ന്യൂദല്‍ഹി: മോഡി മുട്ടിലിഴഞ്ഞ കാലത്ത് ഇവിടെ പഞ്ചവല്‍സര പദ്ധതി ഉണ്ടായിരുന്നെന്ന് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) ട്രഷറര്‍ ഗുഡൂര്‍ നാരായണ റെഡ്ഡി. ഹൈദരാബാദിലെ ഗാന്ധി ഭവനില്‍ വാര്‍ത്താ സമ്മേളനത്തിലാണ കോണ്‍ഗ്രസും മറ്റും ഭരിച്ച എഴുപതു വര്‍ഷം ഒന്നും സംഭവിച്ചിട്ടില്ല എന്ന പ്രധാനമന്ത്രിയുടെ പരിഹാസത്തിന് റെഡ്ഡി മറുപടി പറഞ്ഞത്. താന്‍ ജനിച്ച ശേഷമാണ് ഇന്ത്യ ഉണ്ടായതെന്ന ഭാവമാണ് നരേന്ദ്ര മോഡിക്കെന്നും താന്‍ പ്രധാനമന്ത്രിയായ ശേഷമാണ് ഇന്ത്യയില്‍ വികസനം വന്നതെന്നുമാണ് മോഡിയുടെ ധാരണയെന്നും അദ്ദേഹം പറഞ്ഞു. മോഡി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയില്‍ നടന്ന ഒരു വികസനമെങ്കിലും ചൂണ്ടിക്കാണിച്ചു തരാന്‍ മോഡിയെ താന്‍ വെല്ലുവിളിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ പേര് ഒപ്പം ചേര്‍ക്കാതെ ഇന്ത്യയില്‍ ഒരു വികസനപദ്ധതിയും മോഡിക്ക് ചൂണ്ടിക്കാണിക്കാനാവില്ലെന്നും ഗൂഡൂര്‍ നാരായണ റെഡ്ഡി പറഞ്ഞു.
കൂടാതെ കോണ്‍ഗ്രസ് ഭരണത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി അദ്ദേഹം മോഡിയുടേയും മോഡി ഭക്തരുടേയും വായടപ്പിച്ചു. 'കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് മോഡിയുടെ ധാരണ. 2014 നാണ് ഇന്ത്യ എന്ന മഹാരാജ്യം ഉണ്ടായതെന്നും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണ് താനെന്നുമാണ് മോഡി കരുതിവച്ചിരിക്കുന്നത്. മോഡി ജനിക്കുന്നതിന് മുമ്പ് ഇന്ത്യ പാക്കിസ്ഥാനുമായി ഒരു യുദ്ധം ജയിച്ചിട്ടുണ്ട്. മാത്രമല്ല 500 ഓളം പ്രദേശങ്ങള്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാക്കുകയും ചെയ്തു. മോഡിക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ ഡല്‍ഹിയില്‍ ആദ്യ ഏഷ്യന്‍ ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിച്ചു. 1951 മാര്‍ച്ചിലായിരുന്നു അത്. അതേ വര്‍ഷം തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്‌റു ആദ്യ പഞ്ചവല്‍സരപദ്ധതി പ്രഖ്യാപിച്ചു.
മോഡിക്ക് ഒരു വയസ് പ്രായമാകുമ്പോഴേക്കും ഗോരഗ്പൂരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി സ്ഥാപിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മോഡിക്ക് രണ്ട് വയസ് മാത്രമേ പ്രായമുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 1954ല്‍ മോഡിക്ക് നാല് വയസ് തികയുന്നതിന് മുമ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ ആറ്റോമിക് എനര്‍ജി എസ്റ്റാബ്ലിഷ്‌മെന്റ് (ട്രോംബെ എഇഇടി) സ്ഥാപിതമാക്കി. മോഡിക്ക് 11 വയസ് മാത്രം പ്രായമുള്ളപ്പോള്‍ പോര്‍ച്ചുഗീസുകാരില്‍ നിന്ന് ഇന്ത്യന്‍ സൈന്യം ഗോവയെ മോചിപ്പിച്ചു കേന്ദ്രഭരണ പ്രദേശമാക്കി. ഒരു വര്‍ഷം കഴിഞ്ഞ് ഫ്രഞ്ച് ഭരിച്ചിരുന്ന പോണ്ടിച്ചേരി (ഇപ്പോള്‍ പുതുച്ചേരി) കേന്ദ്രഭരണ പ്രദേശമായി. 1961ല്‍ കൊല്‍ക്കത്തയിലും അഹമ്മദാബാദിലും ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്ഥാപിച്ചു. ഇതേ വര്‍ഷം തന്നെ അഞ്ച് ഐഐടികള്‍ ഇന്ത്യയില്‍ സ്ഥാപിതമായി. ഗോരാഗ്പൂര്‍, ബോംബൈ, മദ്രാസ്, കാണ്‍പൂര്‍, ദല്‍ഹി എന്നിവിടങ്ങളില്‍. മോഡിക്ക് 13 വയസ് പ്രായമുള്ളപ്പോള്‍ ഇന്ത്യ ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരിലെ സത്‌ലജ് നദിക്കരയില്‍ ബക്രാ അണക്കെട്ട് നിര്‍മിച്ചു. ഇതേവര്‍ഷമാണ് ഇന്ത്യയിലെ ആദ്യ കൃത്രിമ തടാകമായ റിഹാന്ത് ഡാം നിര്‍മിച്ചതും.
ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) 1964 ഒക്ടോബര്‍ 1ന് രൂപീകരിച്ചപ്പോള്‍ മോഡിക്ക് 14 വയസ്സ് മാത്രമായിരുന്നു പ്രായം. ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റ് ലിമിറ്റഡിന്റെ കണ്‍സോര്‍ഷ്യവും കാണ്‍പൂരില്‍ എയര്‍പോര്‍ട്ട് മാനുഫാക്ചറിംഗ് ഡിപ്പോര്‍ട്ടും ഇതിനകം നിര്‍മിച്ചു. കാണ്‍പൂരില്‍ നിന്നും ഇതേകാലയളവില്‍ എയര്‍ക്രാഫ്റ്റുകളും ഹെലിക്കോപ്റ്ററുകളും ഇന്ത്യ നിര്‍മിച്ചു. 1967ല്‍ മോഡിയ്ക്ക് 17 വയസ്സുള്ളപ്പോള്‍, ഗോതമ്പ് ഉല്‍പാദനത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമായി. 1969ല്‍ മോഡിക്ക് 19 വയസ്സുള്ളപ്പോള്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐആര്‍ആര്‍ഒ), ആറ്റോമിക് പവര്‍ സ്‌റ്റേഷനും ചേര്‍ന്ന് 210 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള വൈദ്യുതി നിലയം സ്ഥാപിച്ചു. 1971ല്‍ മോഡിക്ക് 21 വയസ് പ്രായമുള്ളപ്പോള്‍ പാക്കിസ്ഥാനുമായി മൂന്നാമത്തെ യുദ്ധം ഇന്ത്യ നടത്തി. ഈസ്റ്റ് പാക്കിസ്ഥാന്‍ ഇല്ലാതാവുകയും സ്വതന്ത്ര രാഷ്ട്രമായി ബംഗ്ലാദേശ് ഉയര്‍ന്നുവരികയും ചെയ്തു. മോഡിക്ക് 24 വയസുള്ളപ്പോള്‍ അതായത് 1974ല്‍ ഇന്ത്യ പൊഖ്‌റാനില്‍ ആണവപരീക്ഷണം നടത്തി. പ്രധാനമന്ത്രി പി വി നരസിംഹ റാവു, ധനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരുടെ കാലത്ത് ഇന്ത്യ ഉദാരവല്‍ക്കരണ കാലഘട്ടത്തിനു സാക്ഷ്യം വഹിച്ചു. ഇത് മാത്രമല്ല ചന്ദ്രയാന്‍, മംഗള്‍യാന്‍, ജിഎസ്എല്‍വി, മോണോ റെയില്‍, ന്യൂക്ലിയര്‍ സബ് മറൈന്‍, അഗ്‌നി മിസൈല്‍, ചേതക് മിഗ്, സുഖോയ്, ധനുഷ് ഇതെല്ലാം മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഇന്ത്യ കൈവരിച്ച നേട്ടങ്ങളാണ്. ഇന്ത്യയുടെ ചരിത്രം വായിച്ചിരുന്നെങ്കില്‍, പഠിച്ചിരുന്നെങ്കില്‍ മോഡിയും അദ്ദേഹത്തിന്റെ ഭക്തരും 70 വര്‍ഷം കൊണ്ട് ഇന്ത്യ എന്ത് നേടി എന്ന് ചോദിക്കില്ലായിരുന്നു. വൈറലായ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.