമിഴ്‌നാട്ടിലെ ഒരു മണ്ഡലം നീലഗിരിയാണ്. അവിടെ മത്സരിക്കുന്നത് ഡി.എം.കെയിലെ മുൻ കേന്ദ്ര മന്ത്രി എ. രാജയാണ്. എ. രാജയ്ക്ക് വോട്ടുകൾ സമാഹരിക്കാൻ സി.പി.എം അച്ചടിച്ചിറക്കിയ പോസ്റ്ററുകളിൽ പാർട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടേയും ചിത്രങ്ങളുണ്ടെന്നത് കൗതുകകരമായ കാഴ്ചയാണ്. ഇതൊക്കെ മനസ്സിൽ കണ്ടാവണം സി.പി.എമ്മിനെതിരെ താൻ ഒരക്ഷരം ഉരിയാടില്ലെന്ന് രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ പറഞ്ഞത്. ഏതാനും ആഴ്ചകൾക്കപ്പുറം ചെന്നൈയിൽ ദേശീയ പ്രതിപക്ഷ നേതാക്കൾ ഒരുമിച്ചതും മറക്കാറായിട്ടില്ലല്ലോ. 

Latest News