Sorry, you need to enable JavaScript to visit this website.

സ്വർണ ഉൽപാദനം ഇരട്ടിയിലധികമായി ഉയർത്തുന്നതിന് ശ്രമം - മആദിൻ

റിയാദ് - അഞ്ചു വർഷത്തിനുള്ളിൽ സ്വർണ ഉൽപാദനം ഇരട്ടിയിലധികമായി ഉയർത്തുന്നതിന് സൗദി അറേബ്യൻ മൈനിംഗ് കമ്പനി (മആദിൻ) ശ്രമിക്കുന്നതായി കമ്പനി സി.ഇ.ഒ ഡാരിൻ ഡേവിസ് പറഞ്ഞു. 
2025 ഓടെ പ്രതിവർഷ സ്വർണ ഉൽപാദനം പത്തു ലക്ഷം ഔൺസ് ആയി ഉയർത്തുന്നതിനാണ് ശ്രമം. ഈ വർഷം കമ്പനിയുടെ സ്വർണ ഉൽപാദനം 4,15,000 ഔൺസ് ആണ്. 
സ്വർണ ഉൽപാദനം പത്തു ലക്ഷം ഔൺസ് ആയി ഉയരുന്നതോടെ ലോകത്തെ ഏറ്റവും വലിയ ഇരുപതു സ്വർണ ഉൽപാദക രാജ്യങ്ങളിൽ ഒന്നായി സൗദി അറേബ്യ മാറും. 
2035 വരെയുള്ള കാലത്ത് ലോഹങ്ങൾക്കു വേണ്ടിയുള്ള ഖനനത്തിന് 740 കോടിയിലേറെ ഡോളർ ചെലവഴിക്കുന്നതിന് സൗദി അറേബ്യ പദ്ധതിയിടുന്നു. 
ഖനന വ്യവസായ രംഗത്ത് പശ്ചാത്തല മേഖലയിൽ 42,600 കോടി ഡോളർ ചെലവഴിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിത്. സൗദിയിൽ 1.3 ട്രില്യൺ ഡോളറിന്റെ ധാതുസമ്പത്തുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് പ്രയോജനപ്പെടുത്തുന്നതിനാണ് ശ്രമം. 
ഈ വർഷം ഖനനങ്ങൾക്ക് 25 കോടി ഡോളറാണ് മആദിൻ ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദശകത്തിനിടെ ഖനനങ്ങൾക്ക് പ്രതിവർഷം ചെലവഴിച്ച ശരാശരി തുകയുടെ മൂന്നിരട്ടിയാണിത്. 
സ്വർണം, ചെമ്പ്, സിങ്ക് എന്നീ ലോഹങ്ങളുടെ ശേഖരങ്ങൾ കണ്ടെത്തുന്നതിനാണ് മആദിൻ ഊന്നൽ നൽകുന്നത്. യുറേനിയം പര്യവേക്ഷണത്തിൽ മആദിൻ കമ്പനി പങ്കാളിത്തം വഹിക്കുന്നില്ല. ലാറ്റിൻ അമേരിക്ക, ദക്ഷിണേഷ്യ, കിഴക്കൻ ആഫ്രിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിന് കമ്പനി ലക്ഷ്യമിടുന്നു.
 ഈ രാജ്യങ്ങളിൽ സംയുക്ത പദ്ധതികൾ നടപ്പാക്കുന്നതിനെയും ഖനന മേഖലയിലെ കമ്പനികൾ ഏറ്റെടുക്കുന്നതിനെയും കുറിച്ച് പഠിക്കുന്നുണ്ടെന്നും  ഡാരിൻ ഡേവിസ് പറഞ്ഞു.  
ആഗോള തലത്തിലെ സംഘർഷങ്ങൾ സ്വർണത്തിനുള്ള ആവശ്യം വർധിപ്പിച്ചിട്ടുണ്ട്. 
അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ തർക്കവും മാന്ദ്യത്തെ കുറിച്ച ഭീതിയും അലൂമിനിയം അടക്കമുള്ള ചില ചരക്കുകളുടെ വില കുറഞ്ഞതും സ്വർണത്തിനുള്ള ആവശ്യം വർധിപ്പിച്ചിട്ടുണ്ട്. 

Latest News