തിരൂർ - മുസ്‌ലിം ലീഗുമായി ഇടഞ്ഞ് പൊൻമുണ്ടം പഞ്ചായത്തിൽ വർഷങ്ങളായി ഇടതുമുന്നണിക്കൊപ്പം പ്രവർത്തിക്കുന്ന കോൺഗ്രസുകാർ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മനഃസാക്ഷി വോട്ട് ചെയ്യും. ഇത്തവണ ഇടതുമുന്നണിയെ പിന്തുണക്കേണ്ടതില്ലെന്നും പ്രവർത്തകർക്ക് മനഃസാക്ഷി വോട്ടു ചെയ്യാമെന്നും തീരുമാനമെടുത്തതായി പഞ്ചായത്തിലെ കോൺഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മുസ്‌ലിം ലീഗുമായുള്ള ഭിന്നതയെ പഞ്ചായത്തിൽ യു.ഡി.എഫ് സംവിധാനം അംഗീകരിക്കാതെ ഒരു വിഭാഗം കോൺഗ്രസുകാർ വർഷങ്ങളായി ഇടതുമുന്നണിയുമായി സഹകരിച്ച് വരികയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ്, സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് എന്നിവയിലെല്ലാം ഇവർ ഇടതുപക്ഷത്തെയാണ് പിന്തുണച്ചത്. എന്നാൽ സി.പി.എമ്മിന്റെ സമീപനത്തിൽ പ്രതിഷേധിച്ചാണ് ഇത്തവണ ഇടതുമുന്നണിയുമായി അകലുന്നത്. വെള്ളിയാഴ്ച വൈകിട്ട് വൈലത്തൂരിൽ ചേർന്ന കൺവെൻഷനിൽ ഉയർന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ ഇടതുമുന്നണിക്കു വേണ്ടി പ്രവർത്തിക്കേണ്ടതില്ലെന്നും മനഃസാക്ഷി വോട്ടെന്ന നിലപാടെടുത്തതെന്നും നേതാക്കൾ പറഞ്ഞു. 500 ൽ അധികം പ്രവർത്തകർ പങ്കെടുത്ത കൺവെൻഷനിൽ പ്രത്യേകം തയാറാക്കി നൽകിയ ഫോമിലൂടെയും പരസ്യമായ അഭിപ്രായ പ്രകടനത്തിലൂടെയുമാണ് നിലപാട് രൂപപ്പെടുത്തിയത്.
ഇടതുമുന്നണിക്കെതിരെ ശക്തമായ എതിർപ്പുകളാണ് യോഗത്തിൽ ഉണ്ടായത്. കൺവെൻഷനു ശേഷം വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും ചേർന്ന എക്‌സിക്യൂട്ടീവ് യോഗമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എടുക്കേണ്ട നിലപാട് തീരുമാനിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂർ നിയോജക മണ്ഡലത്തിലെ പ്രകടന പത്രിക തയാറാക്കുന്ന സമയത്ത് സി.പി.എം. പൊൻമുണ്ടത്തെ കോ ൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിനു ശേഷം വികസന കാര്യങ്ങളിൽ സർക്കാർ പിന്തുണച്ചില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പൊൻമുണ്ടം ബൈപാസ് അനിശ്ചിതത്വം നീങ്ങിയില്ല, പൊൻമുണ്ടം സ്‌കൂൾ സ്ഥലമേറ്റെടുക്കൽ എങ്ങുമെത്തിയില്ല, സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വഞ്ചനാപരമായ സമീപനം സ്വീകരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് സി.പി.എമ്മിനെതിരെ ഇപ്പോൾ പ്രധാനമായും ഉയർത്തുന്നത്.
ഇരുമുന്നണികളും വഞ്ചനാപരമായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ സമാന മനസ്‌കരായ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് രാഷ്ട്രീയ പ്ലാറ്റ്‌ഫോം നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് രൂപീകരിക്കുമെന്നും അവർ പറഞ്ഞു. മാതൃസംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്കു തിരിച്ചു പോകുന്നത് സംബന്ധിച്ചു അഭിപ്രായം ഉയർന്നതായും കെ.പി.സി.സി നേതാക്കൾ തങ്ങളുമായി ചർച്ച നടത്തിയതായും നേതാക്കളായ ഇ. ബാവ, എൻ.ആർ ബാവു, ഇ.കെ സലാം, എൻ. അബുട്ടി എന്നിവർ പറഞ്ഞു.