ന്യൂദല്‍ഹി- ദല്‍ഹിയിലും ഹരിയാനയിലും പ്രസിദ്ധീകരിക്കുന്ന ഹിന്ദി ദിനപത്രങ്ങളില്‍ മുസ്ലിംകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മതിയായ ഇടം ലഭിക്കുന്നില്ലെന്നും വാര്‍ത്തകളില്‍ മുസ്ലിംകളെ മോശമായി ചിത്രീകരിച്ചു വരുന്നതായും പഠനം. മാധ്യമ ഗവേഷണ ജേണലായ മാസ് മീഡിയയുടെ ഏപ്രില്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മുസ്ലിം വിരുദ്ധത, ശത്രുതാപരമായ എഡിറ്റോറിയല്‍ സമീപനം, വാര്‍ത്തകളില്‍ ഇടമില്ലായ്മ എന്നിവയാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച പരാതിയെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ദല്‍ഹിയില്‍ 20 മുസ്ലിം പ്രദേശങ്ങളിലും ഹരിയാനയിലെ അഞ്ച് നഗരങ്ങളിലുമാണ് സര്‍വെ നടത്തിയത്. ഹിന്ദി പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മുസ്ലിംകള്‍ക്കെതിരായ മുന്‍വിധിയോടെ പ്രസിദ്ധീകരിക്കുന്നവയാണെന്ന് മുസ്ലിംകള്‍ക്കിടയില്‍ മാത്രം നടത്തിയ സര്‍വെയില്‍ പങ്കെടുത്തവരില്‍ 76 ശതമാനം പേരും പറയുന്നു. ഈ ന്യൂനപക്ഷ സമുദായത്തിന്റെ വേണ്ടത്ര വാര്‍ത്തകളില്‍ ഇടം ലഭിക്കുന്നില്ലെന്ന് 84 ശതമാനം വായനക്കാരും പറയുന്നു. മുസ്ലിംകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വേണ്ടത്ര റിപോര്‍ട്ട് ചെയ്യാറില്ല. പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളാണെങ്കില്‍ മുസ്ലിംകളെ മോശമായി ചിത്രീകരിക്കുന്നവയാണെന്നും പഠനം പറയുന്നു.
മുസ്ലിംകളുടെ വാര്‍ത്തകള്‍ നല്‍കുന്ന നിലവിരെ രീതീയില്‍ 67 ശതമാനം പേരും തൃപ്തരല്ല. മുസ്ലിംകള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ വാര്‍ത്തയാകുന്നതും മുസ്ലിം നേതാക്കളുടെയും സംഘടനകളുടേയും പ്രസ്താവനകള്‍ വാര്‍ത്തയാകുന്നതും അപൂര്‍വമായി മാത്രമാണ് കാണാറുള്ളതെന്ന് 43 ശതമാനം പേരും പ്രതികരിച്ചു.
അതേസമയം മുത്തലാഖ്, അലിഗഢ് മുസ്ലിം യുണിവേഴ്‌സിറ്റി, ബാബരി മസ്ജിദ് തുടങ്ങിയ മുസ്ലിംകള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ഈ വിഷയങ്ങളില്‍ ബിജെപി/ ആര്‍എസ്എസ് നിലപാടുകളെ പിന്തുണയ്ക്കുന്ന രീതിയിലാണെന്നും സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം പേരും ചൂണ്ടിക്കാട്ടുന്നു.






