Sorry, you need to enable JavaScript to visit this website.

അഞ്ചു വർഷത്തിനിടെ പ്രവാസി വോട്ടർമാരിൽ അഞ്ചിരട്ടിയിലേറെ വർധന 


കൊണ്ടോട്ടി - സംസ്ഥാനത്ത് പ്രവാസി വോട്ടർമാരിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അഞ്ചിരട്ടിയിലേറെ വർധന. 2014 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 12,653 പേരായിരുന്നു പ്രവാസി വോട്ടർമാരുണ്ടായിരുന്നത്. എന്നാൽ ഈ വർഷം പ്രവാസി വോട്ടർമാരുടെ എണ്ണം 73,308 ആയി ഉയർന്നു. കഴിഞ്ഞ ജനുവരി 30 വരെ 66,584 പ്രവാസി വോട്ടർമാർ വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ വോട്ടേഴ്‌സ് ലിസ്റ്റിൽ കയറാൻ രണ്ട് മാസം കൂടി സമയം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചതോടെ 6724 പേർ കൂടി ലിസ്റ്റിൽ ഉൾപ്പെട്ട് 73,308 ലെത്തി. പ്രവാസി വോട്ടർമാരിൽ നാലായിരത്തോളം പേർ സ്ത്രീകളാണ്.
ഇന്ത്യയിൽ 1.3 കോടി പേർ പ്രവാസികളാണ്. ഇവരിൽ 92 ശതമാനം പ്രവാസി വോട്ടർമാരുള്ളതും കേരളത്തിലാണ്. എന്നാൽ വിദേശ രാജ്യങ്ങളിരുന്ന് വോട്ട് രേഖപ്പെടുത്താനുളള അനുമതി ലഭിക്കാത്തതിനാൽ ഭൂരിഭാഗം പേരും വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. 
വോട്ടുളളവർ പാസ്‌പോർട്ടുമായി നേരിട്ട് നാട്ടിലെത്തി വോട്ട് ചെയ്യണമെന്നാണ് നിബന്ധന. വിമാന ടിക്കറ്റ് നിരക്കിന്റെ വർധനവും തൊഴിലിടങ്ങളിൽ നിന്ന് സമയത്തിന് അവധി ലഭിക്കാത്തതും പ്രാവസികൾക്ക് വോട്ട് ചെയ്യാൻ നാട്ടിലെത്തുക പ്രയാസകരമാണ്.
2018 ഒക്‌ടോബറിലാണ് പ്രവാസികൾക്ക് വോട്ടു ചെയ്യാൻ അനുമതി നൽകിയുള്ള ബിൽ ലോക്‌സഭ പാസാക്കിയത്. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സംഘടനകൾ വിദേശത്ത് ജനകീയ ഓൺലൈൻ വോട്ടർമാരെ ചേർക്കൽ നടത്തിയിരുന്നു. എന്നാൽ രാജ്യസഭ ചർച്ചക്കെടുക്കാതെ വന്നതോടെ ഇത് അസ്ഥാനത്തായി. പുതിയ ലോക്‌സഭ ചേർന്ന് വീണ്ടും പ്രാവസി വോട്ട് ബില്ല് പാസാക്കി രാജ്യസഭ ചർച്ച ചെയ്ത് അംഗീകരിച്ചാൽ മാത്രമേ പ്രവാസി വോട്ടിന് അംഗീകാരം ലഭിക്കുകയുളളൂ.
ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത 80,000 ഓളം പ്രവാസി വോട്ടർമാരിൽ ഭൂരിഭാഗവും കേരളത്തിലുളളവരാണ്. 2018 ഒക്ടോബർ മുതൽ 2019 ജനുവരി വരെ നാലു മാസത്തിനുള്ളിൽ 40,000 ത്തിൽ കൂടുതൽ വിദേശത്തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ പരിശോധന നടത്താൻ അധികൃതർ വൈകിയതോടെ ഭൂരിഭാഗം പേരും തളളപ്പെട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നിർണായക പങ്ക് വഹിക്കുന്ന പ്രവാസികൾക്ക് വോട്ട് ചെയ്യാനുളള അനുമതിയില്ലെന്നുളളത് ഏറെ വിരോധാഭാസമാണെന്ന് പ്രവാസികൾ പറയുന്നു.

Latest News