കോട്ടയം-പത്രികാ സമർപ്പണവും കഴിഞ്ഞ് ആവേശത്തിന്റെ ദിനങ്ങളിലേക്ക് കടക്കുമ്പോൾ കോട്ടയവും ഫോട്ടോ ഫിനിഷിലേക്ക്. ത്രീകോണ മത്സരത്തിലാണ് കോട്ടയമെങ്കിലും യുഡിഎഫ് സ്ഥാനാർഥി നിർണയത്തിലുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് വൈകിയുണർന്ന ക്യാമ്പ് മറ്റ് രണ്ടു മുന്നണികൾക്കും ഒപ്പമെത്താനുളള പരിശ്രമത്തിലാണ്. ചുമരെഴുത്തിലും ഇതര ഡിജിറ്റൽ പഌറ്റ്‌ഫോമുകളിലും ഇടത് - എൻഡിഎ ക്യാമ്പുകൾക്ക് തുടക്കത്തിൽ മുൻതൂക്കമുണ്ട്. പണം ചെലവഴിച്ചുളള പ്രചാരണമാണ് ഇടതുമുന്നണി നടത്തുന്നതെന്ന ആരോപണം യുഡിഎഫ് ഉയർത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിക്കുള്ളിൽ നിന്നുളള പ്രവർത്തനമാണ് നടത്തുന്നതെന്ന വാദമാണ് യുഡിഎഫിന് വിമർശകർക്കുളളത്. അതിനാൽ അത്ര പൊലിക്കില്ല. ഇത്തരം പണം വാരിയെറിഞ്ഞുളള പ്രചാരണത്തെ കോട്ടയത്തെ ജനം തള്ളിക്കളയുമെന്നും അവർ പറയുന്നു.
കഴിഞ്ഞ രണ്ടു തവണയായി കോട്ടയം യുഡിഎഫിനൊപ്പമാണെങ്കിലും ശബരിമല വിഷയത്തിലുണ്ടാകുന്ന വോട്ട് ചോർച്ച തങ്ങൾക്ക് അനുകൂലമായി മത്സരം തിരിക്കുമെന്ന വിശ്വാസമാണ് എൽഡിഎഫിനുളളത്. ഇടതുമുന്നണി സ്ഥാനാർഥി വിഎൻ വാസവൻ മണ്ഡല പര്യടനത്തിന്റെ ആദ്യഘട്ടം ഏറെക്കുറെ പൂർത്തിയാക്കിക്കഴിഞ്ഞു.
എൻഡിഎ സ്ഥാനാർഥി പിസി തോമസും. യുഡിഎഫിന്റെ കേരള കോൺഗ്രസ് എം സ്ഥാനാർഥി തോമസ് ചാഴിക്കാടനും മണ്ഡല പര്യടനത്തിലാണ്. കേരള കോൺഗ്രസ് ക്യാമ്പിന് ആവേശം പകരാൻ യുഡിഎഫിന്റെ എല്ലാ നേതാക്കളും മണ്ഡലത്തിലെത്തുന്നുണ്ട്. കെ.എം മാണിയുടെ അസാന്നിധ്യത്തിൽ പ്രചാരണത്തിൽ ചാഴിക്കാടനൊപ്പം പരമാവധി ദിവസം ചെലവഴിക്കാനാണ് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുടെ പരിപാടി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യ ഘട്ട പര്യടനം പൂർത്തിയാക്കി. എ. കെ ആന്റണിയും എത്തും. രാഹുൽ ഗാന്ധിയിൽ കോൺഗ്രസ് ജില്ലാ ഘടകവും കേരള കോൺഗ്രസും ഒരുപോലെ സമർദം ചെലുത്തുണ്ട്. അയൽമണ്ഡലമായ പത്തനംതിട്ടയിൽ 15 നു വരുമെന്ന് ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ രാഹുലിന്റെ വരവിന്റെ കാര്യത്തിൽ സംശയമുണ്ട്.
എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിലെത്തിയതോടെ കോൺഗ്രസിന്റെ സംസ്ഥാന - ദേശീയ നേതാക്കളുടെ ഷെഡ്യൂൾ ആകെ മാറി. വയനാട്ടിൽ ഏറെ ദിനം ചെലവഴിക്കണം. ഇത് തങ്ങളുടെ പ്രചാരണത്തെ ബാധിക്കാതിരിക്കാനുളള നീക്കത്തിലാണ് യുഡിഎഫ്. ഇടതുമുന്നണിക്കായി മുഖ്യമന്ത്രി നേരിട്ട് മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ പൊതുയോഗത്തിൽ പങ്കെടുത്തു. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയും എത്തി. മന്ത്രി സി. രവീന്ദ്രനാഥ് ഇന്നലെ മണ്ഡലത്തിൽ പര്യടനം നടത്തി. മന്ത്രി ജി. സുധാകരൻ, സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് എന്നിവർ മണ്ഡലത്തിലേക്കു വരുന്നുണ്ട്.
എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന കേരള കോൺഗ്രസിലെ പിസി തോമസ് പ്രചാരണത്തിലെ ഓരോ ഘട്ടത്തിലും നേരിട്ടുളള നിരീക്ഷണമാണ് നടത്തുന്നത്. ആറു വട്ടം മൂവാറ്റുപുഴയിൽ നിന്നും ലോക്‌സഭയിലെത്തിയ പിസി തോമസിന് തെരഞ്ഞെടുപ്പ് മെഷിനറിയുടെ ചലനം ഹൃദിസ്ഥം. എങ്കിലും നാമനിർദേശ പത്രികാ സമർപ്പണ വേളയിൽ ഉണ്ടായ ചില സാങ്കേതിക പിശകുകൾ എൻഡിഎ ക്യാമ്പിനെ ആശങ്കയിലാക്കിയിരുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് ഡിജിറ്റൽ ഓൺലൈൻ പ്രചാരണത്തിന്റെ എല്ലാ സാധ്യതകളും ഇടതുമുന്നണി പ്രയോജനപ്പെടുത്തുന്നു. വിഎൻ വാസവനെക്കുറിച്ച് ഇറക്കിയ ഡോക്യുമെന്ററി തന്നെ ഇതിന് തെളിവാണ്. സംവിധായകൻ എൻ. ജയരാജ് അണിയിച്ചൊരുക്കിയ ഇത് എല്ലായിടത്തും എൽഇഡി വാൾ വാഹനങ്ങളിൽ കാണിക്കുന്നുണ്ട്. വരണം വാസവൻ എന്ന ഈ ലഘുചിത്രത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുളളവരുടെ പ്രതികരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുളള ഹൈടെക് പ്രചാരണത്തിലേക്ക് ഇരുമുന്നണികളും എത്തിയിട്ടില്ല.
ശബരിമല വിഷയവും ചർച്ചയാകുമെന്നാണ് എല്ലാ മുന്നണികളുടെയും പ്രതീക്ഷ. ഇതിലുണ്ടാകുന്ന വോട്ട് വ്യതിയാനത്തിലാണ് കണക്കുകൂട്ടലുകൾ. എൻഡിഎ സ്ഥാനാർഥി വിജയിക്കില്ലെന്നും പരമാവധി ഒന്നര ലക്ഷം വരെ വോട്ടു നേടുമെന്നും ഇത് എൽഡിഎഫിന് വിജയ പാതയൊരുക്കുമെന്നുമാണ് സിപിഎം കേന്ദ്രങ്ങളുടെ വിശ്വാസം.
കഴിഞ്ഞ തവണ ജോസ് കെ മാണി നേടിയ 1.26 ലക്ഷം വോട്ട് ഭൂരിപക്ഷം മറികടക്കാൻ വഴി തേടിയ ഇടതുമുന്നണിക്ക് ശബരിമല വിഷയത്തിലാണ് പ്രതീക്ഷ. മാണി ഗ്രൂപ്പിലെ സ്ഥാനാർഥി വിഷയത്തിലുളള ഭിന്നതയിലുളള വോട്ടുകളും ശബരിമല വിഷയത്തിൽ ഹിന്ദു വോട്ടുകളും തോമസിലേക്ക് നീങ്ങിയാൽ വാസവന് നിഷ്പ്രയാസം വിജയിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ രാഹുൽ ഗാന്ധിയുടെ വരവ്
ഈ വിശ്വാസത്തിൽ ഇടിവ് വരുത്തിയിട്ടുണ്ട്. കേരളത്തിൽ പരമാവധി സീറ്റ് എന്ന ലക്ഷ്യം യുപിഎയ്ക്കുളളതിനാൽ കോൺഗ്രസ് വോട്ടുകൾ ചോരില്ലെന്നാണ് കേരള കോൺഗ്രസ് എം ക്യാമ്പ് വിശ്വാസം.
കൂടാതെ ശബരിമല വിഷയത്തിൽ ഇടതുമുന്നണിക്കെതിരെ പ്രതിഷേധിക്കുന്ന വിശ്വാസികളുടെ വോട്ടും ചർച്ച് ആക്ടിലെ പ്രതിഷേധവും തങ്ങൾക്ക് സുഗമമായ പാതയൊരുക്കുമെന്നാണ് വലത് മുന്നണിയുടെ വിശ്വാസം. അതേ സമയം കോട്ടയത്തിന്റെ പുത്രനായ പിസി തോമസ് കക്ഷി രാഷ്ട്രീയത്തിനതീതമായി വിജയിച്ച ചരിത്രമാണുളളതെന്നും അത് ആവർത്തിക്കുമെന്നുമാണ് എൻഡിഎ പ്രതീക്ഷ. മൂവാറ്റുപുഴയിൽ ഇരുമുന്നണികൾക്കുമെതിരെ പിസി തോമസ് വിജയിച്ച ചരിത്രം അവർ ആത്മവിശ്വാസത്തോടെ ചൂണ്ടിക്കാട്ടുന്നു.
ഹിന്ദു വോട്ടുകൾക്കു പുറമെ നിഷ്പക്ഷ വോട്ടുകളും കണ്ണുവെയ്ക്കുന്ന പിസി തോമസ് ഫഌക്‌സുകളിലും പോസ്റ്ററിലും മോഡിയെ ഉയർത്തിക്കാട്ടുന്നില്ലെന്ന പരാതിയുണ്ട്. അയൽമണ്ഡലമായ പത്തനംതിട്ടയിൽ സുരേന്ദ്രന്റെ പ്രചാരണത്തിനായി ബിജെപി -ആർഎസ്എസ് നേതാക്കൾ പോയതിനാൽ തോമസിനൊപ്പം സാന്നിധ്യം കുറവാണെന്ന പരാതിയുമുണ്ട്. എൻ.ഡി.എ. സ്ഥാനാർഥി പി.സി. തോമസിനായി ഏതൊക്കെ ദേശീയ നേതാക്കൾ എത്തുമെന്ന കാര്യത്തിൽ ഇന്നു തീരുമാനമാകും. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ്‌സിംഗ്, സുഷമ സ്വരാജ് എന്നിവർ മണ്ഡലത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരെ എത്തിക്കാനുള്ള തീവ്രശ്രമങ്ങൾ ബി.ജെ.പി ജില്ലാ ഘടകം നടത്തുന്നുണ്ട്.