ലഹരിമരുന്ന് നിര്‍മിക്കുന്ന അഞ്ച് കോടിയുടെ പോപ്പിക്കായകളുമായി രണ്ട് പേര്‍ പിടിയില്‍

പാലക്കാട്- അന്താരാഷ്ട്ര വിപണിയില്‍ അഞ്ച് കോടിയിലേറെ രൂപ വിലമതിക്കുന്ന രണ്ടേ മുക്കാല്‍ കിലോ പോപ്പിസ്‌ട്രോ കായയുമായി രണ്ട് തമിഴ്‌നാട് സ്വദേശികളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ടൗണ്‍ സൗത്ത് പോലീസും ചേര്‍ന്ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്തു നിന്നും കസ്റ്റഡിയിലെടുത്തു.
സേലം, പെത്തനായ്ക്കന്‍ പാളയം സ്വദേശികളായ അരുള്‍ മണി (30), അരുള്‍ മോഹനന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന നമ്പരില്ലാത്ത ബൈക്കും പ്രതികളുടെ പക്കലുണ്ടായിരുന്ന സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന പോപ്പിക്കായകളും പോലീസ് കസ്റ്റഡിയിലെടുത്തു.
കേരളത്തില്‍ ആദ്യമായാണ് ഇത്രയും അളവില്‍ പോപ്പിസ്‌ട്രോ പിടിക്കപ്പെടുന്നത്.        അഫ്ഗാനിസ്ഥാനിലാണ് ഇത് മുഖ്യമായും കൃഷി ചെയ്യുന്നത്. ഇതുപയോഗിച്ച് ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, കറുപ്പ്  ഉള്‍പ്പെടെ 26 ല്‍ പരം വീര്യം കൂടിയ ലഹരിമരുന്നുകള്‍ നിര്‍മിച്ചു വരുന്നു. കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന മോര്‍ഫിന്‍ തുടങ്ങിയ വേദന സംഹാരികളും ഉണ്ടാക്കാം. ഇന്ത്യയില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തോട്ടങ്ങളിലാണ് മരുന്ന് ആവശ്യത്തിന് ഇവ കൃഷി ചെയ്യുന്നത്. കേരളത്തിലെ നിശാക്ലബ്ബുകള്‍, ഡി.ജെ പാര്‍ട്ടികള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ലഹരിമരുന്നുകള്‍ നിര്‍മ്മിക്കുന്നതിനാണ് പോപ്പി സ്‌ട്രോ കേരളത്തിലെത്തിക്കുന്നത്.
കൊച്ചി, ആലപ്പുഴ, കുമരകം, കോവളം തുടങ്ങിയ സ്ഥലങ്ങളിലെ ബീച്ച്  റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ കച്ചവടം നടത്തി വരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. കേരളത്തിലെ ആദ്യത്തെ കേസാണിത്. അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്നും രാജസ്ഥാന്‍ വഴിയാണ് ഇന്ത്യയില്‍ അനധികൃതമായി ഇവ എത്തുന്നത്. ലഹരികളുടെ രാജാവ് എന്നാണ് ഈ ചെടി അറിയപ്പെടുന്നത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി സാബുവിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ബാബു കെ തോമസ്, പാലക്കാട് ഡി.വൈ.എസ്.പി ജി ഡി. വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ പി കെ മനോജ് കുമാര്‍, എസ്.ഐ കെ. സതീഷ് കുമാര്‍, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ എസ്. ജലീല്‍, ആര്‍. കിഷോര്‍, റഹീം മുത്തു, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍.രാജീദ്, എസ്.എന്‍ ഷനോസ്, സി. സജീഷ്, എസ്. ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് ലഹരി കടത്ത് പിടികൂടിയത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കി തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.

 

Latest News