ജിദ്ദ- നിലവിലെ ഉംറ സീസൺ ശവ്വാൽ 15 വരെയാക്കി ഹജ്, ഉംറ കാര്യമന്ത്രാലയം ദീർഘിപ്പിച്ചു. നേരത്തെ നിശ്ചയിച്ചത് പ്രകാരം റമദാൻ 15ന് തീരുമായിരുന്ന കാലാവധിയാണ് ഒരു മാസം കൂടി മന്ത്രാലയം വർധിച്ചത്. ഇക്കാര്യം വ്യക്തമാക്കി മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകൾക്കും അംഗീകൃത ഉംറ സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും കത്ത് അയച്ചു. ഉംറ സീസൺ ദീർഘിപ്പിക്കുന്നത് വിഷൻ 2030ന്റെ ഭാഗമായ ദേശീയ പരിവർത്തന പദ്ധതി 2020 വിഭാവന ചെയ്യുന്നുണ്ട്. മക്ക, മദീന നഗരികളുടെ സമഗ്ര വികസനത്തിന് പദ്ധതികൾ ആവിഷ്‌കരിക്കാൻ രൂപീകൃതമായ കമ്മിറ്റിയും ഉംറ സീസൺ കാലയളവ് വർധിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരുന്നു.
ഈ വർഷം ഉംറ സീസൺ ശവ്വാൽ 15 വരെ ദീർഘിപ്പിക്കാൻ ഹജ്, ഉംറ കാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജി. അബ്ദുൽ അസീസ് ബിൻ അസ്അദ് ദമൻഹൂരി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മൂന്ന് ലക്ഷം ഉംറ വിസ ഈ സീസണിൽ അധികം അനുവദിച്ചിട്ടുണ്ട്. കാലാവധി നീട്ടിയതോടെ വിദേശ തീർഥാടകരുടെ എണ്ണം 70 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷ. പാക്കിസ്ഥാൻ (12,58,000), ഈജിപ്ത് (8,33,000) ഇന്തോനേഷ്യ (5,440,000) എന്നീ രാഷ്ട്രങ്ങളിൽ നിന്നാണ് കൂടുതൽ തീർഥാടകർ ഈ വർഷമെത്തിയത്.
വിശുദ്ധ റമദാനിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഒമ്പത് ലക്ഷം തീർഥാടകർ എത്തുമെന്നാണ് വിലയിരുത്തൽ. റമദാനിൽ പ്രതിദിനം 40,000 തീർഥാടകർ പുണ്യഭൂമിയിൽ എത്തുകയും 14,500 പേർ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നുമുണ്ട്. 90 ശതമാനം തീർഥാടകരും വിമാന മാർഗമാണ് എത്തുന്നത്. ഒമ്പത് ശതമാനം കരാതിർത്തി വഴിയും ഒരു ശതമാനം കപ്പൽ മാർഗവും എത്തിയിട്ടുണ്ട്. വിമാന മാർഗം എത്തിയ തീർഥാടകരിൽ 70 ശതമാനം ജിദ്ദ വഴിയും 28 ശതമാനം മദീന എയർപോർട്ട് വഴിയും രണ്ട് ശതമാനം യാമ്പു വിമാനത്താവളം വഴിയുമാണ് രാജ്യത്ത് പ്രവേശിക്കുന്നത്.
തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിന് വിശുദ്ധ ഹറമിന് സമീഹം ഹജ്, ഉംറ മന്ത്രാലയം ആറ് ഫീൽഡ് സെന്ററുകൾ തുറന്നിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം അജ്‌യാദിലാണ്. ശേഷിക്കുന്നവ ഇബ്രാഹിം അൽഖലീൽ സ്ട്രീറ്റ്, അൽമിസ്‌യാൽ, അൽഹജൂൻ, ജന്ദറാവി എന്നിവിടങ്ങളിലാണ്. അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ഫീൽഡ് സെന്ററുകളെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വഴിതെറ്റുന്ന തീർഥാടകർക്ക് താമസസ്ഥലങ്ങളിലേക്കുള്ള വഴി കണ്ടെത്താൻ ഫീൽഡ് സെന്ററുകൾ സഹാായിക്കും.
ഉംറ സർവീസ് കമ്പനികൾക്കെതിരായ തീർഥാടകരുടെ പരാതികൾ സ്വീകരിച്ച് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സവീകരിക്കുന്നതും ഇത്തരം സെന്ററുകളാണ്. വയോജനങ്ങളെ താമസസ്ഥലങ്ങളിലെത്തിക്കുന്നതിന് ഫീൽഡ് സെന്ററുകളിൽ ആറ് ഗോൾഫ് കാർട്ടുകളുണ്ട്. ഫീൽഡ് സെന്ററുകളിൽ സഹായം തേടി എത്തുന്ന തീർഥാടകർക്ക് തണുത്ത വെള്ളവും ജ്യൂസുകളും വിതരണം ചെയ്യുന്നുണ്ട്. ഉംറ സർവീസ് കമ്പനികൾക്കെതിരെയുളള പരാതികൾ 8004304444 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം. ഹറമിന് സമീപമുള്ള സെൻട്രൽ ഏരിയക്ക് പുറത്തുള്ള ഹോട്ടലുകളിൽ താമസിക്കുന്ന തീർഥാടകരെ അഞ്ച് നേരത്തെ നിസ്‌കാരങ്ങൾക്കു ബസുകളിൽ ഹറമിലെത്തിക്കുന്നതിനു ഉംറ സർവീസ് കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജി. അബ്ദുൽ അസീസ് ബിൻ അസ്അദ് ദമൻഹൂരി പറഞ്ഞു.
പതിവിന് വിപരീതമായി ഈ വർഷം മുഹറം ഒന്ന് മുതൽ ഉംറ സീസൺ ആരംഭിച്ചിരുന്നു. സാധാരണയിൽ സ്വഫർ മുതലാണ് ഹജ്, ഉംറ മന്ത്രാലയം ഉംറ വിസ അനുവദിച്ച് തുടങ്ങുന്നത്. കഴിഞ്ഞ വർഷം 60 ലക്ഷം ഉംറ തീർഥാടകരാണ് വിദേശങ്ങളിൽ നിന്ന് എത്തിയത്.






