Sorry, you need to enable JavaScript to visit this website.

ഗുഡ്ഗാവില്‍ വാളുവീശി മാംസക്കടകള്‍ അടപ്പിച്ച സംഭവത്തില്‍ രണ്ട് ഹിന്ദു സേനക്കാര്‍ അറസ്റ്റില്‍

ഗുഡ്ഗാവ്- വാളുകളും ഇരുമ്പു ദണ്ഡുകളും വടികളും വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ ഗുഡ്ഗാവില്‍ പലയിടത്തും മാംസക്കടകള്‍ അടപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു സേനയുടെ രണ്ടു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഡുന്‍ഡഹേര സ്വദേശികളായ രാജേഷ്, പ്രമോദ് എന്നിവരാണ് പിടിയിലായത്്. ഇവര്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്ന് ഹിന്ദു സേന ഹരിയാന സംസ്ഥാന പ്രസിഡന്റ് റിതു രാജ് സ്ഥിരീകരിച്ചു. ആയുധങ്ങളുമായി എത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ഷട്ടറുകള്‍ ബലപ്രയോഗത്തിലൂടെ അടപ്പിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഹിന്ദുത്വ ഗുണ്ടകള്‍ക്കെതിരെ പോലീസ് നടപടി എടുക്കിന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. 

നവരാത്രി ആഘോഷ സമയത്ത് മാംസ വില്‍പ്പന പാടില്ലെന്ന് പറഞ്ഞാണ് കടകള്‍ അടപ്പിച്ചത്. ആട്ടിറച്ചിയും കോഴിയിറച്ചിയും വില്‍ക്കുന്ന കടകളാണ് അടപ്പിച്ചത്. ഏറിയ പങ്കും മുസ്ലിം വ്യാപാരികള്‍ നടത്തുന്നവയാണ്. മുസ്ലിം വിരുദ്ധ ആക്രോഷങ്ങളുമായാണ് ഹിന്ദുത്വ ഗുണ്ടകള്‍ ശനിയാഴ്ച പട്ടാപകല്‍ തെരുവില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 

ദല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഗുഡ്ഗാവിലെ ഡുന്‍ഡഹേര ടൗണില്‍ നാല്‍പതോളം പേര്‍ അടങ്ങുന്ന ഹിന്ദുത്വ ഗുണ്ടകള്‍ മാരകായുധങ്ങളുമായി എത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെ മാംസക്കടകള്‍ അടപ്പിച്ച സംഭവത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് രണ്ടു പ്രതികളെ പിടികൂടിയത്. ഇവര്‍ വാളുകളും വടികളും ഹോക്കിസ്റ്റിക്കുകളുമേന്തി തെരുവുകളിലൂടെ മാര്‍ച്ച് നടത്തുകയായിരുന്നെന്നും ഗുഡ്ഗാവില്‍ പലയിടത്തായി ഇരുനൂറോളം ഹിന്ദു സേനാ പ്രവര്‍ത്തകരാണ് ഇങ്ങനെ മാര്‍ച്ച് നടത്തിയതെന്നും ഡിസിപി സുമെര്‍ സിങ് പറഞ്ഞു. ആറു പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇവരില്‍ ചിലര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. അറസ്റ്റിലായ രാജേഷിനെതിരെ രണ്ടു കേസുകള്‍ നിലവിലുണ്ടെന്നും എസിപി ബൈരെം സിങ് പറഞ്ഞു. 

നവരാത്രി ആഘോഷ സമയത്ത് മാംസക്കടകള്‍ ഹിന്ദുക്കളുടെ മതവികാരം വൃണപ്പെടുത്തുമെന്നതിനാല്‍ ഇവ അടപ്പിക്കാനുള്ള ശ്രമങ്ങള്‍ ഹിന്ദു സംഘടനകള്‍ തുടരുമെന്ന് ഹിന്ദു സേനാ പ്രസിഡന്റ് റിതു രാജ് പറഞ്ഞു. ഈ മാംസക്കടകള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയാണെന്നും ഇവ അടച്ചു പൂട്ടേണ്ടത് ഗുഡ്ഗാവ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ജോലിയാണന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ അധികൃതര്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ രംഗത്തിറങ്ങി കടകള്‍ അടപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്കെതിരെ കേസെടുക്കുകയാണെങ്കില്‍ മാംസക്കടകള്‍ക്കെതിരെയും നടപടി സ്വീകരിക്കേണ്ടി വരുമെന്നും റിതു രാജ് ഭീഷണി സ്വരത്തില്‍ പറഞ്ഞു. നവരാത്രി സമയത്ത് മാംസക്കടകള്‍ അടപ്പിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ കോര്‍പറേഷനും ജില്ലാ ഭരണകൂടത്തിനും അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മാംസക്കടകളെല്ലാം ഒറ്റയടിക്ക് നിയമവിരുദ്ധമാകുന്നത് എങ്ങനെ എന്ന സംശയവും ഉന്നയിക്കപ്പെട്ടു. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് അനധികൃത മാംസക്കടകള്‍ കണ്ടെത്താനുള്ള ശ്രമവും മുനിസിപ്പല്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

ഹരിയാനയിലും കേന്ദ്രത്തിലും ബിജെപി അധികാരത്തിലെത്തിയതു മുതല്‍ എല്ലാ നവരാത്രി ആഘോഷ വേളകളിലും മാംസക്കടകള്‍ അടപ്പിക്കാറുണ്ടെന്ന് ഹിന്ദു സേന നേതാവ് റിതു രാജ് പറയുന്നു. ഗുഡ്ഗാവിലെ വിവിധ സെക്ടറുകളിലും പാലം വിഹാര്‍, ബാദ്ഷാപൂര്‍, ഓം വിഹാര്‍, സുറത്ത് നഗര്‍, സദര്‍ ബസാര്‍, അനാജ് മണ്ഡി ദന്‍വാപൂര്‍, ഡുന്‍ഡഹേര, മൊലഹേഡ, സികന്ദര്‍പൂര്‍ തുടങ്ങി എല്ലായിടത്തും ഞങ്ങള്‍ നേരിട്ടു പോയി മാംസക്കടകള്‍ അടപ്പിച്ചിട്ടുണ്ട്- റിതു രാജ്് പറഞ്ഞു. ഇത് ഇനിയും തുടരും. അടുത്ത ലക്ഷ്യം വളരെയധികം മാംസക്കടകളുള്ള ന്യൂ ഗുഡ്ഗാവാണെന്നും ശിവ സേന പ്രസിഡന്റ് ഗൗതം സൈനി പറഞ്ഞു. നിരവധി ഹിന്ദുത്വ, സംഘപരിവാര്‍ സംഘടനകള്‍ ചേര്‍ന്നാണ് ഇവിടെ നിയമത്തെ വെല്ലുവിളിച്ച് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. 


 

Latest News