Sorry, you need to enable JavaScript to visit this website.

വിമാന ഇന്ധന നികുതി കുറവ്; നിരക്കിളവ് പ്രതീക്ഷിച്ച് യാത്രക്കാർ 

കൊണ്ടോട്ടി - ആഭ്യന്തര സെക്ടറിൽ സർവീസ് നടത്തുന്ന വിമാന കമ്പനികൾക്ക് വിമാന ഇന്ധന നികുതി കുറച്ചത് വഴി വിമാന ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ. 
കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ആഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങൾക്കാണ് വിമാന ഇന്ധന നികുതി 5 ശതമാനമാക്കി സംസ്ഥാന സർക്കാർ കുറച്ചത്. 29.04 ശതമാനമായിരുന്നു കേരളത്തിലെ വിമാന ഇന്ധന നികുതി. എന്നാൽ ഇതാണ് 5 ശതമാനമാക്കി കുറച്ചത്.
പുതിയ വിമാനത്താവളമായ കണ്ണൂരിന് 10 വർഷത്തേക്ക് സംസ്ഥാന സർക്കാർ വിമാന ഇന്ധന നികുതി ഒരു ശതമാനമാക്കിയിരുന്നു. ഇതോടെ കരിപ്പൂരിൽ സ്‌പൈസ് ജെറ്റ് ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ വിമാനങ്ങൾ നിർത്തലാക്കി. കൂടുതൽ ആഭ്യന്തര സർവീസുകൾ പിൻവലിയുമെന്നായതോടെ വിവിധ രാഷ്ട്രീയ സംഘടനകളും എം.പിമാരും എൽ.എമാരും മലബാർ ഡെവലപ്‌മെന്റ് ഫോറം ഉൾപ്പെടെയുളള സംഘടനകളും രംഗത്തു വന്നതോടെ പ്രതിഷേധം ശക്തമായി. പിന്നീട് നിയമസഭയിലും പ്രശ്‌നം യു.ഡി.എഫ് ഉന്നയിച്ചതോടെയാണ് സർക്കാർ 5 ശതമാനമായി ഇന്ധന നികുതി കുറച്ചത്. 
വിമാന ഇന്ധന നികുതിയിൽ വലിയ ലാഭമാണ് ഇതുവഴി വിമാന കമ്പനികൾക്ക് നേടാനാവുക. കരിപ്പൂരിൽ നിന്ന് മുബൈയിലേക്ക് ഒരു വിമാനം പറന്നാൽ ശരാശരി 6300 ലിറ്റർ ഇന്ധനം നിറക്കണം. 
വിമാന ഇന്ധന നിരക്ക് നിലവിൽ 61 രൂപയാണ്. ഇതുവഴി 3,84,300 രൂപയാണ് നൽകേണ്ടത്. ഇതിൽ 19,215 രൂപ ഇന്ധന നികുതി നൽകിയാൽ മതി. എന്നാൽ നേരത്തെ 1,11,600 രൂപ നൽകേണ്ടിയിരുന്നു. 92,385 രൂപയാണ് ഒറ്റയടിക്ക് ലാഭമുണ്ടായത്.
ഇന്ധന നികുതി വഴി ലഭിക്കുന്ന ലാഭം വിമാന ടിക്കറ്റ് നിരക്കിൽ കുറച്ച് നൽകിയാൽ കേരളത്തിൽ നിന്നുളള ആഭ്യന്തര സെക്ടറിൽ യാത്രക്കാർ ക്രമാതീതമായി വർധിക്കും. കൂടുതൽ വിമാനങ്ങളും വിവിധ സെക്ടറിൽ സർവീസിനെത്തും. വിമാന യാത്ര കൂലിയിൽ ഇളവ് വേണമെന്ന് യാത്രക്കാരും ആവശ്യപ്പെടുന്നുണ്ട്.

 

Latest News