Sorry, you need to enable JavaScript to visit this website.

വി.വി.പാറ്റ്: ഓരോ നിയമസഭ മണ്ഡലങ്ങളിലെയും അഞ്ച് വോട്ടിംഗ് യന്ത്രങ്ങൾ എണ്ണണമെന്ന് ഉത്തരവ്

ന്യൂദൽഹി- വി.വി പാറ്റ് യന്ത്രങ്ങളിലെ അൻപത് ശതമാനം രസീതുകൾ എണ്ണണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. അതേസമയം എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് വോട്ടിംഗ് യന്ത്രങ്ങളിലെ വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഓരോ ലോക്‌സഭാ മണ്ഡലത്തിലുമുൾപ്പെടുന്ന എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഇത് നടപ്പാക്കണമെന്നും ഉത്തരവിട്ടു. നിലവിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഒരു യന്ത്രത്തിലെ വിവിപാറ്റ് രസീതുകൾ എണ്ണാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.
50 ശതമാനം സ്ലിപ്പുകൾ എണ്ണി ഒത്തുനോക്കുകയാണെങ്കിൽ ഫലപ്രഖ്യാപനം ആറു ദിവസംവരെ വൈകുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പല നിയമസഭാ മണ്ഡലങ്ങളിലും നാനൂറിലേറെ പോളിങ് ബൂത്തുകളുണ്ട്. അവിടങ്ങളിലെ സ്ലിപ്പുകൾ എണ്ണാൻ എട്ടോ ഒമ്പതോ ദിവസം വേണ്ടിവന്നേക്കുമെന്നും കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

എന്നാൽ ആറുദിവസം കാത്തിരുന്നാലും 50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ നിലപാട്. കമ്മിഷൻ പറയുന്നതുപോലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിന് ആറുദിവസം ആവശ്യമില്ല. ഓരോ നിയോജകമണ്ഡലത്തിലെയും ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണാൻ ഒരാളെയാണ് നിയോഗിക്കുന്നത്. ഓരോ ബൂത്തിലും രണ്ടുപേരെ നിയോഗിച്ചാൽ 2.6 ദിവസംകൊണ്ട് 50 ശതമാനം സ്ലിപ്പുകൾ പരിശോധിക്കാം. ഇനി കമ്മിഷൻ പറയുന്നപോലെ ആറുദിവസം തന്നെയെടുത്താലും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത വെച്ചുനോക്കുമ്പോൾ അത് ഗുരുതരമായ കാലതാമസമല്ലെന്നും പ്രതിപക്ഷകക്ഷികൾ പറഞ്ഞിരുന്നു.
നിലവിലെ രീതിപ്രകാരം 0.44 ശതമാനം വോട്ടുകളുടെ സ്ലിപ്പുകൾ മാത്രമേ എണ്ണുന്നുള്ളൂവെന്നും ഹർജികളിൽ ചൂണ്ടിക്കാട്ടിയിരുന്നു. ടി.ഡി.പി. നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഉൾപ്പെടെ ആറു ദേശീയ പാർട്ടികളുടെയും 15 പ്രദേശിക പാർട്ടികളുടെയും നേതാക്കളാണ് ഹർജി നൽകിയത്.

Latest News