വിവാഹത്തിനൊരുങ്ങിയ മുന്‍ കാമുകിയെ വിവാഹിതനായ യുവാവ് കഴുത്തറുത്ത് കൊന്നു

കോയമ്പത്തൂര്‍- വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച മുന്‍ കാമുകി മറ്റൊരാളെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നതായി അറിഞ്ഞ യുവാവ് 20കാരിയായ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതി 27കാരന്‍ സതീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു വര്‍ഷം മുമ്പ് വിവാഹിതനായ ആളാണ്. കൊല്ലപ്പെട്ട പ്രഗതി എന്ന പെണ്‍കുട്ടിയുമായി സതീഷ് കുമാര്‍ നേരത്തെ പ്രണയത്തിലായിരുന്നു. ഇവരുവരും വിവാഹിതരാകാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രഗതിയുടെ മാതാപിതാക്കളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് നടക്കാതെ പോയത്. യുവാവ് പിന്നീട് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതിനു മുമ്പ് പ്രഗതിയെ വിവാഹം ചെയ്യാന്‍ കുടുംബത്തില്‍ പലവിധ സമ്മര്‍ദ്ദവും ചെലുത്തിയിരുന്നെങ്കിലും ഒന്നും വിജയിച്ചിരുന്നില്ല. 

സതീഷ് വിവാഹിതനായി ശേഷവും പ്രഗതിയുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഈ ബന്ധം അവസാനിപ്പിക്കാനും മറ്റൊരാളെ വിവാഹം ചെയ്യാനും പ്രഗതി തീരുമാനിച്ചതോടെ ഇതു തടയാന്‍ സതീഷ് തീരുമാനിക്കുകയായിരുന്നു. കോയമ്പത്തൂരില്‍ ഒരു കോളെജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പ്രഗതിയെ സ്വന്തം നാടായ ദിണ്ഡിഗലിലേക്കു പോകുന്നതിനു മുമ്പ് കാണണമെന്നു പറഞ്ഞ് വെള്ളിയാഴ്ച സതീഷ് ഒരിടത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ എത്തിയ പ്രഗതിയെ സതീഷ് കഴുത്തിന് കുത്തുകയും പിന്നീട് മരണം ഉറപ്പാക്കാന്‍ കഴുത്തറുക്കയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ കാണാതയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ ശനിയാഴ്ച രാവിലെ പരാതിപ്പെട്ടിരുന്നു. ഇതേ ദിവസം തന്നെ മൃതദേഹം ഒരു റോഡരികില്‍ കഴുത്തറുക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു. സതീഷ് കൊല നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നന് മാതാപിതാക്കള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. സതീഷിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
 

Latest News